Tuesday
24 Oct 2017

ഗൂഗിളിനെതിരെ ലിംഗവിവേചന കേസ്

By: Web Desk | Friday 15 September 2017 4:58 PM IST

കാലിഫോർണിയ : ഗൂഗിളിൽ ശമ്പള വ്യവസ്ഥയിൽ ലിംഗ വിവേചനമെന്ന് മുൻ വനിതാ ജീവനക്കാർ. ഗൂഗിളിനെതിരെ മൂന്ന് മുൻ വനിതാ ജീവനക്കാരാണ് കേസ് ഫയൽ ചെയ്യ്തിട്ടുള്ളത്. ശമ്പളം, പ്രമോഷൻ എന്നിവയിൽ സ്ത്രീകൾക്കെതിരെ വിവേചനം കാണിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.

സാൻഫ്രാൻസിസ്കോയിലെ കാലിഫോർണിയ സ്റ്റേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തിൽ ഗൂഗിൾ യു എസ് ഡിപ്പാർട്ടമെന്റ് ഓഫ് ലേബറിന്റെ അന്വേഷണം നേരിടുകയാണ്. ഇത് ആദ്യമായിട്ടാണ് ഗൂഗിളിനെതിരെ ലിംഗ വിവേചനം നടത്തി എന്നാരോപിച്ച് കേസ് ഫയൽ ചെയ്യുന്നത്.

ഡിപ്പാർട്ടമെന്റ് ഓഫ് ലേബർ ഇതിനുമുൻപും ഒരേ ജോലിചെയ്യുന്ന പുരുഷനും വനിതയ്ക്കും വ്യത്യസ്ത വേതനം നൽകുന്നു എന്നാരോപിച്ച് ഒറക്കിൾ അമേരിക്ക ഇൻക് എന്ന കമ്പനിക്കെതിരെ കേസ് എടുത്തിരുന്നു. മൈക്രോസോഫ്ട് കോർപ്പിനെതിരെയും ട്വിറ്ററിനെതിരെയും ക്വാൽകോം കമ്പനിക്കെതിരെയും സമാന രീതിയിലുള്ള കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. ഗൂഗിളിലെ ഒരു മുൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറും കമ്മ്യൂണിക്കേഷൻസ് സ്പെഷ്യലിസ്റ്റും മാനേജരുമാണ് പരാതിക്കാർ.

കാലിഫോർണിയയിൽ ഇത്തരം തൊഴിലുകൾ ചെയ്യുന്ന സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാർക്കാണ് കൂടുതൽ ശമ്പളം നൽകുന്നതെന്ന് പരാതിക്കാർ പറയുന്നു. ഗൂഗിൾ വിവരസാങ്കേതിക വ്യവസായത്തിൽ പ്രമുഖരാണെങ്കിലും അവർ സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ ഇതുവരെ 21-ാം നൂറ്റാണ്ടിലെത്തിയിട്ടില്ല എന്ന് പരാതിക്കാരുടെ അഭിഭാഷക കെല്ലി ഡെർമോഡി പറയുന്നു. എന്നാൽ ഗൂഗിൾ വക്താവ് ഗിന സിഗ്ലിലാനോ ഇത് നിഷേധിച്ചു. ജീവനക്കാരുടെ ശമ്പളവും നിയമനവും തീരുമാനിക്കുന്നത് ഹൈറിങ് ആൻഡ് പ്രൊമോഷൻ കമ്മിറ്റിയാണെന്നും യാതൊരുവിധ ലിംഗവിവേചനവും നടക്കുന്നില്ലെന്നും ഗിന പറഞ്ഞു.

Related News