Saturday
15 Dec 2018

ഗോവ മന്ത്രിസഭായോഗം ആശുപത്രിയില്‍; മന്ത്രിമാര്‍ എയിംസിലേയ്ക്ക്

By: Web Desk | Friday 12 October 2018 1:26 PM IST

ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രിയുടെ മന്ത്രിസഭായോഗം ആശുപത്രിയില്‍ നടക്കും. ഇതിനായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മന്ത്രിമാരോട് പരീക്കര്‍ ചികിത്സയില്‍ കഴിയുന്ന ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് എത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ മന്ത്രിസഭാ യോഗത്തിന്റെ അജണ്ട വ്യക്തമാക്കിയിട്ടില്ല. എംജിപി പാര്‍ട്ടി നേതാവും പൊതുമരാമത്ത് മന്ത്രിയുമായ സുധിന്‍ ധാവലിങ്കര്‍, ജിഎഫ്പി നേതാവും മന്ത്രിയുമായ വിജയ് സര്‍ദേശായി, റവന്യു മന്ത്രി റോഹന്‍ ഹാന്റേ, സാംസ്‌കാരിക മന്ത്രി ഗോവിന്ദ് ഗവഡെ എന്നീവരെയാണ് യോഗത്തിനു ക്ഷണിച്ചിരിക്കുന്നത്.

പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്നു സെപ്റ്റംബര്‍ 15 മുതല്‍ പരീക്കര്‍ എയിംസില്‍ ചികിത്സയിലാണ്. പരീക്കറെ എയിംസില്‍ പ്രവേശിപ്പിച്ചതുമുതല്‍ ഗോവയില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരുന്നു. ഗോവയില്‍ 16 അംഗങ്ങള്‍ ഉള്ള കോണ്‍ഗ്രസ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഇതിനിടെ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ സന്ദര്‍ശിച്ചിരുന്നു. അതേസമയം മുഖ്യമന്ത്രി മാറ്റില്ലെന്ന് ബിജെപി നേതൃത്വവും വ്യക്തമാക്കിയിരുന്നു.