Wednesday
21 Nov 2018

സ്ത്രീ-പുരുഷ തുലനം 135 വര്‍ഷങ്ങള്‍ക്ക് മുന്‍പ്

By: Web Desk | Thursday 23 November 2017 11:03 PM IST

മാനസി എന്ന എഴുത്തുകാരിയിലൂടെ താരാബായ് ശിന്ദെ എന്ന മറാഠി എഴുത്തുകാരി മൊഴിമാറ്റം ചെയ്യപ്പെടുന്നത്
സ്ഥലകാലങ്ങള്‍ക്കപ്പുറത്ത് സംവേദിക്കപ്പെടുന്നു.
വിവര്‍ത്തകയായ മാനസിയുടെ പേരിനോടൊപ്പം ആമുഖവും
പഠനങ്ങളും എഴുതിയവരുടെ പേരുകൂടി പ്രാധാന്യത്തോടെ
പുറം ചട്ടയില്‍ അച്ചടിച്ചുകാണുന്നതു പതിവില്ലാത്തതും
വിചിത്രവുമായി തോന്നുന്നു. പുതിയകാലത്തെ
കച്ചവടതന്ത്രങ്ങളാവാം. അതുകൊണ്ട് മാനസിയുടെ
ഉദ്യമത്തിന്റെ പ്രാധാന്യം കുറയുന്നുമില്ല

ഗീതാഞ്ജലി കൃഷ്ണന്‍

1882 ലാണ് താരാബായ് ശിന്ദെ ‘ സ്ത്രീ പുരുഷ തുലനം ‘ എന്ന ഈ പ്രബന്ധം എഴുതി പ്രസിദ്ധീകരിക്കുന്നത്. മഹാരാഷ്ട്രയിലെ ഒരു കുലീന കുടുംബാംഗമായിരുന്ന അവര്‍ രചിച്ച ഈ കൃതി, ലിംഗനീതിയെക്കുറിച്ചു പരാമര്‍ശിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുസ്തകമാണ്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസമോ അക്ഷരജ്ഞാനമോ ഇല്ലാത്ത അക്കാലത്ത് പുരാണങ്ങളേയും അന്നത്തെ സാമൂഹ്യാവസ്ഥകളേയും വിമര്‍ശിച്ചുകൊണ്ടുള്ള ഈ കൃതി മറാഠിയില്‍ നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി നമുക്കു പരിചയപ്പെടുത്തിയത് പ്രസിദ്ധ ചെറുകഥാകൃത്തായ മാനസിയാണ്. മാനസി ഈ പ്രയത്‌നത്തിനു അളവറ്റ അഭിനന്ദനം അര്‍ഹിക്കുന്നു. മാനസി എന്ന എഴുത്തുകാരിയിലൂടെ താരാബായ് ശിന്ദെ എന്ന് എഴുത്തുകാരി മൊഴിമാറ്റം ചെയ്യപ്പെടുന്നത് സ്ഥലകാലങ്ങള്‍ക്കപ്പുറത്ത് സംവേദിക്കപ്പെടുന്നു എന്നതിലുപരി, പി ഗീത ഇതിലെ പഠനത്തില്‍ പറഞ്ഞതുപോലെ, ‘സ്ത്രീയുടെ തലയുയര്‍ത്തിപ്പിടിക്കുന്ന’ അഭിമാനമുയര്‍ത്തുന്ന പ്രവര്‍ത്തി തന്നെയാണ്. സ്ത്രീയുടെ പ്രണയത്തെപ്പറ്റി അഭിമാനത്തോടെ പ്രസ്താവിക്കുന്നു താരാബായ്. സ്ത്രീയുടെ മനസ് ഒരു പുരുഷനില്‍ ഉറച്ചുപോയാല്‍ ഉറച്ചതു തന്നെ എന്നും സ്വന്തം പ്രാണനെക്കാള്‍ അവള്‍ ആ പുരുഷനെ സ്‌നേഹിക്കും എന്നും താരാബായ് സമര്‍ഥിക്കുന്നു.
