Friday
20 Apr 2018

ഗോരക്ഷകരുടെ ആക്രമണം നേരിടണമെന്ന് സുപ്രിം കോടതി

By: Web Desk | Friday 22 September 2017 10:25 PM IST

നഷ്ടപരിഹാരം നല്‍കാനും സംസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്തം

സ്വീകരിച്ച നടപടി അറിയിക്കാനും നിര്‍ദേശം

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: രാജ്യത്ത് വ്യാപകമായ ഗോരക്ഷകരുടെ ആക്രമണം നേരിടാന്‍ സംസ്ഥാനങ്ങള്‍ക്ക് സുപ്രിം കോടതിയുടെ നിര്‍ദേശം. നിയമം കയ്യിലെടുക്കുന്നവരെ കര്‍ശനമായി നേരിടണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ഇത്തരം ആക്രമണങ്ങളിലെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുളള ഉത്തരവാദിത്തവും സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്ന് സുപ്രിം കോടതി നിരീക്ഷിച്ചു. ഒപ്പം ഗോ സംരക്ഷണത്തിന്റെ പേരില്‍ അതിക്രമം നടത്തുന്ന ക്രിമിനലുകള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് കോടതിയില്‍ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയോ എന്ന് അടുത്തമാസം 13നകം സംസ്ഥാനങ്ങള്‍ കോടതിയെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഗോസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന അക്രമം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു. അക്രമം അഴിച്ചുവിടുന്ന ഗോസംരക്ഷകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് സുപ്രിം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. ഗോസംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അതിക്രമം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് ചീഫ് സെക്രട്ടറിമാര്‍ നിര്‍ദേശം നല്‍കണമെന്നും ഇതിനായി ജില്ലാ പൊലീസ് മേധാവിമാരെ നോഡല്‍ ഓഫീസര്‍മാരാക്കി പ്രത്യേക ദൗത്യസേന രൂപവത്കരിക്കാനും നിര്‍ദേശിച്ച കോടതി ഒപ്പം ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രട്ടറിമാര്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കണമെന്നും നേരത്തെ ഉത്തരവിട്ടിരുന്നു.

ഹൈവേ പട്രോളിങ് ശക്തമാക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷണമെന്നും കോടതി സൂചിപ്പിച്ചു. ഒരാഴ്ചക്കകം പ്രത്യേക ദൗത്യസേനയെ രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ സത്യവാങ്മൂലമായി സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. കര്‍ശനമായ നടപടികളിലൂടെ ഗോരക്ഷകരുടെ വിവിധ സംസ്ഥാനങ്ങളിലുള്ള അതിക്രമങ്ങള്‍ തടയണമെന്നും സുപ്രിം കോടതി പറഞ്ഞു. ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയണമെന്ന് സുപ്രിം കോടതി നേരത്തെ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഡല്‍ഹിയില്‍ ട്രെയിനില്‍ വെച്ച് കൊലചെയ്യപ്പെട്ട ജുനൈദിന്റെ കേസ് ഈ ഹര്‍ജിയുമായി ചേര്‍ത്ത് പരിഗണിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Related News