Saturday
18 Nov 2017

രക്ഷകന്റെ ദുരന്ത വിരാമം

By: Web Desk | Tuesday 14 November 2017 10:53 PM IST

സ്വന്തം ലേഖകന്‍

സ്വീഡനോട് ഗോള്‍ രഹിത സമനില വഴങ്ങി റഷ്യന്‍ ലോകകപ്പില്‍ നിന്ന് തങ്ങളുടെ ടീം പുറത്തായതിന് തൊട്ടുപിന്നാലെ വന്ന മറ്റൊരു വാര്‍ത്ത കേട്ട് ഇറ്റാലിയന്‍ ആരാധകര്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളൂം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 39 വയസുകാരനായ ജിയാന്‍ലൂഗി ബഫണ്‍ ബൂട്ടഴിച്ചിരിക്കുന്നു.
20 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിന് ബഫണ്‍ വിരാമം കുറിച്ച് കൊണ്ട് വികാരധീനനായി ആ ഇതിഹാസ താരം പറഞ്ഞു: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ആരാധകരോട് ഞാന്‍ ക്ഷമ ചോദിക്കുന്നു.
175 മത്സരങ്ങളില്‍ ഇറ്റാലിയന്‍ ദേശീയ ടീമിന്റെ ജഴ്‌സി അണിഞ്ഞ ബഫണ്‍ ഈ ടീമിനെ എത്രയോ തവണ കളിക്കളത്തില്‍ രക്ഷപ്പെടുത്തിയ ചരിത്രം കായിക പ്രേമികള്‍ അത്ര പെട്ടെന്ന് മറക്കില്ല.
2006ല്‍ ജര്‍മനിയില്‍ നടന്ന ലോകകപ്പിലാണ് ബഫണിന്റെ ഏറ്റവും ശ്രദ്ധേയ പ്രകടനം. കന്നവാരോയുടെ പ്രതിരോധം ഫ്രാന്‍സിനെതിരേ തകര്‍ന്ന ഘട്ടം. അവസാനത്തെ പ്രതീക്ഷ ബഫണായിരുന്നു. പോസ്റ്റിനരികില്‍ നിന്നു സിദാന്റെ ഹെഡര്‍ ബഫണ്‍ പറന്ന് തട്ടിത്തെറിപ്പിച്ച ബഫണിന്റെ മികവില്‍ അന്ന് ഇറ്റലി ലോകകപ്പ് സ്വന്തമാക്കുകയും ചെയ്തു.
ക്ലബ് ഫുട്‌ബോളിലും ധാരാളം രക്ഷപ്പെടുത്തലുകളിലൂടെ പേര് നേടിയിട്ടുണ്ട് അദ്ദേഹം. യുവന്റസ് താരമായ ബഫണ്‍ കിക്കുകള്‍ കൈപ്പിടിയിലൊതുക്കുകയും ഡൈവിംഗിലൂടെ രക്ഷപ്പെടുത്തുകയും ചെയ്യുന്ന ബഫണ്‍ യുവന്റസിന് നിരവധി കിരീടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
പോസ്‌റിലേക്കു വരുന്ന എതിര്‍കളിക്കാരന്റെ ചലനങ്ങള്‍ സൂക്ഷ്മതയോടെ വീക്ഷിയ്ക്കാന്‍ അസാമാന്യകഴിവുള്ള മനുഷ്യനെയാണ് ലോകത്തെ പ്രമുഖരായ ഫുട്‌ബോള്‍ നിരീക്ഷകര്‍ പലരും ബഫണെ നിരീക്ഷിച്ചിട്ടുള്ളത്.
ലോകത്തിലെ ജീവിച്ചിരിയ്ക്കുന്ന ഏറ്റവും മികച്ച 125 ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളായി പെലെ ബഫണിനെ തിരഞ്ഞെടുത്തിട്ടുണ്ട്.
ഇന്റര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫുട്‌ബോള്‍ ഹിസ്റ്ററി ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ബഫണിനെ ഏറ്റവും മികച്ച ഗോള്‍കീപ്പറായി ആയി നാലു തവണയും 21ാം നൂറ്റാണ്ടിലെ ഗോള്‍കീപ്പറായും തിരഞ്ഞെടുക്കയും ചെയ്തിട്ടുള്ള ഈ ഇതിഹാസ താരം കളിക്കളത്തോട് വിടപറഞ്ഞാലും കാണികളുടെ മനസിന്റെ ഗ്യാലറികളില്‍ അദ്ദേഹത്തിന്റെ വിഖ്യാതമായ സേവുകള്‍ നിറഞ്ഞു നില്‍ക്കും എന്നുറപ്പ്.