ഡി സി ബുക്‌സാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. (ജൂലായ് 2017). വിവര്‍ത്തകയായ മാനസിയുടെ പേരിനോടൊപ്പം ആമുഖവും പഠനങ്ങളും എഴുതിയവരുടെ പേരുകൂടി പ്രാധാന്യത്തോടെ പുറം ചട്ടയില്‍ അച്ചടിച്ചുകാണുന്നതു പതിവില്ലാത്തതും വിചിത്രവുമായി തോന്നുന്നു. പുതിയകാലത്തെ കച്ചവടതന്ത്രങ്ങളാവാം. അതുകൊണ്ട് മാനസിയുടെ ഉദ്യമത്തിന്റെ പ്രാധാന്യം കുറയുന്നുമില്ല. ഓ ചന്തുമേനോന്റെ ഇന്ദുലേഖയുടെ ആദ്യപതിപ്പില്‍ നിന്ന് കുറേ അവസാനഭാഗങ്ങള്‍ വെട്ടിമാറ്റിയാണ് പില്‍കാല പതിപ്പുകള്‍ ഇറങ്ങിയതെന്നും, മാറ്റിയ ഭാഗം സ്ത്രീവിദ്യാഭ്യാസത്തെക്കുറിച്ചുള്ളതാണെന്നും കണ്ടെത്തിയ പി കെ രാജശേഖരനാണ് ഈ മൊഴിമാറ്റത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. രാജശേഖരന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങളും വിശകലനങ്ങളും ഈ കൃതിയുടെ പ്രാധാന്യം വിളിച്ചുകാട്ടുന്നതു തന്നെ. അനേകം മറ്റു കുറിപ്പുകളാലും പി ഗീത, ജെ ദേവിക എന്നിവരുടെ പഠനങ്ങളാലും ഇന്ത്യയിലെ, ലോകത്തിലെ തന്നെ സ്ത്രീപക്ഷചിന്താഗതിയിലെ ഒരു നാഴികക്കല്ലാണ് ഈ പുസ്തകം. വിസ്താരഭയം കൊണ്ട് അതൊന്നും ഇവിടെ പരാമര്‍ശിക്കുന്നില്ല. താരാബായിയുടെ രചന, അതുവായിച്ച എല്ലാവരെയും അത്ഭുതപ്പെടുത്തിയതുപോലെ പുസ്തകം എന്നെയും, നിങ്ങളേയും അത്ഭുതപ്പെടുത്തും.
സ്ത്രീപക്ഷ ചിന്തകള്‍ക്ക് ലോകത്തെ സംബന്ധിച്ചും കേരളത്തെ സംബന്ധിച്ചും 1880 കള്‍ പ്രധാനപ്പെട്ടതാണ്. 1884 ലാണ് ‘കുടുംബം സ്വകാര്യസ്വത്ത് ഭരണകൂടം’ എന്ന ഫ്രഡറിക് ഏംഗല്‍സ് രചന പുറത്തുവരുന്നത്. സ്ത്രീകളുടെ പിന്നാക്കവസ്ഥക്കു കാരണം സ്വകാര്യസ്വത്തും, അതേതുടര്‍ന്നുള്ള പിതൃദായക്രമവുമാണെന്ന് ഏംഗല്‍സ് ഈ ക്ലാസിക് രചനയില്‍ സമര്‍ഥിക്കുന്നുണ്ട്. ഭരണകൂടം സ്വകാര്യസ്വത്തിന്റേയും വ്യവസ്ഥിതിയുടേയും സംരക്ഷണമാണ് ഏറ്റെടുത്തിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. ചരിത്രത്തിലെ നിര്‍ണ്ണായക ഘടകമായി വര്‍ത്തിക്കുന്നത് പ്രത്യക്ഷജീവിതത്തിലെ ഉല്‍പാദനപ്രത്യുല്‍പ്പാദന പ്രക്രിയകളാണ്. ഒരുവശത്ത് ആഹാരം, പാര്‍പ്പിടം, വസ്ത്രം തുടങ്ങിയ ജീവസന്ധാരണോപാധികളുടേയും മറുവശത്ത് മനുഷ്യജീവികളുടെ ഉല്‍പാദനവുമാണ്. ഈ രണ്ടു ഉത്പാദനപ്രക്രിയകളെയും മെരുക്കുക എന്നത് അധികാരത്തിനും സ്വകാര്യസ്വത്തിനും നിലനില്‍ക്കാന്‍ ആവശ്യവുമാണ്. (ശ്രീനാരായണഗുരു അരുവിപ്പുറത്തു ശിവനെ പ്രതിഷ്ടിച്ചതും 1887ലാണ്.)
സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം കൊടുത്ത ഇന്ദുലേഖ എന്ന മലയാളനോവല്‍ 1889 ലാണു പുറത്തുവരുന്നത്. അതായത്, ലോകത്ത് പലയിടത്തും പുരോഗമനേശ്ചുക്കള്‍ സ്ത്രീകള്‍ക്കുവേണ്ടി ചിന്തിച്ചു തുടങ്ങിയ ഒരു കാലഘട്ടത്തിലാണ് താരാബായി ശിന്ദേ ഈ ലഘുപുസ്തകം രചിച്ചത് എന്നു മനസ്സിലാക്കാം. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടുകയും ബ്രിട്ടീഷുകാരനു വേണ്ടി ജോലിചെയ്യുകയും പലതിലും അവരെ അനുകരിക്കുകയും ചെയ്യുന്ന ഇന്ത്യാക്കാര്‍ക്ക് അവരുടെ പല പരിഷ്‌ക്കാരങ്ങളും സാമൂഹ്യ ജീവിതത്തില്‍ അനുകരിക്കാന്‍ പ്രയാസമാണ് എന്ന് താരാബായ് പരിഹസിക്കുന്നു. ഇന്ത്യയില്‍ സ്ത്രീ വിദ്യാഭ്യാസവും, സതി നിര്‍ത്തലാക്കല്‍ തുടങ്ങിയ പരിഷ്‌ക്കാരങ്ങളും കൊണ്ടുവന്ന ബ്രിട്ടീഷ് സര്‍ക്കാര്‍ നിലനില്‍ക്കണേ എന്ന് അവര്‍ ആഗ്രഹിക്കുന്നു.
ഇന്നു പരക്കെ വീക്ഷിക്കപ്പെടുന്ന തരത്തില്‍പെട്ട ഒരു ഫെമിനിസ്റ്റ് അല്ല താരാബായ് ശിന്ദെ. (1850-1910). ഇതെഴുതുമ്പോള്‍ അവര്‍ വിവാഹിതയും ഏകദേശം 30 വയസുള്ളവരുമാണെന്ന് അനുമാനിക്കാം. മറാഠി നവോഥാന നായകനായിരുന്ന ജോതിറാവു ഫൂലെയുടെ ‘സത്യശോധക് സമാജില്‍’ അവര്‍ അംഗമായിരുന്നു. ഗര്‍ഭിണികളായ വിധവകളെയും അവരുടെ അനാഥശിശുക്കളേയും സംരക്ഷിക്കുകയും അവരുടെ കുട്ടികള്‍ക്ക് വേണ്ടത്ര സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയുമായിരുന്നു ഈ സമാജത്തിന്റെ ചുമതല. സാധാരണ വീട്ടില്‍ സംസാരിക്കുന്ന മറാഠിയിലാണ് എഴുതുന്നതെങ്കിലും, വിദ്യാസമ്പന്നയും പുരോഗമനേശ്ചുവും, ലോകപരിചയവുമുള്ള ഒരു സ്ത്രീയെ ആ എഴുത്തില്‍ നമുക്കു കാണാം. മറാഠിയും അത്യാവശ്യം ഇംഗ്ലീഷും സംസ്‌കൃതവും അവര്‍ക്കു അറിയാമായിരുന്നു. യുക്തിസഹമായ ചോദ്യങ്ങള്‍കൊണ്ട് അവര്‍ യാഥാസ്ഥിതികരായ പുരുഷന്മാരെ ചൊടിപ്പിച്ചിരിക്കണം. ഇത്രക്ക് വിപ്ലവകരമായ ഒരു പുസ്തകം ഒരു പരാമര്‍ശം മാത്രം സൃഷ്ടിച്ചുകൊണ്ട് തമസിലാണ്ടുപോയി എന്നതും, അടുത്ത പതിപ്പ് 90 വര്‍ഷങ്ങള്‍ക്കു ശേഷം 1975 ലാണ് ഇറങ്ങുന്നത് എന്നതും ഇത്തരം ചിന്തകളോടുള്ള സമൂഹത്തിന്റെ വൈമുഖ്യത്തെ സൂചിപ്പിക്കുന്നു. ജോതിറാവു ഫൂലേയുടെ സുഹൃത്തായിരുന്നു താരാബായിയുടെ അച്ഛന്‍, ഹരി ബായ് ശിന്ദെ. മഹാരാഷ്ട്രയിലെ ബുള്‍ഠാണാ ജില്ലയിലാണ് അവര്‍ ജീവിച്ചിരുന്നത്. തന്റെ നാല് ആണ്‍മക്കള്‍ക്കൊപ്പം താരാബായിക്കും വിദ്യാഭ്യാസം അദ്ദേഹം നല്‍കി. നാട്ടുനടപ്പനുസരിച്ച് വീടുവിട്ടുപോകാതെ താരാബായി പകരം വിവാഹശേഷം, പിതൃഗൃഹത്തില്‍ തന്നെ താമസിച്ചു.
