Wednesday
22 Nov 2017

ദേരാ സച്ചാ സൗദ കലാപത്തിനായി അഞ്ചു കോടി നല്‍കിയെന്ന് അന്വേഷണ സംഘം

By: Web Desk | Friday 8 September 2017 8:05 AM IST

പഞ്ച്കുള: ആശ്രമത്തിലെ അന്തേവാസികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹിം സിങ് ശിക്ഷിക്കപ്പെടുമ്പോള്‍ കലാപം നടത്തുന്നതിന് അഞ്ചു കോടി രൂപ ദേരാ സച്ചാ സൗദ നല്‍കിയിരുന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ദേരാ മാനേജ്‌മെന്റില്‍ നിന്ന് ലഭിച്ച ഈ പണം ചെലവിടുന്നതിനുള്ള മുഖ്യചുമതല സൗദയുടെ പഞ്ച്കുള ശാഖയുടെ ചുമതലക്കാരനായിരുന്ന ചംകൗര്‍ സിങ് എന്നയാള്‍ക്കായിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജ്യദ്രോഹ കുറ്റം ചുമത്തിയതിന് പിന്നാലെ മൊഹാലിയിലെ ധകോലി സ്വദേശിയായ സിങും കുടുംബവും ഒളിവിലാണെന്നും എസ്‌ഐടി പറഞ്ഞു. ദേരാ സൗദ പ്രവര്‍ത്തകരായ ആദിത്യ ഇന്‍സാന്‍, ഹണിപ്രീത് ഇന്‍സാന്‍, സുരേന്ദര്‍ ധിമാന്‍ ഇന്‍സാന്‍ എന്നിവരും കേസില്‍ പ്രതികളാണ്.

പഞ്ച്കുളയില്‍ കലാപത്തിന് പണം നല്‍കിയതു പോലെ പഞ്ചാബിലെ മറ്റു സ്ഥലങ്ങളിലും സംഘര്‍ഷങ്ങള്‍ക്കായി തുക നല്‍കിയിരുന്നു. കലാപത്തില്‍ ജീവഹാനി സംഭവിക്കുന്ന ദേരയുടെ അനുയായികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പു നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു. ചംകൗറിനെ അറസ്റ്റു ചെയ്താല്‍ കേസിന്റെ ചുരളഴിയുമെന്ന് ഹരിയാന ഡിജിപി ബി എസ് സന്ധു പറഞ്ഞു. കലാപത്തിന് സഹായം നല്‍കിയ ചിലര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇതിലൊരാള്‍ കാര്‍ഷിക ശാസ്ത്രജ്ഞനാണ്. ഇയാളാണ് കലാപത്തിനായി പണം എത്തിച്ചതെന്നാണ് സൂചന.
രോഷാകുലരായ ആയിരക്കണക്കിന് ഗുര്‍മീത് അനുയായികള്‍ ഹരിയാനയിലും പഞ്ചാബിലും ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും അഴിച്ചു വിട്ട കലാപത്തിലും പൊലീസിന്റെ വെടിവയ്പിലും 33 പേര്‍ കൊല്ലപ്പെട്ടിരുന്നു.