Thursday
18 Jan 2018

പ്രണയം എതിര്‍ത്ത വളര്‍ത്തമ്മയെ 12കാരി കൊലപ്പെടുത്തി

By: Web Desk | Thursday 28 December 2017 4:55 PM IST

ഫത്തേപ്പൂര്‍: പതിനഞ്ച് വയസുകാരനെ പ്രണയിച്ചതിന് വളര്‍ത്തമ്മ തല്ലിയതില്‍ കലിപൂണ്ട പന്ത്രണ്ടുവയസുകാരി വളര്‍ത്തമ്മയെ കൊലപ്പെടുത്തി. കാമുകനായ പതിനഞ്ചുകാരന്റെ സഹായത്തോടെയാണ് 45കാരിയായ വളര്‍ത്തമ്മയെ കൊലപ്പെടുത്തിയത്.

സ്കൂളില്‍ തന്നെക്കാള്‍ മുതിര്‍ന്ന ക്ലാസില്‍ പഠിക്കുന്ന പതിനഞ്ചുകാരനുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. എന്നാല്‍ ആണ്‍കുട്ടിയെ മകള്‍ വീട്ടില്‍ വിളിച്ചുവരുത്തിയത് അമ്മയെ പ്രകോപ്പിച്ചു. പ്രണയത്തെ എതിര്‍ത്ത വളര്‍ത്തമ്മ പെണ്‍കുട്ടിയെ അടിക്കുകയും ചെയ്തു.

ഇതില്‍ കലി പൂണ്ടാണ് പെണ്‍കുട്ടി കാമുകന്റെ സഹായത്തോടെ അമ്മയെ കൊല്ലാന്‍ തീരുമാനിച്ചത്. രാത്രിയില്‍ ഇരുവരും ചേര്‍ന്ന് ഉറങ്ങിക്കിടന്ന സ്ത്രീയെ കൊലപ്പെടുത്തുകയായിരുന്നു. ഇതിനുശേഷം വീടുവിട്ട പോയ ഇരുവരും അടുത്ത ദിവസമാണ് തിരിച്ചെത്തിയത്.

പിറ്റേ ദിവസം രാവിലെ പെണ്‍കുട്ടി അമ്മയ്ക്ക് സുഖമില്ലെന്നും അമ്മ വിളിച്ചിട്ട് മിണ്ടുന്നില്ലെന്നും അയല്‍ക്കാരോട് പറയുകയായിരുന്നു. ഏറെ നാളായി അമ്മ അസുഖബാധിതയായിരുന്നുവെന്നും പെണ്‍കുട്ടി അയല്‍ക്കാരോട് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂരിലാണ് കൊലപാതകം നടന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ ശവസംസ്കാര സമയത്ത് സംശയം തോന്നിയ ചിലര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി പെണ്‍കുട്ടിയെ ചോദ്യം ചെയ്തെങ്കിലും ഒന്നുമറിയില്ലെന്ന മറുപടിയാണ് ആദ്യം ലഭിച്ചത്.

എന്നാല്‍ പിന്നീട് വീണ്ടും ചോദ്യം ചെയ്തതോടെ പിടിച്ചുനില്‍ക്കാനാകാതെ പെണ്‍കുട്ടി കുറ്റം സമ്മതിക്കുകയായിരുന്നു. താനും കൂട്ടുകാരനും ചേര്‍ന്നാണ് വളര്‍ത്തമ്മയെ കൊലപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി. ഇതോടെ പൊലീസ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത് ജുവനൈല്‍ ഹോമിലേക്ക് മാറ്റി.

മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് പെണ്‍കുട്ടിയെ ദത്തെടുക്കുന്നത്. പ്രണയം എതിര്‍ത്തത് അമ്മയ്ക്ക് തന്നോട് സ്നേഹമില്ലാഞ്ഞിട്ടാണെന്ന് കരുതിയാണ് അമ്മയെ കൊലപ്പെടുത്തിയെതെന്നായിരുന്നു പെണ്‍കുട്ടിയുടെ ന്യായീകരണം. ബോംബൈയില്‍ ജോലി ചെയ്യുകയാണ് പെണ്‍കുട്ടിയുടെ വളര്‍ത്തച്ഛന്‍.

Related News