Wednesday
19 Sep 2018

ഡക്കോട്ട വിമാനം ഇനി വ്യോമസേനക്ക് സ്വന്തം

By: Web Desk | Tuesday 13 February 2018 8:23 PM IST

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനം നേടിയിട്ടുള്ള ഡക്കോട്ട വിമാനം വീണ്ടും വ്യോമസേനക്ക് സ്വന്തമാകുന്നു. ആറ് വര്‍ഷം നീണ്ട പുനരുദ്ധാരണത്തിനൊടുവിലാണ് യുകെയില്‍ നിന്നും വിമാനം ഇന്ത്യയിലെത്തുന്നത്. ഇനി ഉത്തര്‍പ്രദേശിലെ ഹിന്‍റണ്‍ എയര്‍ബേസിലുള്ള വിമാന ശേഖരത്തില്‍ ഡെക്കോട്ടയും ഉണ്ടാകും. അടുത്തമാസമാകും ഡക്കോട്ട ഇന്ത്യയിലെത്തുക.

രണ്ടാം ലോകമഹായുദ്ധ കാലത്ത് സൈനിക ഗതാഗതത്തിനായി ഉപയോഗിച്ചിരുന്ന ഡക്കോട്ട വിമാനം 1947ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് സുപ്രധാന പങ്കാണ് വഹിച്ചിരുന്നത്. രാജ്യസഭാ എംപിയായ രാജീവ് ചന്ദ്രശേഖറാണ് ഡെക്കോട്ട രാജ്യത്തെ പുരാതന വിമാന ശേഖരത്തിന്‍റെ ഭാഗമാക്കിക്കൊണ്ട് വ്യോമസേന മേധാവി ബി എസ് ധനോവയ്ക്ക് രേഖകള്‍ കൈമാറിയത്.
1930കളിലാണ് ഇന്ത്യന്‍ റോയല്‍ വ്യോമസേനയുടെ 12-ാം സ്വാര്‍ഡണിന്‍റെ ഭാഗമായി ഡെക്കോട്ട രംഗപ്രവേശം ചെയ്യുന്നത്. ലഡാക്കിലും ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലും സുരക്ഷ ഒരുക്കുന്നതില്‍ ഡക്കോട്ട മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. 1947ല്‍ കശ്മീര്‍ താഴ്‌വരയെ സംരക്ഷിക്കുന്നതിലും ഡക്കോട്ട വഹിച്ച പങ്ക് വിസ്മരിക്കാനാകില്ല.

ഇന്ത്യന്‍ വ്യോമസേനാ ചരിത്രത്തിന്‍റെ ഭാഗമായ ഈ വിമാനം പിന്നീട് അയര്‍ലന്‍റില്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. ആക്രിസാധനങ്ങള്‍ക്കൊപ്പം വിറ്റ ഡക്കോട്ടയെ കണ്ടെടുത്ത് പഴയ നിലയിലാക്കിയാണ് ഇന്ത്യയിലേക്കെത്തിക്കുന്നത്. നിലവില്‍ യുകെയിലെ കവന്‍ട്രി എയര്‍ഫീല്‍ഡിലാണ് ഡെക്കോട്ട ഉള്ളത്. ഇവിടെ നിന്നും ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ്, ഈജിപ്ത് ഒമാന്‍ എന്നീ രാജ്യങ്ങളിലൂടെ സഞ്ചരിച്ചാകും ചരിത്ര വിമാനം ഇന്ത്യയിലെത്തുക.