Friday
20 Apr 2018

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ജനങ്ങളോടുള്ള വെല്ലുവിളി

By: Web Desk | Friday 13 April 2018 10:52 PM IST

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവന്‍ പന്താടിയും രോഗികളുടെ ദുരിതം ഇരട്ടിയാക്കിയും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്‌ക്കരിച്ചുള്ള അനിശ്ചിതകാല സമരം ആരംഭിച്ചു. സര്‍ക്കാര്‍ ആശുപത്രിയെ തേടിയെത്തുന്ന രോഗികളോട്, സാമൂഹിക പ്രതിബദ്ധത മറന്ന് മുഖം തിരിഞ്ഞു നിന്ന സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കെതിരെ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം അണപൊട്ടി. ഒരു വിഭാഗം ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ഇതിനെ കര്‍ശനമായി നേരിടുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജയും അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ച ഡോക്ടര്‍മാരുടെ സമരം അറിയാതെ ഇന്നലെ രാവിലെ മുതല്‍ ആയിരക്കണക്കിന് രോഗികളാണ് മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ വിവിധ ചികിത്സകള്‍ക്കായി എത്തിച്ചേര്‍ന്നത്. ഒപി പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് കരാര്‍ ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും വിവിധയിടങ്ങളില്‍ രോഗികളെ പരിശോധിച്ചു. ഇതിനായി മണിക്കൂറുകളോളം കാത്തിരിക്കേണ്ടതായും വന്നു. വളരെ അവശനിലയില്‍ ആശുപത്രിയില്‍ എത്തിയ പ്രായമായ രോഗികളുള്‍പ്പടെയുള്ളവരും ഡോക്ടര്‍മാരെ കാണാനാവാതെ മടണ്ടേണ്ടതായി വന്നു.

ഒ പി യില്‍ ഡോക്ടര്‍മാരില്ലാത്തതിനാല്‍ പല സര്‍ക്കാര്‍ ആശുപത്രികളിലും രോഗികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പരസഹായമില്ലാതെ നടക്കാന്‍ പോലും സാധിക്കാത്ത രോഗികളെയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാതെ തിരിച്ചയക്കുന്ന സാഹചര്യമുണ്ടായി.
ഏപ്രില്‍ 18 മുതല്‍ കിടത്തി ചികിത്സ ബഹിഷ്‌ക്കരിക്കുമെന്ന ഭീഷണിയുമായാണ് കെജിഎംഒഎ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുന്നത്. അത്യാഹിത വിഭാഗം മാത്രമാണ് ഇന്നലെ പ്രവര്‍ത്തിച്ചത്. അടിയന്തരശസ്ത്ര ക്രിയകള്‍ ഒഴികെയുള്ള ശസ്ത്രക്രിയകളും നടത്തിയില്ല. എന്നാല്‍ ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി നേരിടാനുള്ള നടപടികളുമായി സര്‍ക്കാരും രംഗത്തെത്തി. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് രോഗീസൗഹൃദപരിചരണം സാധ്യമാക്കി ആരംഭിച്ച ആര്‍ദ്രം മിഷന്‍ പദ്ധതിയെ ദുര്‍ബലപ്പെടുത്താനുള്ള നീക്കവുമായാണ് ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യാഴാഴ്ച രാത്രിതന്നെ പ്രതികരിച്ചിരുന്നു.

നൂറോളം കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചവരെ മാത്രമുണ്ടായിരുന്ന ഒപി, രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയായി മാറി. ഇതിന് വേണ്ടി ഓരോ കേന്ദ്രത്തിലും മൂന്ന് ഡോക്ടര്‍മാരെയും നിയമിച്ചിരുന്നു. മൂന്ന് ഡോക്ടര്‍മാര്‍, നാല് സ്റ്റാഫ് നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തുടങ്ങിയ എല്ലാവരുടേയും പ്രവൃത്തിസമയവും ഉത്തരവാദിത്വവും നിര്‍വചിച്ചുകൊണ്ടുള്ള ഗൈഡ്‌ലൈനും ആരോഗ്യവകുപ്പ് ഇറക്കിയിരുന്നു. ഉച്ചവരെ ഒരു ഡോക്ടര്‍മാര്‍ മാത്രമുണ്ടായിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് മൂന്ന് ഡോക്ടര്‍മാരെ നല്‍കിക്കൊണ്ട് ഒപി സമയം വൈകുന്നേരം വരെയാക്കിയത്. എന്നാല്‍ ഇതൊന്നും കണക്കിലെടുക്കാതെയാണ് അനാവശ്യ പിടിവാശിയുമായി ഡോകട്ര്‍മാരുടെ സംഘടന ഇപ്പോള്‍ അനിശ്ചിത കാല സമരം ആരംഭിച്ചിരിക്കുന്നത്.

ആര്‍ദ്രം പദ്ധതി നടപ്പിലാക്കിയാല്‍ സ്വകാര്യ പ്രാക്ടീസ് മുടങ്ങുമെന്നതാണ് ഇപ്പോള്‍ പെട്ടെന്നുള്ള അനിശ്ചിത കാല സമരത്തിനു പിന്നിലുള്ളതെന്നാണ് സൂചന.

അനധികൃത അവധിക്ക് ശമ്പളമില്ല;
ബ്രേക്ക് ഇന്‍ സര്‍വീസായി കണക്കാക്കും

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ ജോലിയില്‍ നിന്ന് മാറി നില്‍ക്കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ച് ആരോഗ്യ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി. ഇങ്ങനെ വിട്ടു നില്‍ക്കുന്ന ദിവസം ശമ്പളത്തിന് അര്‍ഹതയില്ലാതിരിക്കുകയും ബ്രേക്ക് ഇന്‍ സര്‍വീസായി കണക്കാക്കുകയും ചെയ്യുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഈ ശമ്പളമില്ലായ്മയും ബ്രേക്ക് ഇന്‍ സര്‍വീസും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ രേഖപ്പെടുത്തുകയും ശമ്പളം, പ്രൊമോഷന്‍, ട്രാന്‍സ്ഫര്‍ എന്നിവയ്ക്ക് പരിഗണിക്കുകയും ചെയ്യും. സേവന ലഭ്യതയ്ക്കായി ജോലി ക്രമീകരണം,അക്കോമെഡേഷന്‍ എന്നീ വ്യവസ്ഥകള്‍ പ്രകാരം ഏതെങ്കിലും ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ മുന്‍കൂട്ടി അനുമതിയില്ലാതെ ജോലിയില്‍ നിന്നും വിട്ടുനിന്നാല്‍ ഈ വ്യവസ്ഥകള്‍ റദ്ദാക്കേണ്ടതും അവരെ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചയയ്‌ക്കേണ്ടതുമാണെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. പ്രൊബേഷണല്‍ ആയ അസിസ്റ്റന്റ് സര്‍ജന്‍ മുന്‍കൂട്ടി അവധിയെടുക്കാതെ സര്‍വീസില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കില്‍ ഈ ഉദ്യോഗസ്ഥന്റെ സേവനം അവസാനിപ്പിക്കുന്നതിനായി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നിര്‍ദേശമുണ്ട്. ഇവര്‍ 24 മണിക്കൂറിനകം ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ സേവനം അവസാനിപ്പിക്കേണ്ടതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.