Thursday
20 Sep 2018

ഗൗരിയും ഗുരുവായൂരപ്പനും

By: Web Desk | Sunday 10 December 2017 1:59 AM IST

വടക്കടം സുകുമാരന്‍
(ഗുരുവായൂരിലെ പ്രസിദ്ധമായ ആനയോട്ടത്തില്‍ ഒരിക്കല്‍ ‘ഗൗരി’ എന്ന പിടിയാന ജയിച്ചു. ഒന്നാമതെത്തുന്ന ആനയ്ക്കാണ് ഭഗവാന്റെ തിടമ്പേറ്റാനുള്ള അവകാശം. പക്ഷേ ഗൗരി ജയിച്ചപ്പോള്‍ ഈ കീഴ്‌വഴക്കം ലംഘിക്കപ്പെട്ടു. പെണ്ണായിപ്പോയി എന്നതുകൊണ്ട് അവള്‍ക്ക് ആ അവകാശം നിഷേധിക്കുകയായിരുന്നു. തിടമ്പെഴുന്നള്ളിക്കാനുള്ള അവസരം നല്‍കിയതാകട്ടെ അവളോട് പരാജയപ്പെട്ട കൊമ്പനും. പെണ്ണായതുകൊണ്ട് ജയിച്ചിട്ടും തോക്കുന്നു. ആണായതുകൊണ്ട് തോറ്റിട്ടും ജയിക്കുന്നു. ഈ അനീതിക്കും അവഗണയ്ക്കും എതിരെയുള്ള ഗൗരിയുടെ പ്രതിഷേധമാണ് കവിത.)

കണ്ണാ! നിന്‍മുന്നിലെത്തിയില്ലേ- ഓടി
ഒന്നാമതായി നീ കണ്ടതില്ലേ?
വമ്പുനടിച്ചോരുകൊമ്പന്മാരെ മുന്നില്‍
കൊമ്പുകുത്തിച്ചതും കണ്ടതല്ലേ?
എന്നിട്ടുമെന്തേ തിടമ്പേറ്റാതെന്നെ
പെണ്ണെന്നു പുച്ഛിച്ചു നീ തഴഞ്ഞു?

ഓട്ടത്തിലൊന്നാമതെത്തുവോരല്ലോ
പണ്ടേപൊന്‍തിടമ്പേറ്റുന്നു.
വാതില്‍ ജയിച്ചു ഞാന്‍ വന്നപ്പോഴോ
വാക്കുപാലിക്കാതെ വാദങ്ങള്‍!
വാതാലയേശാ! കരുണാകരാ! -നിന്റെ
വാഗ്ദാനലംഘനമെത്ര കഷ്ടം!

പെണ്ണുജയിച്ചപ്പോള്‍ കണ്ണുമടച്ചതു
കണ്ടില്ലെന്നു നടിക്കുന്നു കൃഷ്ണന്‍!
പിടി ജയിച്ചീടില്‍ തിടമ്പേറ്റേണ്ടെന്നു
തടയിട്ടതേതൊരു വേദാന്തം?
വേദപ്രമാണങ്ങള്‍ ചൊല്ലി പ്രമാണിമാര്‍
പെണ്ണിന്നു കൂച്ചുവിലങ്ങിടുമ്പോള്‍
ഏതും വിലക്കാതെ വേദവിത്തേവീണ്ടും
കള്ളയുറക്കം നടിക്കുന്നുവോ?

നാരിക്ക് സ്വാതന്ത്ര്യം വേണ്ടെന്നു കല്‍പ്പിച്ച
നാരായണാ നിന്റെ കുന്നായ്മകള്‍
വേദമെന്നോതിയ പുരുഷഗര്‍വ്വത്തിന്‍
സൂത്രങ്ങളെല്ലാമറിഞ്ഞു ഞങ്ങള്‍
കള്ളച്ചിരിയാലൊതുക്കാതെ കാര്യങ്ങള്‍
ഉള്ളുതുറന്നു നീ ചൊല്ലാമോ?
ഉള്ളില്‍ കുറുകും കുറുമ്പാല്‍ കറുത്തിട്ടും
കള്ളത്തരങ്ങള്‍ നീ മാറ്റിയല്ലേ?

രാധയെപ്പോലെ ഞാന്‍ കണ്ണീരൊലിപ്പിച്ചു
കാരുണ്യം തേടുവോളല്ല കണ്ണാ
മീരയെപ്പോല്‍ നിന്റെ പാദം പണിയുന്ന
ഭ്രാന്തിയാം ഭക്തയുമല്ല കണ്ണാ
കണ്ണീരിന്‍ മകളല്ല, സഹനത്തിന്‍ ധരയല്ല,
ചപലവേദാന്തത്തിന്‍ സഖിയുമല്ല.
നെറികേടു ചെയ്‌വതു കൃഷ്ണനാണെങ്കിലും
അരുതരുതെന്നുരയ്ക്കുന്ന പെണ്ണാണുഞാന്‍.

മറുവാക്കുമുട്ടിനീ മൗനം ഭജിക്കിലും
പടിയെനിക്കെതിരേ അടച്ചിടീലും
ഒരുകാര്യമോര്‍മ്മിക്കൂ മുരളീധരായിനി
വരുമാണ്ടിലും നിന്റെ നടയില്‍ വരും
ഒരുകോടി ഭക്തരില്‍ ഒരുവളാകാനല്ല
കപടന്യായങ്ങള്‍തന്‍ കൊടിയിറക്കാന്‍
അതിനായായുരാരോഗ്യ സൗഖ്യമേകാന്‍ നിന്റെ
നടയില്‍ നാരായണാ കുമ്പിടുന്നേന്‍!