Friday
21 Sep 2018

കാര്‍ഷികമേഖലയെ സംരക്ഷിക്കണം: സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍

By: Web Desk | Friday 16 February 2018 8:39 PM IST

വടകര: കാര്‍ഷികോല്പാദനമേഖലയെ സര്‍ക്കാര്‍ സംരക്ഷിച്ച് നിലനിര്‍ത്തണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. വടകര ചോമ്പാലില്‍ നടക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷക സംഗമത്തോടനുബന്ധിച്ച് നടന്ന ക്ഷീരകര്‍ഷക പാര്‍ലമെന്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
നമുക്ക് സ്വന്തമായിരുന്ന ഉല്പാദന മേഖലകള്‍ അന്യമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പാലുല്പാദനത്തില്‍ നാം സ്വയം പര്യാപ്തയോടടുക്കുന്നു എന്നത് പ്രത്യാശ നല്‍കുന്നു. ഇക്കാര്യത്തില്‍ എല്ലാവരുടെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
പാലുല്പാദനത്തില്‍ 2018 ല്‍ നാം സംപൂര്‍ണ സ്വയംപര്യാപ്തത നേടുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു അറിയിച്ചു. ഇതിനായി ആവിഷ്‌കരിച്ച പദ്ധതികള്‍ ലക്ഷ്യത്തോടടുത്തുകൊണ്ടിരിക്കുകയാണ്. ക്ഷീരകര്‍ഷക പാര്‍ലമെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ വളരെ ഗൗരവമായി തന്നെ പരിഗണിക്കുന്നു എന്നും പ്രായോഗികമായവ നടപ്പില്‍ വരുത്തുകയും ചെയ്തിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ക്ഷീരസഹകരണ സംഘങ്ങളെ പ്രതിനിധീകരിച്ച് 162 ബ്ലോക്ക് തല പ്രതിനിധികളാണ് പാര്‍ലമെന്റില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം, ത്രിതല പഞ്ചായത്ത് പദ്ധതികള്‍, ക്ഷീരകര്‍ഷക ക്ഷേമനിധി, മില്‍മ, പ്രാഥമിക സഹകരണ സംഘങ്ങള്‍, പായ്പാ നയം എന്നിവയെ കുറിച്ച് മികച്ച പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് ഉയര്‍ന്ന് വന്നത്.
ഐ സി എം ഡയറക്ടര്‍ ശശികുമാര്‍ എം വി, ക്ഷീരസഹകരണ പുനസംഘടന വിദഗ്ധസമിതി മെമ്പര്‍ സെക്രട്ടറി ജോര്‍ജ്കുട്ടി ജേക്കബ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എന്‍ രാജന്‍, കേരളാഫീഡ്‌സ് എം. ഡി. ഡോ. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു ബിജി വി ഈശോ സ്വാഗതവും റാഫി പോള്‍ നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരുടെയും ശില്‍പ്പശാല മന്ത്രി അഡ്വ: കെ രാജു ഉദ്ഘാടനം ചെയ്തു. മില്‍മ ചെയര്‍മാന്‍ പി ടി ഗോപാലക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. കല്ലട രമേശ്, ഭാസ്‌ക്കരന്‍, എം കെ , എന്‍ വി ശശി, കെ കെ ഷാജിമോന്‍, രവീന്ദ്രന്‍ സംസാരിച്ചു. ടെക്‌നിക്കല്‍ സെഷന്‍ മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് സെക്രട്ടറി അനില്‍ സേവ്യര്‍ ഉദ്ഘാടനം ചെയ്തു. പൈതൃക കലാസന്ധ്യ, കലാപരിപാടികള്‍, ഭാരതോത്സവം നാടന്‍പാട്ട് മെഗാഷോ തുടങ്ങിയവയും അരങ്ങേറി.
ഇന്ന് പ്രതിനിധി സമ്മേളനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി അഡ്വ: കെ രാജു അധ്യക്ഷത വഹിക്കും. ഡോ; വര്‍ഗ്ഗീസ് കുര്യന്‍ അവാര്‍ഡ് ദാനം മന്ത്രി മാത്യു ടി തോമസും സംസ്ഥാന ക്ഷീര സഹകാരി അവാര്‍ഡ് ദാനം മന്ത്രി വി എസ് സുനില്‍ കുമാറും നിര്‍വ്വഹിക്കും. കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം, സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവയും ഇന്ന് നടക്കും.