Sunday
24 Sep 2017

ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്ത്യയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളി; കാനം രാജേന്ദ്രന്‍

By: Web Desk | Wednesday 6 September 2017 1:06 PM IST

തിരുവനന്തപുരം:

ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്ത്യയുടെ ജനാധിപത്യ സ്വാതന്ത്ര്യത്തിനു നേരെയുള്ള വെല്ലുവിളിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. എം എം കല്‍ബുര്‍ഗി, ഗേവിന്ദ് പന്‍സാരെ തുടങ്ങിയവരുടെ വധത്തിലൂടെ നല്‍കപ്പെട്ട മുന്നറിയിപ്പുകള്‍ ഗൗനിക്കാതെ പോയതിന്റെ ദുരന്തഫലമാണ് ഇപ്പോഴത്തെ കൊലപാതകം. ഈ സംഭവങ്ങളില്‍ പ്രതികളെ പിടികൂടാന്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും സാധിച്ചില്ലെന്നത് കോടതികളുടെ പോലും വിമര്‍ശനത്തിന് വിധേയമായിരുന്നു.
ഗൗരി ലങ്കേഷിന്റെ കൊലപാതകികളെ ഉടന്‍ കണ്ടെത്തി അര്‍ഹിക്കുന്ന ശിക്ഷ ലഭ്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കാനം ആവശ്യപ്പെട്ടു. ഈ കൊലപാതകത്തിനെതിരെ ഉയര്‍ന്നുവരുന്ന മാധ്യമ പ്രവര്‍ത്തകരുടേത് അടക്കമുള്ള എല്ലാ പ്രതിഷേധങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിന്റെ ഐക്യദാര്‍ഢ്യവും പിന്തുണയും കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചു.