Tuesday
20 Feb 2018

ഗൂഗിൾ ട്രസ്റ്റഡ് ഫോട്ടോഗ്രാഫർ ; സെയ്ദ് ഷിയാസ് മിർസയ്ക്ക് ഗൂഗിളിന്റെ അംഗീകാരം

By: Web Desk | Saturday 18 November 2017 3:03 PM IST

തിരുവനന്തപുരം നഗരത്തിന്റെയും പരിസര പ്രദേശങ്ങളുടെയും 360 ഡിഗ്രി ഫോട്ടോകൾ ഗൂഗിൾ മാപ്പിന് വേണ്ടി പകർത്തിയ ടെക്നോളജി എഴുത്തുകാരനും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ കൊല്ലം മൈനാഗപ്പള്ളി സ്വദേശി സെയ്ദ് ഷിയാസ് മിർസയ്ക്ക് ഗൂഗിളിന്റെ അംഗീകാരം.ഗൂഗിൾ ട്രസ്റ്റഡ് ഫോട്ടോഗ്രാഫർ എന്ന അംഗീകാരമാണ് സെയ്ദ് ഷിയാസ് മിർസയെ തേടിയെത്തിരിക്കുന്നത്.  ഗൂഗിൾ സ്ട്രീറ്റ് വ്യൂ ആപ്പിലൂടെ തിരുവനന്തപുരത്തും പരിസര പ്രദേശങ്ങളിൽ നിന്നും നൂറോളം 360 ഡിഗ്രി പടങ്ങൾ കഴിഞ്ഞ ഒരു മാസക്കാലയളവിൽ ഇദ്ദേഹം അപ്ലോഡ് ചെയ്താണ് ഈ നേട്ടത്തിലേക്കെത്തിയത്.

ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ വെബ് സൈറ്റിൽ  (https://www.google.co.in/streetview) ഇദ്ദേഹത്തിന്റെ പേരും ഗൂഗിൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സിറ്റിസൺ ഫോട്ടോഗ്രാഫറായി നഗരത്തിലെ പൊതു പ്രശ്നങ്ങൾ അധികാരികൾക്ക് മുന്നിലെത്തിച്ച് ഫോട്ടോഗ്രാഫിയിൽ സജീവമായ ഇദ്ദേഹത്തിന്റെ   നൂറോളം ചിത്രങ്ങൾ വിവിധ പത്രങ്ങളുടെ  തിരുവനന്തപുരം സിറ്റി എഡിഷനുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവയിൽ പലതും സമൂഹത്തിൽ ക്രിയാത്മകമായ  പ്രഭാവം (impact) സൃഷ്ടിച്ചിട്ടുണ്ട്.

സമൂഹനന്മയ്ക്കായി ഫോട്ടോഗ്രാഫി ഉപയോഗിക്കാൻ യുവതലമുറയെ ആഹ്വാനം ചെയ്യുകയാണ് ഫോട്ടോഗ്രാഫിയിൽ അതീവ തൽപരനായ സെയ്ദ് ഷിയാസ് മിർസ. മൈനാഗപ്പള്ളി  ചാമത്തുണ്ടിൽ വീട്ടിൽ സെയ്ദ് അബൂക്കർ സാഹിബിന്റെയും ലത്തീഫാ ബീവിയുടെയും മകനായ  ഇദ്ദേഹം ഇപ്പോൾ തിരുവനന്തപുരം കുമാരപുരം മോസ്ക്‌ ലെയ്നിലാണ് താമസം.ഏഷ്യാനെറ്റിൽ എൻജിനീയർ ,സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സിന്റെ സ്റ്റുഡിയോ മാനേജർ, ഇഗ്നോ അക്കാഡമിക് കൗൺസിലർ, കേന്ദ്ര ഗവേഷണ സ്ഥാപനമായ സി-ഡാക്കിൽ റിസർച്ച് അസിസ്റ്റന്റ് എന്നീ നിലകളിൽ  പ്രവർത്തിച്ചിട്ടുണ്ട്.

വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ ഇക്ട്രിക്കൽ & ഇലക്ട്രോണിക്സ് വിഭാഗം അധ്യാപകനായ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹം അറിയപ്പെടുന്ന ടെക് കോളമിസ്റ്റും വീഡിയോ ബ്ലോഗറും കൂടിയാണ്. ഇപ്പോൾ പൂവാർ പരണിയം ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ  ജോലി നോക്കുന്ന  ഇദ്ദേഹത്തിന്റെ ഭാര്യ നിസാന കാര്യവട്ടം യൂണിവേഴ്സിറ്റി എഞ്ചിനീയറിംഗ് കോളേജിൽ  അസി.പ്രൊഫസറാണ്. യാസിൻ, യസ്ന, യാസിർ എന്നിവരാണ് മക്കൾ.സെയ്ദ് ഷിഹാസ്,ഡോ. സെയ്ദ് ഷിറാസ് എന്നിവർ സഹോദരങ്ങളാണ്

 

Related News