Friday
20 Jul 2018

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ഗോദ്‌റെജ് ഗ്രൂപ്പും

By: Web Desk | Tuesday 10 July 2018 10:20 PM IST

മുംബൈ: ഏകദേശം 60,000 ത്തിലധികം പേരെ കുടിയൊഴിപ്പിച്ച് നടപ്പിലാക്കാനുദ്ദേശിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തിനൊപ്പം കോടതിയെ സമീപിച്ച് വന്‍ വ്യവസായ സംരഭകരായ ഗോദ്‌റെജ് ഗ്രൂപ്പും. വിക്രോളി മേഖലയില്‍ തങ്ങളുടെ 500 കോടിയിലധികം രൂപ വിലമതിക്കാവുന്ന സ്വത്തുക്കള്‍ ഒഴിപ്പിക്കുന്നതിനെതിരെയാണ് ഗോദ്‌റെജ് മുംബൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 1,08,000 കോടി രൂപ ചെലവഴിച്ചാണ് മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേയ്ക്കുള്ള ബുള്ളറ്റ് ട്രെയിനിനായി 508.17 കിലോ മീറ്റര്‍ നീളത്തില്‍ പ്രത്യേകപാത നിര്‍മിക്കുന്നത്. ഇതിനായി 7,000 കൃഷിക്കാരെയും 15,000 കുടുംബങ്ങളെയുമാണ് കുടിയൊഴിപ്പിക്കേണ്ടി വരിക. കൃഷിഭൂമി ഒഴിപ്പിച്ചും പതിനായിരങ്ങളെ കുടിയൊഴിപ്പിച്ചും നിര്‍മിക്കുന്ന പദ്ധതിക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടൊപ്പമാണ് വന്‍കിട വ്യവസായ സംരംഭകരായ ഗോദ്‌റെജ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

പദ്ധതി രൂപരേഖയില്‍ മാറ്റം വരുത്തണമെന്നാണ് കമ്പനിയുടെ ആവശ്യം. 3.5 ഹെക്ടര്‍ ഭൂമിയാണ് സ്ഥാപനത്തിന് നഷ്ടപ്പെടുന്നത്. ഭൂമി ഏറ്റെടുക്കലിന് സ്ഥാപനം സമ്മതിക്കാത്തപക്ഷം സര്‍ക്കാരിന് മുന്നില്‍ രണ്ടു വഴികളാണുള്ളത്. ഒന്നുകില്‍ പദ്ധതിയുടെ രൂപരേഖയില്‍ മാറ്റം വരുത്തി ഗോദ്‌റെജിനെ സഹായിക്കുക അല്ലെങ്കില്‍ മഹാരാഷ്ട്രയിലെ ഭൂമി ഏറ്റെടുക്കല്‍ നിയമം- 2013 ന്റെ അടിസ്ഥാനത്തില്‍ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കുക. പാതയിലേയ്ക്കുള്ള പ്രവേശനത്തിനായി ഒരു തുരങ്കപാത നിര്‍മിക്കാനുദ്ദേശിക്കുന്നത് ഗോദ്‌റെജിന്റെ കൈവശമുള്ള ഭൂമിയിലൂടെയാണ്. ദേശീയ അതിവേഗ റയില്‍ കോര്‍പ്പറേഷനും ജപ്പാനിലെ കവാസാക്കി ജിയോളജിക്കല്‍ എന്ന സ്ഥാപനവും ചേര്‍ന്ന് ഇവിടെ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ ഭൂഗര്‍ഭപാതയുടെ പ്രമുഖ ഭാഗവും കടന്നുപോകുന്നത് ഹരിത മേഖലയിലൂടെയാണ്.

കാര്‍ഷികഭൂമി ഏറ്റെടുക്കുമ്പോള്‍ വിപണി വിലയുടെ അഞ്ചിരട്ടി വരെ നഷ്ടപരിഹാരമായി നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും വിട്ടുനല്‍കാന്‍ കര്‍ഷകര്‍ താല്‍പര്യം കാട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ ശക്തമായ പ്രതിഷേധമാണ് ഈ മേഖലയില്‍ ഉണ്ടായിരിക്കുന്നത്. അതിന് ശക്തി പകരുന്നതാണ് ഗോദ്‌റെജ് ആരംഭിച്ചിരിക്കുന്ന നിയമ പോരാട്ടം.