Sunday
19 Nov 2017

സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ആധുനിക ലൈബ്രറി സംവിധാനം

By: Web Desk | Friday 13 October 2017 11:18 PM IST

ഡാലിയ ജേക്കബ്

ആലപ്പുഴ: സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ ജനപങ്കാളിത്തത്തോടെ ആധുനിക ലൈബ്രറി സംവിധാനം നിലവില്‍ വരുന്നു. ഇതിന് മുന്നോടിയായുള്ള പുസ്തക ശേഖരണം നവംബര്‍ ആദ്യവാരത്തോടെ ആരംഭിക്കും. ഇതിനുവേണ്ടിയുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുവിദ്യാലയങ്ങളിലെ പ്രഥമ അധ്യാപകര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കി കഴിഞ്ഞു.
കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ 35 ലക്ഷം കുട്ടികള്‍ കൂടാതെ അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ഥികളും പുസ്തക ശേഖരണത്തില്‍ പങ്കാളികളാകും. കുട്ടികളില്‍ വായനാശീലം വീണ്ടെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ലൈബ്രറി സംവിധാനം വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്. വിവിധ അധ്യാപക സംഘടനകളും പുസ്തക ശേഖരണത്തിലേയ്ക്കായി പുസ്തകങ്ങള്‍ സംഭാവന ചെയ്യും. യാതൊരുവിധ ഫണ്ടുകളും ഇല്ലാതെയാണ് ആധുനിക ലൈബ്രറി സംവിധാനത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത്. ലൈബ്രറിയുടെ രണ്ടാം ഘട്ടത്തില്‍ സ്‌കൂള്‍ ലൈബ്രറിയുടെ ഫണ്ട് വിനിയോഗിക്കും. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗങ്ങള്‍ കേന്ദ്രീകരിച്ച് സെന്‍ട്രല്‍ ലൈബ്രറി, എല്ലാ ക്ലാസുകളിലും ലൈബ്രറി, അധ്യാപകരുടെ കയ്യില്‍ ഡിജിറ്റല്‍ ലൈബ്രറി എന്നിങ്ങനെയാണ് ആധുനിക ലൈബ്രറി നിലവില്‍ വരുന്നത്.പുസ്തക ശേഖരണത്തിന്റെയും ഹൈടെക്ക് ലൈബ്രറി സംവിധാനങ്ങളുടേയും പൂര്‍ണ്ണ രൂപം തയ്യാറാക്കി വരികയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ജനയുഗത്തോട് പറഞ്ഞു.
സ്‌കൂളുകളില്‍ ലഭിക്കുന്ന മുഴുവന്‍ പുസ്തകവും സെന്‍ട്രല്‍ ലൈബ്രറിയില്‍ സൂക്ഷിക്കും. എല്ലാ ക്ലാസ് റൂമുകളിലും ക്ലാസ് റൂം ലൈബ്രറിയും പ്രവര്‍ത്തിക്കും. ഓരോ ക്ലാസിലേയും കുട്ടികള്‍ക്ക് അതാത് ക്ലാസുകളില്‍ അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് പുസ്തകങ്ങള്‍ ക്ലാസ് റൂം ലൈബ്രറിയില്‍ ലഭ്യമാകും. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട റഫറന്‍സ് പുസ്തകങ്ങള്‍ അധ്യാപകര്‍ ഡിജിറ്റലായി സൂക്ഷിക്കും. എല്ലാ അധ്യാപകര്‍ക്കും ഡിജിറ്റല്‍ ലൈബ്രറിക്ക് ആവശ്യമായ സംവിധാനങ്ങളും ലഭ്യമാക്കും. കേരള പിറവിയോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ആധുനിക ലൈബ്രറി സംവിധാനത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമാകും.

 

Related News