Wednesday
22 Nov 2017

ഗൗരിലങ്കേഷ് കര്‍ണാടക രാഷ്ട്രീയത്തിലെയും വ്യവസായത്തിലെയും വന്‍ കള്ളക്കളികള്‍ സംബന്ധിച്ച വിവരം പുറത്തുവിടാനിരുന്നതായി സൂചന

By: Web Desk | Wednesday 6 September 2017 10:10 PM IST

കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷ് കര്‍ണാടക രാഷ്ട്രീയത്തിലെയും വ്യവസായത്തിലെയും വന്‍ കള്ളക്കളികള്‍ സംബന്ധിച്ച വിവരം പുറത്തുവിടാനിരുന്നതായി സുഹൃത്തുക്കള്‍ വെളിപ്പെടുത്തുന്നു. അടുത്തിടെ നടത്തിയ ന്യൂഡെല്‍ഹി ട്രിപ്പിനിടെയാണ് അവര്‍ നിര്‍ണായകമായ ചിലവിവരങ്ങള്‍ തന്റെ പക്കലുണ്ടെന്ന് സുഹൃത്തുക്കളോട് സൂചിപ്പിച്ചത്. അവര്‍ സത്യമായും നിശബ്ദയാക്കപ്പെട്ടതാണ് എന്ന് അടുത്ത സുഹൃത്തുക്കള്‍ വിശ്വസിക്കുന്നു. താന്‍ വെളിപ്പെടുത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുമെന്നും ഒരു പത്രാധിപരില്‍നിന്നും അതാണ് ലോകം പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞിരുന്നു. ഇന്ത്യയുടെ മതേതരത്വത്തിനെതിരെ നടക്കുന്ന വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ അവര്‍ വല്ലാതെ അസ്വസഥയായിരുന്നുവെന്നും പറയുന്നുണ്ട്.
കൊലയാളികള്‍ ഗൗരിലങ്കേഷിനെ ഏറെ നാളായി പിന്തുടര്‍ന്നിരുന്നുവെന്നും അവരെ വെറുതേ ഫോണില്‍ വിളിച്ചിരുന്നുവെന്നും സൂചനയുണ്ട്. ഗൗരിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ വളരെ നിര്‍ണായകമാണ്. വെടിവച്ചവരെപ്പറ്റിയും പുറത്തു കാത്തുകിടന്ന വാഹനത്തെപ്പറ്റിയും ഈ ദൃശ്യങ്ങളില്‍ സൂചനയുണ്ട്. ഗൗരിയെ അക്രകമികള്‍ പിന്തുടരുന്നതിന്റെ വിവരവും ലഭിച്ചിട്ടുണ്ട്.
അതേസമയം ഇടതുപക്ഷ ചായ്്വുള്ള പത്രപ്രവര്‍ത്തക വലതുപക്ഷരാഷ്ട്രീയത്തെ നിരന്തരം വാക്കുകളാല്‍ പ്രഹരിച്ചിരുന്നു. സ്വന്തം പത്രത്തില്‍ കൂടി മാത്രമല്ല ചാനല്‍ ചര്‍ച്ചകളിലും അവര്‍ ആര്‍എസ്എസിനെയും ബിജെപിയേയും സംഘപരിവാര്‍ അജണ്ടകളേയും അടിമുടി എതിര്‍ത്തിരുന്നു.
കരുത്തയായ മാധ്യമപ്രവര്‍ത്തകയെ ദാരുണമായി കൊലപ്പെടുത്തിയ സംഭവം രാഷ്ട്രീയ വിഭാഗീയ പകപോക്കലുകളഉടെ വേദിയാക്കാതെ യഥാര്‍ഥകുറ്റവാളികളെ നിയമത്തിനുമുന്നിലെത്തിക്കണമെന്ന ആവശ്യമാണ് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിലൂടെ പത്രപ്രവര്‍ത്തകര്‍ മുന്നോട്ടുവയ്ക്കുന്നത്.