Wednesday
19 Sep 2018

ഗോകുലം എഫ് സി ക്ക് സീസണിലെ അട്ടിമറി ജയം

By: Web Desk | Monday 12 February 2018 7:34 PM IST

കൊല്‍ക്കത്ത:

എെ ലീഗ് ഫുട്ബോളില്‍ കരുത്തരായ മോഹന്‍ ബഗാനെ അട്ടിമറിച്ച്‌ കേരളത്തിന്‍റെ ഗോകുലം എഫ് സിക്ക് തകര്‍പ്പന്‍ ജയം. കൊല്‍ക്കത്ത സാള്‍ട്ട്ലേറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കേരളത്തിന്‍റെ വിജയം.

പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്തായിരുന്ന ഗോകുലം ഈ ജയത്തോടെ ഒമ്പതാം സ്ഥാനത്തെത്തി. 13 കളികളില്‍ നിന്ന് 13 പോയിന്‍റാണ് ഗോകുലത്തിനുള്ളത്. തോല്‍വി വഴങ്ങിയെങ്കിലും 21 പോയിന്‍റുകളുള്ള മോഹന്‍ ബഗാന്‍ പട്ടികയില്‍ നാലാമതുണ്ട്.

ഗോള്‍ ഒഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം 76ആം മിനിറ്റില്‍ മഹ്മൂദ് അല്‍ അജ്മിയിലൂടെയായിരുന്നു കേരളത്തിന്‍റെ ആദ്യ ഗോള്‍ പിറന്നത്. എന്നാല്‍, 80 ആം മിനിറ്റില്‍ ഗോള്‍ തിരിച്ചടിച്ച്‌ ദീപാനന്ദ ഡിക്ക മോഹന്‍ ബഗാനെ സമനിലയിലെത്തിച്ചു. മത്സരം സമനിലയിലേക്കെന്ന് തോന്നിയ നിമിഷത്തിലായിരുന്നു കേരളത്തിന്‍റെ വിജയഗോള്‍ പിറന്നത്. 90ആം മിനിറ്റില്‍ ഹെന്‍റി കിസേക്ക നേടിയ ഗോളിലൂടെ ഗോകുലം സീസണിലെ മൂന്നാം വിജയം സ്വന്തമാക്കുകയായിരുന്നു.