Tuesday
21 Aug 2018

ജര്‍മ്മനി കീരീടം നിലനിര്‍ത്തുമെന്ന് പ്രവചനം

By: Web Desk | Thursday 17 May 2018 11:15 PM IST

ബാസെല്‍: റഷ്യന്‍ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മ്മനി കിരീടം നിലനിര്‍ത്തുമെന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ പ്രമുഖ ബാങ്കായ യുബിഎസിന്റെ പ്രവചനം. ജര്‍മ്മനിതന്നെ ചാമ്പ്യന്‍പട്ടത്തിലെത്തുന്നതിന് 24 ശതമാനം സാധ്യതയാണ് ബാങ്ക് പ്രവചിക്കുന്നത്.
സാധ്യതകളില്‍ രണ്ടാമതുള്ളത് ബ്രസീലാണ്. 19.8 ശതമാനം സാധ്യതയാണ് മഞ്ഞപ്പടയ്ക്കുള്ളത്. സ്‌പെയിന്‍ 16.1 ശതമാനം സാധ്യതകളുമായി മൂന്നാംസ്ഥാനത്താണ്. അപ്രതീക്ഷിതമായി 8.5 ശതമാനം കിരീടസാധ്യതയുമായി ഇംഗ്ലണ്ട് നാലാംസ്ഥാനത്തെത്തി. ലയണല്‍ മെസിയുടെ അര്‍ജന്റീനയ്ക്ക് 4.9 ശതമാനം സാധ്യതകള്‍ മാത്രമേ പഠനം പ്രവചിക്കുന്നുള്ളൂ. ഫ്രാന്‍സിനും ബെല്‍ജിയത്തിനും പിന്നില്‍ ഏഴാമതാണ് അര്‍ജന്റീന.
മോണ്ടി കാര്‍ലോ സിമുലേഷന്‍ ഉപയോഗിച്ച് അപഗ്രഥിച്ചാണ് പ്രവചനം നടത്തിയിരിക്കുന്നതെന്ന് യുബിഎസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫിസര്‍ മാര്‍ക് ഹാഫെലെ പറഞ്ഞു. പതിനായിരത്തോളം വിര്‍ച്വല്‍ ടൂര്‍ണ്ണമെന്റുകള്‍ ഇതിനായി പഠനസംഘംം തയ്യാറാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
മുഹമ്മദ് സാലയുടെ ഈജിപ്ത്, പനാമ, ടുണീഷ്യ, കോസ്റ്റാറിക്ക, സൗദി അറേബ്യ എന്നിവര്‍ക്ക് ഒട്ടും വിജയസാധ്യത ഇല്ലെന്നാണ് പഠനം വ്യക്തമാക്കുന്നത്. ബാങ്കുകള്‍ ലോകകപ്പിലും മറ്റും പ്രവചനം നടത്തുന്നത് ഇതാദ്യമല്ല. എന്നാല്‍ പ്രവചനങ്ങള്‍ തെറ്റിച്ചുകൊണ്ടാണ് വിജയികള്‍ പിറന്നിട്ടുള്ളത്.
ഗോള്‍ഡ്മാന്‍ സാഷെ 2014 ല്‍ ബ്രസീല്‍ ജേതാക്കളാകുമെന്നാണ് പ്രവചിച്ചത്. എന്നാല്‍ സെമിയില്‍ ജര്‍മ്മനിയോട് 7-1 ന് കനത്ത പരാജയത്തോടെ ബ്രസീല്‍ പുറത്തായി. ഈ മത്സരമൊഴികെ മറ്റെല്ലാം തങ്ങളുടെ പ്രവചനം ഫലിച്ചുവെന്നാണ് ബാങ്കിന്റെ അവകാശവാദം. 2016 യൂറോ കപ്പില്‍ ഫ്രാന്‍സ് ജേതാക്കളാകുമെന്ന് ബാങ്ക് പ്രവചിച്ചപ്പോള്‍ ഫൈനലില്‍ ഫ്രഞ്ചുപടയെ തോല്‍പ്പിച്ച് പോര്‍ച്ചുഗല്‍ ജേതാക്കളായി.

Related News