Monday
19 Nov 2018

സുപ്രിം കോടതി വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്‍റെ ബാധ്യത: കാനം

By: Web Desk | Sunday 21 October 2018 10:29 PM IST

എറണാകുളം പെരുമ്പാവൂര്‍ വൈ എം സി എ ഹാളില്‍ സിപിഐ മധ്യമേഖല റിപ്പോര്‍ട്ടിങ് നടത്തി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സംസാരിക്കുന്നു

സ്വന്തം ലേഖകന്‍

കൊച്ചി: സുപ്രിം കോടതി ഒരു വിധി പ്രസ്താവിച്ചാല്‍ അത് നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി പ്രകാരം എല്ലാവരും ശബരിമല കയറണം എന്ന് പറഞ്ഞിട്ടില്ല. വിശ്വാസികളായിട്ടുള്ളവര്‍ക്ക് പോകാമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ വിധിക്കുമേല്‍ നാമം ജപിച്ച് വിശ്വാസികളെ ഒരു കൂട്ടര്‍ തടയുകയാണ്. രാഷ്ട്രീയ ഉദ്ദേശ്യത്തോട് കൂടിയാണ് ഇവര്‍ ഇതിനായി ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പെരുമ്പാവൂര്‍ വൈ എം സി എ ഹാളില്‍ സി പി ഐ മധ്യമേഖല റിപ്പോര്‍ട്ടിങ് നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കാനം. ഭരണഘടന ബെഞ്ചിന്റെ വിധി ഉണ്ടായാല്‍ അത് രാജ്യത്തിന്റെ വിധിയാണ്. അത് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാത്രമേ സര്‍ക്കാരിന് സാധിക്കുകയുള്ളു. ഒരു സ്ത്രീ വന്ന് മല ചവിട്ടണം എന്ന് പറഞ്ഞാല്‍ മാറി നില്‍ക്കണമെന്ന് പറയാന്‍ സര്‍ക്കാരിന് സാധിക്കില്ല. ശബരിമല ക്ഷേത്രം യുദ്ധഭൂമിയാക്കി അതുവഴി രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാണ് ബിജെപിയുടെ ലക്ഷ്യം. കോണ്‍ഗ്രസ് ഇന്ത്യയില്‍ പാരമ്പര്യം ഉള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. എന്നാല്‍ പല അന്ധവിശ്വാസങ്ങളും പ്രചരിപ്പിച്ച് വിശ്വാസത്തെ പുതിയ തലത്തില്‍ എത്തിക്കാനാണ് ഇവരുടെ ലക്ഷ്യം. നരേന്ദ്ര മോഡിയും പിണറായി വിജയനും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നാണ് കെപിസിസി പ്രസിഡന്റ് പറയുന്നത്. എന്നാല്‍ ശബരിമല വിഷയത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒരുനാണയത്തിന്റെ ഇരുവശങ്ങള്‍ അല്ല മറിച്ച് ഒരുവശം തന്നെയായിട്ടാണ് കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നതെന്ന് കാനം പറഞ്ഞു.

തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി പി രാജു സ്വാഗതം പറഞ്ഞു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ കെ പ്രകാശ് ബാബു, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ രാജന്‍ എംഎല്‍എ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ സി കെ ശശിധരന്‍, കെകെ ശിവരാമന്‍ എന്നിവര്‍ സംബന്ധിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ എന്നീ ജില്ലകളില്‍ നിന്നുള്ള ലോക്കല്‍ സെക്രട്ടറിമാര്‍ മുതല്‍ മണ്ഡലം, ജില്ലാ, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാണ് റിപ്പോര്‍ട്ടിങ്ങില്‍ പങ്കെടുത്തത്.