Monday
25 Jun 2018

നിശബ്ദമാക്കപ്പെട്ടത് വിയോജിപ്പിന്റെയും എതിര്‍പ്പിന്റെയും മറ്റൊരു ശബ്ദം

By: Web Desk | Thursday 7 September 2017 1:11 AM IST

രാജാജി മാത്യു തോമസ്

വിയോജിപ്പിന്റെയും എതിര്‍പ്പിന്റെയും മറ്റൊരു ശബ്ദംകൂടി നിശബ്ദമാക്കപ്പെട്ടിരിക്കുന്നു. പ്രമുഖ കര്‍ണാടക പത്രപ്രവര്‍ത്തകയും എഴുത്തുകാരിയും സാമൂഹ്യ – രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തോട് വ്യാപകമായ ആദ്യ പ്രതികരണം അങ്ങനെയായിരുന്നു. ഭൂരിപക്ഷ വര്‍ഗീയതയും അതിന്റെ തണലില്‍ തഴച്ചുവളരുന്ന അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ഉയരുന്ന എതിര്‍പ്പും ചെറുത്തുനില്‍പ്പും അടിച്ചമര്‍ത്താന്‍ രാജ്യത്ത് ശക്തിപ്രാപിക്കുന്ന അസഹിഷ്ണുതയുടെയും ഉന്മൂലനത്തിന്റെയും സംസ്‌കാരമാണ് ഗൗരി ലങ്കേഷിന്റെ കാര്യത്തിലും ആവര്‍ത്തിച്ചിരിക്കുന്നത്.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ ഐ ജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘ (എസ്‌ഐടി)ത്തിന് രൂപം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകികളെ പിടികൂടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രിയും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രൊഫ. കല്‍ബുര്‍ഗിയുടെ കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണം ഇനിയും എവിടെയും എത്താതെ വഴിമുട്ടിനില്‍ക്കെ കര്‍ണാടക സര്‍ക്കാരിന്റെ അത്തരം പ്രഖ്യാപനത്തെ മുഖവിലയ്‌ക്കെടുക്കുക പ്രയാസകരമാണ്. മഹാരാഷ്ട്രയില്‍ അതിനുമുമ്പ് സമാനരീതിയില്‍ കൊലചെയ്യപ്പെട്ട നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകത്തെപ്പറ്റിയുള്ള അന്വേഷണവും ഇനിയും എവിടെയും എത്തിച്ചേര്‍ന്നിട്ടില്ല. ഇതെല്ലാം ഈ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഒരേ ശക്തികളാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്ന സംശയം ബലപ്പെടുത്തുന്നു. അവരാകട്ടെ അതിപ്രബലരുടെ പിന്‍ബലത്തിലും സംരക്ഷണയിലുമാണ് പ്രവര്‍ത്തിക്കുന്നതെന്നുവേണം കരുതാന്‍.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ അന്വേഷണം ആരംഭിക്കും മുമ്പ് അന്വേഷണം ദുര്‍ബലപ്പെടുത്താനും തിരിച്ചുവിടാനും ആശയക്കുഴപ്പം സൃഷ്ടിക്കാനും ചില കേന്ദ്രങ്ങളില്‍ നിന്നും ബോധപൂര്‍വം ശ്രമം ആരംഭിച്ചുകഴിഞ്ഞു. ധബോല്‍ക്കറുടെയും പന്‍സാരയുടെയും കല്‍ബുര്‍ഗിയുടെയും വധത്തില്‍ കുറ്റവാളികളെ കണ്ടെത്താനും അവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് വിചാരണ ചെയ്യാനും ഗണ്യമായ സംഭാവനകള്‍ ഒന്നും തന്നെ ഇതിനകം സിബിഐ അടക്കം കേന്ദ്ര ഏജന്‍സികളില്‍ നിന്നും ഉണ്ടായിട്ടില്ല. വസ്തുത അതായിരിക്കെ അന്വേഷണം സിബിഐക്ക് വിടണമെന്ന വാദവുമായി കേന്ദ്രമന്ത്രിയും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ ഡി വി സദാനന്ദ ഗൗഡ രംഗത്തുവന്നത് കൗതുകമുണര്‍ത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലെ പൊലീസിന്റെ കഴിവുകേടിന്റെയും ക്രമസമാധാന തകര്‍ച്ചയുടെയും പേരിലാണ് സദാനന്ദ ഗൗഡ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സമാനമായ രീതിയില്‍ ഗൗരിയും അവരുടെ സഹോദരന്‍ ഇന്ദ്രജിത്തും ഉള്‍പ്പെട്ട കുടുംബ തര്‍ക്കമാണ് കൊലപാതക കാരണമെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവുമായി ബിജെപി എം പി സുബ്രഹ്മണ്യസ്വാമിയും രംഗത്തുവന്നിട്ടുണ്ട്. ഇത്തരം അനവസരത്തിലുള്ള ഇടപെടലുകള്‍ അത് ഉന്നയിക്കുന്ന ശക്തികളുടെ ഉദ്ദേശശുദ്ധിയില്‍ത്തന്നെ സംശയം ഉണര്‍ത്താന്‍ മതിയായവയാണ്.
ഗൗരി ലങ്കേഷിന്റെ ജീവിതവും അവരുടെ നിലപാടുകളും തുറന്ന പുസ്തകമാണ്. ബംഗളൂരുവിന്റെയും കര്‍ണാടകത്തിന്റെയും സാമൂഹ്യ രാഷ്ട്രീയരംഗത്തും രാജ്യത്തും വളര്‍ന്നുവരുന്ന ഭൂരിപക്ഷ വര്‍ഗീയതയ്ക്കും അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വ ആശയങ്ങള്‍ക്കും എതിരെ കരുത്തുറ്റ ചെറുത്തുനില്‍പ്പാണ് അവര്‍ നടത്തിപ്പോരുന്നത്. അവര്‍ പത്രാധിപരായ ഗൗരി ലങ്കേഷ് പത്രികയിലും അവര്‍ ഇതര പ്രസിദ്ധീകരണങ്ങള്‍ക്ക് നല്‍കിയിരുന്ന പംക്തികളിലും വിട്ടുവീഴ്ച കൂടാതെ മൂര്‍ച്ചയേറിയ നിലപാടാണ് അവലംബിച്ചിരുന്നത്. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ മുന്‍നിരയിലാണ് അവര്‍ നിലയുറപ്പിച്ചിരുന്നത്.
ധര്‍വാര്‍ഡില്‍ നിന്നുള്ള ബിജെപി എം പി പ്രഹ്‌ളാദ് ജോഷി, ബിജെപി നേതാവ് ഉമേഷ് ദുഷി എന്നിവരുടെ വര്‍ഗീയതയിലധിഷ്ഠിതമായ കുറ്റകൃത്യങ്ങളെ തുറന്നുകാട്ടി തന്റെ പത്രത്തില്‍ അവര്‍ 2016 നവംബറില്‍ എഴുതിയ ലേഖനം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. അവര്‍ നല്‍കിയ ക്രിമിനല്‍ മാനഷ്ടക്കേസില്‍ ഗൗരിയെ ആറുമാസത്തെ തടവിനും പിഴയ്ക്കും ശിക്ഷിച്ചിരുന്നു. ആ കേസില്‍ ഗൗരി അന്നുതന്നെ ജാമ്യം നേടിയിരുന്നു. അതൊന്നും ഹിന്ദുത്വ ശക്തികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം തുടരുന്നതില്‍ നിന്നും അവരെ പിന്തിരിപ്പിച്ചില്ല. ഗൗരി ലങ്കേഷ് പത്രികയുടെ ഇന്നലെ പുറത്തിറങ്ങേണ്ടിയിരുന്ന ഏറ്റവും പുതിയ ലക്കം മുന്‍ കര്‍ണാടക മുഖ്യമന്ത്രി യദ്യൂരപ്പയ്‌ക്കെതിരായ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന ലേഖനങ്ങളുമായാണ് തയ്യാറായതെന്ന് ഇതിനകം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ഗൗരിയുടെ ധീരമായ പത്രപ്രവര്‍ത്തന ശൈലിയേയും അവരുടെ ലേഖനങ്ങളുടെ മൂര്‍ച്ചയേയും കര്‍ണാടക സംഘ്പരിവാറും യാഥാസ്ഥിതിക രാഷ്ട്രീയ, വ്യാവസായിക, ബിസിനസ് വൃത്തങ്ങളും ഏറെ ഭയപ്പാടോടെയാണ് നോക്കിക്കണ്ടിരുന്നത് എന്നും അവരുടെ സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
രാജ്യത്താകെ വളര്‍ന്നുവരുന്ന ഭൂരിപക്ഷ വര്‍ഗീയതയേയും അസഹിഷ്ണുതയുടെ രാഷ്ട്രീയത്തേയും നിശിതമായി എതിര്‍ത്തിരുന്ന ഗൗരി ലങ്കേഷ് ബംഗളൂരുവിലും കര്‍ണാടകത്തില്‍ പൊതുവിലും അതിനെതിരായ ചെറുത്തുനില്‍പ്പിന്റെ ശക്തികള്‍ക്ക് പിന്തുണയും അഭയകേന്ദ്രവുമായിരുന്നു. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ നേതാവായിരുന്ന കനയ്യകുമാറിനും ഗുജറാത്തിലെ ദളിത് മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന ജിഗ്നേഷ് മേവാനിക്കും ബംഗളൂരിലെ അവരുടെ വസതി ആഥിത്യം നല്‍കിയിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ ബംഗളൂരുവില്‍ ഗൗരി നേതൃത്വവും നല്‍കിയിരുന്നു. തീവ്രവാദത്തിന്റെ പിടിയിലമര്‍ന്ന മാവോയിസ്റ്റുകളെ മുഖ്യധാരാ രാഷ്ട്രീയത്തിലേയ്ക്കും സാമൂഹ്യ ജീവിതത്തിലേയ്ക്കും തിരികെ കൊണ്ടുവരാന്‍ കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാരിന് അവര്‍ പിന്തുണ നല്‍കിയിരുന്നതായി മുഖ്യമന്ത്രിതന്നെ വെളിപ്പെടുത്തുകയുണ്ടായി.
ഗൗരി ലങ്കേഷിന്റെ കൊലപാതകം പുരോഗതിയുടെയും യുക്തിചിന്തയുടെയും മാനവസ്‌നേഹത്തിന്റെയും ഒരു ധീരശബ്ദത്തെയാണ് നിശബ്ദമാക്കിയിരിക്കുന്നത്. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഇരുട്ടിന്റെ ശക്തികളെയും അതിന്റെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെയും തുറന്നുകാട്ടാന്‍ ഭരണകൂടത്തിനും സമൂഹത്തിനും ബാധ്യതയും ഉത്തരവാദിത്വവുമുണ്ട്. സ്വതന്ത്രവും നിര്‍ഭയവുമായ ഒരു സമൂഹത്തിന്റെ നിലനില്‍പ്പിനും മതനിരപേക്ഷ ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിനും കുറ്റവാളികളെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്. രാജ്യവും സംസ്ഥാനവും ഭരിക്കുന്നവര്‍ ആ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സന്നദ്ധമാവണം. അതല്ലാത്തപക്ഷം രാജ്യം തള്ളിനീക്കപ്പെടുക അരാജകത്വത്തിന്റെയും ഫാസിസത്തിന്റെയും ഇരുണ്ട ദിനങ്ങളിലേയ്ക്കായിരിക്കും.

Related News