Monday
25 Sep 2017

കൂട്ടപ്പിരിച്ചുവിടല്‍: ഐടിയില്‍ തൊഴിലാളി സംഘടന

By: Web Desk | Tuesday 12 September 2017 9:40 PM IST

ശ്യാമ രാജീവ്
തിരുവനന്തപുരം: ഐടി രംഗത്ത് കൂട്ട പിരിച്ചുവിടല്‍ ഭീഷണി തുടരുന്ന പശ്ചാത്തലത്തില്‍ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ബംഗളൂരുവിലേതിനു സമാനമായി ട്രേഡ് യൂണിയന്‍ എന്ന ആശയത്തിലേക്ക് ടെക്‌നോപാര്‍ക്ക് ജീവനക്കാരും. ജീവനക്കാരുടെ ബാഹുല്യം കൊണ്ട് ബംഗളൂരുവിനെ കൊച്ചിയും തിരുവനന്തപുരവുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും പ്രമുഖവും അറിയപ്പെടുന്നതുമായ കമ്പനികള്‍ക്കുകീഴില്‍ ജോലി ചെയ്യുന്നവരാണ് ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍. ഇക്കൊല്ലം തുടക്കം മുതല്‍ പിരിച്ചുവിടല്‍ വന്‍തോതില്‍ വര്‍ധിച്ചതോടെയാണ് ബംഗളൂരിവില്‍ ജീവനക്കാര്‍ ട്രേഡ് യൂണിയന്‍ ആശയത്തിലേക്ക് തിരിഞ്ഞത്. ബംഗളൂരുവിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഈ ആശയത്തോട് വിമുഖതയില്ലെന്നും ടെക്‌നോപാര്‍ക്ക് ജീവനക്കാരുടെ കൂട്ടായ്മയായ പ്രതിധ്വനിയുടെ പ്രതിനിധി രാജീവ് പറഞ്ഞു.
ടിസിഎസ് ഉള്‍പ്പെടെയുള്ള ലാഭം കൊയ്യുന്ന വമ്പന്‍ കമ്പനികളാണ് വന്‍തോതില്‍ ജീവനക്കാരെ ടെക്‌നോപാര്‍ക്കില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നത്. 1000 ജീവനക്കാരുള്ള ഇരുപത്തിയഞ്ചോളവും 500 ജീവനക്കാരുള്ള 25 ഉം ചെറുതും വലുതുമായ 250 കമ്പനികളുമാണ് ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്.
പിരിച്ചുവിടുന്നതുസംബന്ധിച്ച് കമ്പനികളൊന്നും വ്യക്തമായ വിശദീകരണം നല്‍കുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. മാനേജ്‌മെന്റിന്റെ തീരുമാനമാണെന്ന വ്യക്തതയില്ലാത്ത മറുപടിയാണ് കമ്പനികളില്‍ നിന്നും ലഭിക്കുന്നതെന്നും ജീവനക്കാര്‍ പറയുന്നു. പത്തുവര്‍ഷത്തിലധികം തൊഴില്‍ പരിചയമുള്ള ജീവനക്കാര്‍ വരെ ഈ വര്‍ഷം ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ടുകഴിഞ്ഞു. 2008 ല്‍ ആരംഭിച്ച പിരിച്ചുവിടല്‍ ഭീഷണിയില്‍ കമ്പനികളുടെ വാദം പ്രകടനം മോശമാണെന്നതായിരുന്നു. എന്നാല്‍ 2017- തുടക്കം മുതല്‍ പിരിച്ചുവിടലിന് കമ്പനികള്‍ മറ്റുചില കാരണങ്ങളാണ് മുന്നോട്ടുവെയ്ക്കുന്നത്.
പ്രൊജക്ടുകള്‍ നഷ്ടപ്പെട്ട് പുറത്താകുന്ന അവസ്ഥ, ചെറു കമ്പനികള്‍ വിദേശ കമ്പനികളില്‍ ലയിക്കുമ്പോള്‍ കമ്പനിയുടെ ആസ്ഥാനം അവിടേയ്ക്ക് മാറ്റേണ്ട സാഹചര്യം എന്നിവയാണ് പിരിച്ചുവിടുന്നതിനുള്ള കാരണങ്ങളായി പറയുന്നത്. കമ്പനികളുടെ ആസ്ഥാനം മാറ്റുമ്പോള്‍ വലിയ സാമ്പത്തിക ചെലവ് വഹിക്കേണ്ടി വരും. ചെലവ് ചുരുക്കലിന്റെ ഭാഗം കൂടിയാണത്രെ കൂട്ട പിരിച്ചുവിടല്‍. ഓട്ടോമേഷന്‍ , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്റ്‌സ് തുടങ്ങിയ പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഐടി രംഗത്ത് ചുവടുറപ്പിക്കുമ്പോള്‍ ജീവനക്കാര്‍ അധികം ഇല്ലാതെ തന്നെ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ വമ്പന്‍ കമ്പനികളെല്ലാം ഈ സാങ്കേതിക വിദ്യ പൂര്‍ണ്ണമായി നടപ്പാക്കാനാണ് തീരുമാനം. അങ്ങനെയെങ്കില്‍ ജീവനക്കാരെ ഒഴിവാക്കി ഉയര്‍ന്ന ലാഭം കൊയ്യാനും കഴിയും. ഇത് മുന്നില്‍കണ്ടാണ് ഇപ്പോഴുള്ള പിരിച്ചുവിടലെന്നും പ്രതിധ്വനിയുടെ പ്രതിനിധികള്‍ പറയുന്നു. മുതിര്‍ന്ന ജീവനക്കാരെ ജോലിയില്‍ തുടരാന്‍ അനുവദിക്കുമ്പോള്‍ ഉയര്‍ന്ന ശമ്പളവും നല്‍കേണ്ടി വരും. ഇത് കമ്പനിയ്ക്ക് വഹിക്കാന്‍ കഴിയാത്തതിനാല്‍ പരിചയ സമ്പന്നരായ ജീവനക്കാരെ പിരിച്ചുവിട്ട് ചെറുപ്പക്കാരെ കുറഞ്ഞവേതനത്തില്‍ നിയമിക്കും.
തൊഴില്‍ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വൈകിയാല്‍ ഉണ്ടാകുന്ന പ്രതിസന്ധികള്‍ മുന്നില്‍ കണ്ടാണ് പ്രതിധ്വനിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജീവനക്കാര്‍ നിവേദനം സമര്‍പ്പിച്ചത്. പ്രശ്‌നങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ടെങ്കിലും ഐടി രംഗത്തെ ആശങ്കകള്‍ അവസാനിച്ചിട്ടില്ല. തങ്ങളുടെ പ്രശ്‌നങ്ങള്‍ അറിയിക്കുവാനും നീതീഉറപ്പുവരുത്താനും സര്‍ക്കാര്‍ തലത്തില്‍ ഒരു സമിതി വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം. സര്‍ക്കാര്‍ പ്രതിനിധി, ജീവനക്കാര്‍, ഐടി കമ്പനി ഉടമകള്‍ എന്നിവരടങ്ങുന്ന സെക്യൂരിറ്റി വെല്‍ഫയര്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും പ്രതിധ്വനി ആവശ്യപ്പെടുന്നു. 2008-ല്‍ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇത്തരമൊരു സംവിധാനം ആരംഭിക്കാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ അത് നടപ്പായില്ല.