അക്കാലത്ത് സൂററ്റില്‍, അവിഹിതഗര്‍ഭം ധരിച്ച വിജയലക്ഷ്മി എന്നൊരു ബ്രാഹ്മണ വിധവയെ, തന്റെ പിഞ്ചുകുഞ്ഞിനെ പ്രസവിച്ച ഉടനേ കൊന്നു കുപ്പയിലിട്ടതിന്റെ പേരില്‍ സെഷന്‍സ് കോടതി വധശിക്ഷക്കു വിധിച്ചു. ആ സംഭവത്തെ ശരിവച്ചുകൊണ്ട് യാഥാസ്ഥിതികരും അന്നത്തെ പത്രങ്ങളും ന്യായാന്യായങ്ങളെപറ്റി ചര്‍ച്ച നടത്തുകയും ചെയ്തു. പത്രങ്ങളുടെ ഇടപെടല്‍ അതിനെ നാടുകടത്തലായി ചുരുക്കി. ഈ ചര്‍ച്ചകളുടെ പ്രതികരണമെന്ന നിലയിലാണ് ‘സ്ത്രീ പുരുഷ തുലനം’ എന്ന 52 പേജുള്ള ഈ ‘നിബന്ധം’ താരാബായ് പ്രസിദ്ധപ്പെടുത്തുന്നത്. ഒന്‍പത് അണയായിരുന്നു അതിന്റെ വില. കേരളത്തിലും, ഇന്ത്യയിലെ പലയിടങ്ങളിലും ബ്രാഹ്മണവിധവകളുടേ ജീവിതം നരകതുല്യമായിരുന്നു. മറ്റുള്ള താഴ്ന്ന ജാതിക്കാരുടെയിടയില്‍ അതത്ര കഠിനമായില്ലെങ്കിലും ബ്രാഹ്മണരുടെ ആചാരങ്ങള്‍ അനുകരിക്കുന്നത് സാമൂഹ്യശ്രേണിയില്‍ ഉയര്‍ന്നുനില്‍ക്കാനുള്ള വ്യഗ്രതയില്‍ പ്രകടമായിരുന്നു. മറാത്തകള്‍ക്ക് വിധവാ വിവാഹം നിഷിദ്ധമല്ല. എന്നാല്‍ കുലീനത്വവും സമ്പന്നതയും പ്രകടിപ്പിക്കാന്‍ സ്ത്രീകളെ അടക്കി ചങ്ങലക്കിടുന്ന സമ്പ്രദായം അവര്‍ പ്രകടിപ്പിച്ചതാണ് താരാബായിയെ ചൊടിപ്പിച്ചത്. പുരുഷന്മാര്‍ സ്ത്രീകളില്‍ ആരോപിക്കുന്ന ഒന്‍പതു കുറ്റങ്ങളെയാണ് താരാബായ് ശിന്ദെ എതിര്‍ക്കുന്നത്.
