Tuesday
19 Sep 2017

വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണം: വയോമിത്രം പദ്ധതി ശ്രദ്ധേയമാകുന്നു

By: Web Desk | Monday 11 September 2017 9:33 PM IST

ഡാലിയ ജേക്കബ്
ആലപ്പുഴ: വയോജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനായി കേരളസാമൂഹിക സുരക്ഷാമിഷന്‍ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതി ശ്രദ്ധേയമാകുന്നു. 65 വയസിനുമുകളില്‍ പ്രായമുള്ളവര്‍ക്കു വേണ്ടിയാണ് സംസ്ഥാനത്തെ നഗരസഭകളില്‍ വയോമിത്രം പദ്ധതി ആരംഭിച്ചത്. മാര്‍ച്ച് മാസത്തോടുകൂടി സംസ്ഥാനത്തെ 93 നഗരസഭകളിലും പദ്ധതിയുടെ സേവനം ലഭ്യമാകും.ഇപ്പോള്‍ സംസ്ഥാനത്തെ 77 നഗരസഭകളിലും 6 കോര്‍പ്പറേഷനുകളിലും വയോമിത്രം പദ്ധതിയുടെ സേവനം ലഭ്യമാകുന്നുണ്ട്. കൂടാതെ ഒരു വര്‍ഷത്തിനുള്ളില്‍ വയോമിത്രം പദ്ധതി സംസ്ഥാനത്തെ എല്ലാപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുവാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. 65 വയസ്സിനുമുകളില്‍ പ്രായമായവര്‍ക്ക് മൊബൈല്‍ ക്ലിനിക്കിനും വൈദ്യസഹായവും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്.
കിടപ്പുരോഗികളുടെ വീടുകളില്‍പ്പോയി പാലിയേറ്റീവ് ഹോം കെയര്‍ പദ്ധതി വഴി നല്‍കുന്നുണ്ട്. വയോജനങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനും തിരിച്ചുകൊണ്ടുവരുന്നതിനും സൗജന്യ ആംബുലന്‍സ് സേവനം പദ്ധതിയിലൂടെ ലഭിക്കും. സംസ്ഥാനത്ത് ഇതുവരെ ഒന്നരലക്ഷത്തിലധികം വയോജനങ്ങള്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2011 ല്‍ അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാരാണ് വയോമിത്രം പദ്ധതിക്ക് തുടക്കം കുറിച്ചത്. അതിനുശേഷം വന്ന യുഡിഎഫ് സര്‍ക്കാര്‍ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും പദ്ധതിക്കുവേണ്ടി ചെയ്തിരുന്നില്ല. വയോമിത്രം പദ്ധതിപ്രകാരം വയോജനങ്ങള്‍ക്ക് മാസത്തില്‍ രണ്ടുതവണ മൊബൈല്‍ ക്ലിനിക്കിന്റെ സേവനം ലഭ്യമാകുന്നുണ്ട്.
നഗരപ്രദേശത്തെ രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്ക് ഒരു ക്ലിനിക്ക് എന്ന രീതിയിലാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നഴ്‌സ്,ഒരു ജൂനീയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരുടെ സേവനം ക്ലിനിക്കില്‍ നിന്ന് ലഭിക്കും. രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള പരിശോധനയും മരുന്നും ഇന്‍സുലിനും സൗജന്യമായി ലഭിക്കും. സാമ്പത്തിക മാനദണ്ഡം വയോമിത്രം പദ്ധതിയില്‍ ചേരുന്നതിന് തടസ്സമല്ലായെന്ന പ്രത്യേകയും ഇതിനുണ്ട്.
നഗരസഭ കൗണ്‍സിലര്‍മാരുടെ സഹകരണത്തോടുകൂടിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൂടാതെ കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍,അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരുടെ സാന്നിദ്ധ്യവും പദ്ധതിയില്‍ ഉണ്ടെന്ന് വയോമിത്രം പ്രോഗ്രാം ഓഫീസര്‍ ഷാജി എസ് പറഞ്ഞു.

Related News