Monday
23 Apr 2018

ഇന്ത്യാക്കാരുടെ ഗുഡ്‌മോണിങ് ആശംസ ഇന്റര്‍നെറ്റിനെ തളര്‍ത്തുന്നു

By: Web Desk | Tuesday 23 January 2018 8:26 PM IST

സിലിക്കണ്‍വാലി: ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തിയുളള ഇന്ത്യാക്കാരുടെ ഗുഡ്‌മോര്‍ണിങ് മെസേജുകള്‍ ഇന്റര്‍നെറ്റ് ഉപയോഗത്തെ മൂര്‍ദ്ധന്യത്തിലെത്തിച്ചിരിക്കുന്നതായി ഗൂഗിള്‍ ഗവേഷകര്‍. അടുത്തിടെ ഇവര്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍.
ഇന്റര്‍നെറ്റ് ഉപയോഗത്തിന് പുറമെ ഇന്ത്യയിലെ മൊത്തം മൊബൈല്‍ ഫോണുകളില്‍ മൂന്നില്‍ ഒരു ഫോണിന്റെയും മെമ്മറി നിറയുന്നതും ഗുഡ്‌മോണിങ് സന്ദേശങ്ങള്‍ മൂലമാണ്. വികസിത രാജ്യമായ അമേരിക്കയില്‍ ഇത് പത്തില്‍ ഒന്ന് മാത്രമാണ്.

ടെക്സ്റ്റിന് പുറമെ പൂക്കള്‍, ഉദയസൂര്യന്‍, കുഞ്ഞുങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇന്ത്യയില്‍ അയക്കുന്നത്. ഇന്ത്യാക്കാരുടെ ഈ ഗുഡ്‌മോര്‍ണിങ് പ്രേമത്തിന്റെ കാരണം അന്വേഷിക്കുന്നുണ്ടെങ്കിലും കൃത്യമായി കണ്ടെത്താനായിട്ടില്ലെന്ന് കാലിഫോര്‍ണിയയിലെ ഗൂഗിള്‍ പ്രൊഡക്ട് മാനേജര്‍ ജോഷ് വുഡ്വാര്‍ഡ് പറയുന്നു. ഇന്ത്യയില്‍ 65 കോടി ആളുകളാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്. ഇതില്‍ 30 കോടിയും സ്മാര്‍ട്ട് ഫോണിന്റെ ഉപയോക്താക്കളുമാണ്. ഇവര്‍ ഉള്‍പ്പെടെ മൊത്തം 40 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഇന്ത്യയില്‍ ഉണ്ട്.

ഡാറ്റാ ബേസിന്റെയും മറ്റും സഹായത്തോടെ ഇത്തരം മെസേജുകള്‍ ഗൂഗിള്‍ വേര്‍തിരിച്ചിരുന്നു. ഇമേജ്, ഫയല്‍, സൈസ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവ തരംതിരിച്ചത്. കുഞ്ഞുങ്ങളുടെ ചിത്രത്തില്‍ ഗുഡ്‌മോര്‍ണിങ് ആലേഖനം ചെയ്തവയായിരുന്നു ഏറെയും.
ഇന്ത്യാക്കാരുടെ ഈ ഗുഡ്‌മോര്‍ണിങ് പ്രേമം മറികടക്കാന്‍ ഡിസംബറില്‍ ഗൂഗിള്‍ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. ഫയല്‍സ് ഗോ എന്ന ഈ ആപ്പ് ഫോണില്‍ ഫ്രീ സ്‌പേസ് ഒരുക്കാന്‍ സഹായിക്കുന്നു. ഫോണിന്റെ സഹായത്തോടെ ഒരു ജിബി വരെ ഫ്രീ സ്‌പേസ് നല്‍കും. ആന്‍ഡ്രോയ്ഡ് ഗോ ഓപ്പറേറ്റിങ് സിസ്റ്റത്തിലുളള ഫയല്‍ ഗോ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കും.
ഒരു കോടിയിലധികം ഇന്ത്യാക്കാര്‍ ഇതിനോടകം ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഇത് വഴി ഒരു ജിഗാബൈറ്റ് മെമ്മറി ഡിലീറ്റ് ചെയ്യപ്പെട്ടുവെന്നാണ് കണക്ക്.

Related News