Monday
15 Oct 2018

തീരനൈപുണ്യ: സ്ത്രീശാക്തീകരണത്തിന്റെ സിഎംഎഫ്ആർഐ മാതൃക

By: Web Desk | Sunday 17 September 2017 7:44 PM IST

കൊച്ചി: മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന തീരനൈപുണ്യ പദ്ധതി ശ്രദ്ധേയമാകുന്നു. തൊഴിൽ, ഉപരിപഠനം, വ്യക്തിത്വ വികസനം തുടങ്ങിയ മേഖലകളിൽ മത്സ്യത്തൊഴിലാളി വനിതാ സഹായക സംഘത്തിന്റെ (സാഫ്) സഹകരണത്തോടെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തുന്ന ബഹുമുഖ പരിശീലന പദ്ധതിയാണ് തീരനൈപുണ്യ.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾക്കായി രണ്ട് മാസം സ്റ്റൈപ്പന്റോട് കൂടിയാണ് പരിശീലനം. ആദ്യത്തെ ഒരുമാസം ക്ലാസ്സ് റൂം പരിശീലനവും അടുത്ത ഒരു മാസം അനുബന്ധ തൊഴിൽ സ്ഥാപനങ്ങളിൽ  തൊഴിൽ പരിശീലനവുമാണ്. അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ മേഖലകൾ തിരിച്ചറിയാനും തൊഴിൽ ലഭ്യമാക്കാനും വനിതകളെ പരിശീലിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കൂടാതെ, ഉന്നത വിദ്യാഭ്യാസം നേടുന്നതിനും കോഴ്‌സുകൾ തിരഞ്ഞെടുക്കുന്നതിനും സഹായം നൽകുന്നുണ്ട്. ഇതിനു പുറമെ, സംരംഭകത്വം, വ്യക്തിത്വ വികസനം, നേതൃത്വ പാടവം, ആശയവിനിമയം, മത്സരപരീക്ഷ പരിജ്ഞാനം തുടങ്ങിയ മേഖലകളിലും തീരനൈപുണ്യ പദ്ധതിയിൽ പരിശീലനം നൽകി വരുന്നു.
ഇതുവരെ മൂന്ന് ബാച്ചുകളാണ് തീരനൈപുണ്യ പദ്ധതിയുടെ കീഴിൽ സിഎംഎഫ്ആർഐയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയത്. കഴിഞ്ഞ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള തീരനൈപുണ്യ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ 35 പേരാണ് സിഎംഎഫ്ആർഐയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയത്. ക്ലാസ്സ് റൂം പരിശീലനത്തിന് ശേഷം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആശുപത്രി, ബിസിനസ് സംരഭങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇവർക്ക് പരിശീലനം നൽകി.
തൊഴിൽ നേടാനും സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കാനുമുതകുന്ന രീതിയിൽ കഴിവുകൾ വികസിപ്പിക്കുന്ന തരത്തിലാണ് പരിശീലന പരിപാടി സംവിധാനിച്ചിട്ടുള്ളത്.  രണ്ട് മാസത്തെ പരിശീലനം പൂർത്തിയാക്കിയതിന് ശേഷവും തുടർപ്രവർത്തനങ്ങളിലും തൊഴിലന്വേഷണങ്ങളിലും പദ്ധതിയിൽ പങ്കാളികളായവർക്ക് സിഎംഎഫ്ആർഐ സഹായം നൽകിവരുന്നുണ്ട്.  മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്താൻ വനിതകളുടെ ശാക്തീകരണം അനിവാര്യമാണെന്നതിനാലാണ് സിഎംഎഫ്ആർഐ തീരനൈപുണ്യ പരിശീലന പരിപാടി നടപ്പിലാക്കി വരുന്നതെന്ന് ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ പറഞ്ഞു.
Related News