Saturday
21 Oct 2017

ഗള്‍ഫില്‍ സ്വര്‍ണവില താഴേയ്ക്ക്

By: Web Desk | Saturday 7 October 2017 11:24 PM IST

കെ രംഗനാഥ്

ദുബായ്: ഏറ്റവും വലിയ സ്വര്‍ണവിപണിയായ ഗള്‍ഫ് രാജ്യങ്ങളില്‍ സ്വര്‍ണത്തിന്റെ വില കുത്തനെ താഴുന്നു. ഈ വര്‍ഷം അവസാനം വരെ വിലയിടിവിന്റെ ഈ പ്രവണത തുടരുമെന്നും വര്‍ഷാവസാനം തെല്ലൊരു ഉയര്‍ച്ചയുണ്ടാകാമെന്നുമാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.
ഔണ്‍സിന് ശരാശരി 1300 ഡോളര്‍ വിലയുണ്ടായിരുന്നത് കുത്തനെ 1250ലേയ്ക്ക് താഴുകയായിരുന്നു. ഇന്നലെ മാത്രം ഒരു ശതമാനത്തിലേറെയായിരുന്നു വിലയിടിവ്. ഈ വര്‍ഷവും അടുത്തവര്‍ഷവും ഡോളര്‍ കൂടുതല്‍ ദുര്‍ബലമാകുന്നത് വിലയിലെ അവരോഹണത്തിനു കാരണമാകുമെന്നാണ് എബിഎന്‍ ആവ്രോയിലെ സ്വര്‍ണവിപണികാര്യ വിദഗ്ധയായ ജോര്‍ജറ്റ് ബോയല്‍ അഭിപ്രായപ്പെട്ടത്. ഒരാഴ്ച മുമ്പ് തുടങ്ങിയതാണ് വിലയിടിവിന്റെ പ്രവണത. ഓഗസ്റ്റിനു ശേഷം ഇതാദ്യമായാണ് ഇത്രയധികം വില കൂപ്പുകുത്തുന്നത്. ആഗോള സംഭവവികാസങ്ങളും ഡിസംബറില്‍ യുഎസിലുണ്ടാകാന്‍ പോകുന്ന നികുതിപരിഷ്‌കാരങ്ങളും നേരിട്ടു ബാധിച്ചിരിക്കുന്നത് സ്വര്‍ണവിലയെയാണെന്ന് സാക്‌സോ ബാങ്കിന്റെ വിപണിതന്ത്രജ്ഞനായ ഓലേ ഹാന്‍സന്‍ പറയുന്നു.
ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് ഗള്‍ഫിലെ നിരക്കിനെ അപേക്ഷിച്ച് 200 രൂപയിലേറെ കൂടുതലാണ്. വിലയിടിഞ്ഞതോടെ ഗള്‍ഫ് വിപണികളിലെങ്ങും വില പേശി സ്വര്‍ണം വാങ്ങാമെന്ന അവസ്ഥ. ഇതിനുപുറമേ മലബാര്‍ ഗോള്‍ഡ് പോലുള്ള സ്ഥാപനങ്ങള്‍ നൂറ് കിലോ സ്വര്‍ണം നല്‍കുന്ന സമ്മാനപദ്ധതികളും പ്രഖ്യാപിച്ചു. കല്യാണ്‍, സ്‌കൈ ജൂവലറി, ജോയ് ആലൂക്കാസ്, ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ തുടങ്ങിയ കേരളത്തില്‍ വേരുള്ള സ്വര്‍ണാഭരണശാലകളും ദീപാവലി വിപണി മുന്നില്‍ക്കണ്ട് വമ്പന്‍ ഓഫറുകളുമായി രംഗത്തുണ്ട്. നാട്ടില്‍ നിന്നും സന്ദര്‍ശകവിസയിലെത്തി സ്വര്‍ണം വാങ്ങി മടങ്ങുന്ന മലയാളികളുടെ ഇഷ്ട ലക്ഷ്യകേന്ദ്രങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍. ഒരു ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയാല്‍ നാട്ടിലെ അപേക്ഷിച്ച് 27,000 രൂപയുടെ ലാഭമുണ്ടാകുമെന്നതിനാല്‍ വിമാനക്കൂലി ഏറ്റവും താണനിലയിലുള്ള ഈ മാസങ്ങളില്‍ ദീപാവലിയും സ്വര്‍ണം വാങ്ങലും ഒന്നിച്ചുനടത്താനായി ഗള്‍ഫിലെത്തുന്നവരുടെ എണ്ണം ഏറുമെന്നാണ് സ്വര്‍ണ-വജ്രാഭരണ ബിസിനസ് സ്ഥാപനങ്ങളുടെ കണക്കുകൂട്ടല്‍. സമ്മാനപദ്ധതികളിലെ ആകര്‍ഷകത്വവും ആഭരണപ്രേമികളെ ആകര്‍ഷിക്കുന്ന ഘടകമാകുമെന്ന അഭിപ്രായവും ഈ കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്നു.

Related News