Sunday
24 Sep 2017

ഗൗരി ലങ്കേഷ് വധം ;25 കന്നട എഴുത്തുകാര്‍ക്ക് സുരക്ഷ

By: Web Desk | Saturday 9 September 2017 10:30 PM IST

ഗൗരി ലങ്കേഷ് വധിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക പൊലീസ് ഇന്റലിജന്‍സ് വിഭാഗത്തിന്‌റെ നിര്‍ദ്ദേശപ്രകാരം 25ല്‍പരം എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തി. ഗിരീഷ് കര്‍ണാട്,ബറഗുര്‍രാമചന്ദ്രപ്പ,കെ എസ് ഭാര്‍ഗവന്‍, യോഗേഷ് മാസ്റ്റര്‍, ബാനര്ജി ജയപ്രകാശ്, പട്ടില്‍ പുട്ടപ്പ,ചെന്നവീര കണ്ണവി,നടരാജ് ഹുലിയര്‍,ചന്ദ്രശേഖര്‍ പാട്ടില്‍ തുടങ്ങിയര്‍ ഇതില്‍പെടും. ഇതില്‍ പലര്‍ക്കും പല സമയങ്ങളില്‍ ഭീഷണി നേരിട്ടവരോ അക്രമികള്‍ ലക്ഷ്യമിടാന് സാധ്യതയുള്ളവരോ ആണെന്ന് പൊലീസ് പറയുന്നു. അതിനിടെ ഗൗരിലങ്കേഷിനെ കൊലപ്പെടുത്തിയവരെപ്പറ്റി വ്ക്തമായ സൂചനലഭിച്ചുവെന്നും എന്നാല്‍ വിശദവിവരങ്ങള്‍ ഇപ്പോള്‍ പറയാനാവില്ലെന്നും
ആഭ്യന്തരമന്ത്രി രാമലിംഗറെഡിപറഞ്ഞു
. ലഭിച്ച വിവരങ്ങളോ, പ്രതിയെ കുറിച്ചുള്ള സൂചനയോ ഇപ്പോള്‍ പുറത്ത് വിടാനാകില്ല.അന്വേഷണം തൃപ്തികരമാണെന്നും റെഡ്ഡി പറഞ്ഞു.
ഗൗരി ലങ്കേഷ് വധം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ നേരത്തെ വിപുലീകരിച്ചിരുന്നു. രണ്ട് ഇന്‍സ്‌പെക്ടര്‍മാരടക്കം 44 പേരെയാണ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ അന്വേഷണ സംഘത്തിലെ അംഗങ്ങളുടെ എണ്ണം 65 ആയി. നേരത്തെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് വിശ്വ ഹിന്ദു പരീഷത്ത് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷസംഘത്തെ വിപുലീകരിച്ചിരിക്കുന്നത്. സംഘപരിവാര്‍ ഭീഷണിയുള്ള സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷ സര്‍ധിപ്പിക്കാനും കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് വീടിന് മുമ്പില്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം ജനങ്ങളുടെ സഹായം തേടിയിരുന്നു. കര്‍ണാടക ആഭ്യന്തര മന്ത്രാലയം കൊലയാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികമാണ് പ്രഖ്യാപിച്ചത്. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന കിട്ടാത്ത സാഹചര്യത്തിലാണ് ഇന്റലിജന്‍സ് ഐജി ബികെ സിങിന്റെ നേതൃത്വത്തിലുള്ള സംഘം ജനങ്ങളില്‍ നിന്ന് വിവരശേഖരണത്തിന് മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവും പ്രസിദ്ധീകരിച്ചത്.

Related News