Thursday
22 Feb 2018

ഗൗരി ലങ്കേഷ് കൊലപാതകം : പൊതുജന സഹായം തേടി പൊലിസ്‌

By: Web Desk | Friday 8 September 2017 12:53 PM IST

ബംഗളൂരു:

ബംഗളൂരു: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലയാളികളെ കണ്ടെത്താന്‍ പ്രത്യേക അന്വഷണസംഘം പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചു. സംഭവം നടന്ന് മൂന്നു ദിവസം പിന്നിട്ടിട്ടും പൊലിസ് ഇരുട്ടില്‍ തപ്പുകയാണ്. ഈ പശ്ചാത്തലത്തിലാണ് പൊലിസ് പൊതുജന സഹായം അഭ്യര്‍ത്ഥിച്ചത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍  ബംഗളൂരു നിവാസികള്‍ക്ക് ഫോണ്‍ നമ്പരും (09480800202) ഇമെയില്‍ ഐഡിയും (sit.glankesh@ksp.gov.in)  കൊടുത്തു.

ചൊവ്വാഴ്ച രാത്രി ബംഗളൂരുവിലെ വീട്ടിലെ വാതില്‍പ്പടിയിലാണ് ഗൗരി ലങ്കേഷ് വെടിയേറ്റു വീണത്. കറുത്ത ജാക്കറ്റും ഹെല്‍മെറ്റും ധരിച്ച ഒരാള്‍ ഗൗരിയെ വെടിയുതിര്‍ത്തത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

സുഹൃത്തുക്കളും മാധ്യമപ്രവര്‍ത്തകരുമടക്കമുള്ളവരെ  പൊലിസ് ചോദ്യം ചെയ്തു. ഞായറാഴ്ച ആരോ ഒരാള്‍ വീടിനടുത്ത് പതുങ്ങി നില്‍പ്പുണ്ടായിരുന്നെന്ന് ഗൗരിയുടെ സഹോദരിയും സിനിമ നിര്‍മ്മാതാവുമായ കവിതാ ലങ്കേഷ് പറഞ്ഞു. കൊലപാതകം നടന്ന രാത്രി വീടിനുള്ളില്‍ കയറിയപ്പോള്‍ ആ ഭാഗത്ത് പ്രകാശം ഉണ്ടായിരുന്നെന്നും കൊലയാളിയെ ക്യാമറയിലൂടെ എളുപ്പം തിരിച്ചറിയാന്‍ സാധിക്കുമെന്ന്‌ സഹോദരന്‍ ഇന്ദ്രജിത്ത് പറഞ്ഞു.

ഹെല്‍മെറ്റ് ധരിച്ച കൊലയാളിയെ തിരിച്ചറിയുകയെന്നത്‌ ഏറെ ശ്രമകരമായിരിക്കുമെന്ന്‌ പൊലിസ് അറിയിച്ചു .  ജനസാന്ദ്രത കുറഞ്ഞ വെസ്റ്റ് ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലാണ് ഗൗരി താമസിച്ചിരുന്നത്. അതുകൊണ്ടു തന്നെ ദൃക്‌സാക്ഷികള്‍ കുറവായിരിക്കുമെന്ന് പൊലിസ് പറഞ്ഞു. ഗൗരിയെ വെടിയുതിര്‍ക്കുന്ന സമയത്ത് പടക്കം പൊട്ടിക്കുന്നതായിരിക്കുമെന്നു കരുതിയെന്നാണ് അയല്‍വാസികളുടെ മൊഴി.