Monday
15 Oct 2018

കർണാടക മോഡൽ ആവശ്യപ്പെട്ട് ഗോവ, ബീഹാർ, മണിപ്പൂർ

By: Web Desk | Thursday 17 May 2018 6:09 PM IST

പനാജി:എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അളവുകോൽ വേണം; കര്‍ണാടകയെ പിന്തുടര്‍ന്ന്​ സര്‍ക്കാര്‍ രൂപീകരണ ആവശ്യവുമായി ഗോവ, മണിപ്പൂർ, ബിഹാർ എന്നിവിടങ്ങളിൽ കോണ്‍​ഗ്രസും ആര്‍ജെഡിയും രംഗത്ത്​. ഗോവയിലും മണിപ്പൂരിലും കോൺഗ്രസ്സും ബിഹാറിൽ  ആര്‍ജെഡിയുമാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ബിഹാറിൽ  സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കണമെന്ന്​ ആര്‍ജെഡി നേതാവ്​​ തേജസ്വി യാദവ് ആവശ്യപ്പെട്ടു​. എംഎല്‍എമാര്‍ക്കൊപ്പം ഗവര്‍ണറെ കാണുമെന്നും തേജസ്വി​ പറഞ്ഞു.

കേവല ഭൂരിപക്ഷമില്ലാതെ പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ ബിജെപി അധികാരത്തിലേറിയ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച്‌​ 16 കോണ്‍ഗ്രസ്​ എംഎല്‍എമാര്‍ നാളെ ഗവര്‍ണറെ കാണാന്‍​ അനുവാദം തേടി​. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സാവകാശം നല്‍കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഗവര്‍ണര്‍ എന്തു മറുപടിയാണ്​ നല്‍കുകയെന്ന്​ വ്യക്​തമല്ല. കര്‍ണാടകയിലും ഗോവയിലും രണ്ട്​ മാനദണ്ഡം പാടില്ലെന്ന്​ ഗോവ കോണ്‍​ഗ്രസ്​ അധ്യക്ഷന്‍ ഗിരീഷ്​ ചൗധാന്‍കര്‍ പറഞ്ഞു. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിക്ക്​ അധികാരത്തിലേറാമെങ്കില്‍​ ഇവിടെയും അതനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു.

2017 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായത്​ കോണ്‍ഗ്രസായിരുന്നു. ​ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഗോവയില്‍ 13 സീറ്റുകള്‍ മാ​ത്രം നേടിയ ബിജെപി പ്രാദേശിക പാര്‍ട്ടികളുടെ സഹായത്തോടെ 21 സീറ്റുകള്‍ തികച്ച്‌​ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയായിരുന്നു. പ്രാദേശിക പാര്‍ട്ടികളെ പിടിക്കാന്‍ കോണ്‍ഗ്രസ്​ ആലോചിക്കുമ്പോഴേക്കും കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന മനോഹര്‍ പരീകറിനെ രാജിവയ്‌പിച്ച്‌​ മുഖ്യമന്ത്രി സ്​ഥാനം നല്‍കി സര്‍ക്കാര്‍ രൂപീകരണം ബിജെപി പൂര്‍ത്തിയാക്കിയിരുന്നു.

ഇതേ തന്ത്രം കര്‍ണാടകയില്‍ ജെഡിഎസിനെ കൂട്ടു പിടിച്ച്‌​ കോണ്‍​ഗ്രസ്​ പയറ്റിയപ്പോള്‍ ബിജെപി ചായ്​വുള്ള ഗവര്‍ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയും ഭൂരിപക്ഷം തെളിയിക്കാന്‍ മുമ്പെങ്ങുമില്ലാത്ത വിധം 15 ദിവസത്തെ സമയം അനുവദിക്കുകയും ചെയ്​തു. ഇതില്‍ പ്രതിഷേധിച്ചാണ്​ ഗോവ കോണ്‍ഗ്രസ്​ എംഎല്‍എമാര്‍ ഗവര്‍ണറെ കാണാനിരിക്കുന്നത്​.

നിലവില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അസുഖബാധിതനായി ചികിത്​സയിലായതിനാല്‍ ഭരണം സ്​തംഭിച്ചിരിക്കുകയാണെന്ന്​ കോണ്‍ഗ്രസ്​ നേരത്തെ പരാതിപ്പെട്ടിരുന്നു. ഗോവക്ക്​ മുഖ്യമന്ത്രിയെ തരൂ എന്ന്​ കോണ്‍​ഗ്രസ്​ നേതാക്കള്‍ മോദിയോട്​ ആവശ്യപ്പെടുകയും ചെയ്​തിരുന്നു.