1. സ്ത്രീകള്‍ കളവുചെയ്യുന്നവരാണ്
2. സ്ത്രീകള്‍ ചപലകളാണ്
3. വിഷയഭോഗങ്ങളുടെയും ലൈംഗികാസക്തിയുടേയും കേദാരമാണ്
4. ചിന്താഹീനരും വീണ്ടുവിചാരമില്ലാത്തവരുമാണ്
5. സകല ദോഷങ്ങളുടെയും കലവറയാണ് സ്ത്രീ
6. കാപട്യക്കാരാണ്
7. ദുര്‍ഗ്ഗുണങ്ങളുടെ ഇരിപ്പിടമാണ്
8. സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി തടയുന്നവരാണ്
9. ചതിയുടെ ചഷകമാണു സ്ത്രീകള്‍
ഈ കുറ്റങ്ങളെല്ലാം അതിലധികമായ അളവില്‍ പുരുഷന്മാരിലും കാണുന്നു എന്നവര്‍ സമര്‍ഥിക്കുന്നു. 1856 ല്‍ ത്തന്നെ ഇന്ത്യയില്‍ ഹിന്ദു വിധവാവിവാഹം നിയമസാധുതയുള്ള ഒന്നായിരുന്നു എന്ന് ചരിത്രം പറയുന്നു. സതി നിര്‍ത്തലാക്കിയതും വിധവാവിവാഹം പ്രോത്സാഹിപ്പിച്ചതുമൊക്കെ ചരിത്രവും ബ്രിട്ടീഷ് ഭരണത്തിന്റെ നല്ല വശങ്ങളും. അന്ന് വിധവകളെക്കാള്‍ മെച്ചപ്പെട്ട ജീവിതസാഹചര്യം വേശ്യകള്‍ക്കുണ്ടായിരുന്നത്രേ. വിധവകള്‍ ആരാലെങ്കിലുമൊക്കെ വേഴ്ചയിലേര്‍പ്പെട്ട് വേശ്യാവൃത്തിയില്‍ എത്തുമായിരുന്നത്രേ. ‘അല്ലാതെ വേശ്യകള്‍ ജനിച്ചുവരുന്ന പ്രത്യേകം കാടുകളോ പാറമടകളോ ഇല്ലെന്ന്’ താരാബായി പറയുന്നു. കന്യാദാനം നടന്നില്ലെങ്കില്‍ മാതാപിതാക്കള്‍ക്ക് സ്വര്‍ഗം കിട്ടില്ല എന്ന വിശ്വാസം ഉള്ളതുകൊണ്ട് ഏതെങ്കിലുമൊരു വൃദ്ധനു കുമാരികളെയും യുവതികളേയും വിവാഹം കഴിച്ചുകൊടുക്കുന്ന ഇന്ത്യന്‍ബ്രാഹ്മണ പാരമ്പര്യം. ഭര്‍ത്താവിന്റെ മരണശേഷം ആ കുമാരി വിധവയായി ജീവിക്കണം. അതിനെയും അവര്‍ വിമര്‍ശിക്കുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഒരു സ്ത്രീ ഇത്രയധികള്‍കം ചിന്തിച്ചു എന്നും അതെഴുതാന്‍ ധൈര്യം കാട്ടി എന്നതും ആദരിക്കപ്പെടേണ്ടതാണ്. യൂറോപ്പില്‍ സ്ത്രീവാദികളായ സീമോണ്‍ ദ ബൊവ്വാറും , വിര്‍ജീനിയാ വൂള്‍ഫുമൊക്കെ എഴുതിയത് ഇനിയും ദശാബ്ദങ്ങള്‍ക്കു ശേഷമാണ്. തന്റെ സഹോദരിമാരായ എല്ലാ സ്ത്രീകളുടേയും അഭിമാനം സംരക്ഷിക്കാനാണ് സ്ത്രീ-പുരുഷ തുലനം എന്ന പുസ്തകം രചിച്ചതെന്ന് അവര്‍ പറയുന്നുണ്ട്. ഇത്രക്ക് പ്രസക്തമായ കൃതി മലയാളത്തിനു സമ്മാനിച്ചതില്‍ മാനസിക്കും അഭിമാനിക്കാം.

ഗീതാഞ്ജലി കൃഷ്ണന്‍

Related News