Tuesday
16 Oct 2018

‘മീ ടൂ’: ജഡ്ജിമാരുടെ സമിതി രുപീകരിക്കുന്നു

By: Web Desk | Friday 12 October 2018 3:23 PM IST

‘# മീ ടൂ’ ആരോപണങ്ങൾ അന്വേഷിക്കാൻ ജഡ്ജിമാരും നിയമവിദഗ്ദ്ധരും ഉൾപ്പെട്ട സമിതി രൂപീകരിക്കുമെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി മനേക ഗാന്ധി അറിയിച്ചു.  ‘# മീ ടൂ’ വിവാദത്തിൽ കുടുങ്ങിയ കേന്ദ്ര മന്ത്രി എം ജെ അക്ബറിന്‍റെ രാജിക്ക് വേണ്ടി സമ്മർദം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് പുതിയ സമിതി രൂപീകരണം.അക്ബറിനെതിരെ ഏതാണ്ട് ഒമ്പതു വനിതാ ജേർണലിസ്റ്റുകൾ ലൈംഗിക അതിക്രമം ആരോപിച്ചതിനെ പരാമർശിച്ച് മനേക പറഞ്ഞു: “ഞാൻ അതെല്ലാം വിശ്വസിക്കുന്നു. ഓരോ പരാതിക്കു പിന്നിലുമുള്ള വേദനയും ആഘാതവും വിശ്വസിക്കുന്നു. തൊഴിലിടങ്ങളിലെ ലൈംഗിക പീ‍‍‍ഡനങ്ങൾ പൂർണമായും ഇല്ലാതാകണം””ജഡ്ജിമാരുടെ ഒരു സമിതി നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തി ഇക്കാര്യത്തിൽ എങ്ങനെ മുന്നോട്ട് പോകണമെന്ന്  ഞങ്ങൾക്ക് ഉപദേശം നൽകാൻ രുപീകരിച്ചു” അവർ പറഞ്ഞു.

ഇത്തരം ലൈംഗിക അതിക്രമങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നതു  സംബന്ധിച്ച നിയമപരവും സംഘടനാപരവുമായ സംവിധാനങ്ങളെക്കുറിച്ചു ഉപദേശം നൽകാനാണ് സമിതി രൂപീകരിക്കുന്നതെന്ന് അവർ ട്വീറ്റ് ചെയ്തു. ‘# മീ ടൂ’ പ്രചാരണത്തിന് കേന്ദ്ര വനിത മന്ത്രിമാരായ മനേക, സ്‌മൃതി ഇറാനി, ഉമാ ഭാരതി എന്നിവർ പിന്തുണ വാഗ്ദാനം ചെയ്തതിനു പിന്നാലെയാണ് ഈ പ്രഖ്യാപനം.

എം ജെ അക്ബറിനെതിരെ ‘# മീ ടൂ’ വിവാദം ഉയർന്നപ്പോൾ അന്വേഷണം ആവശ്യപ്പെട്ടു രംഗത്ത് വന്ന ആദ്യ ബിജെപി നേതാവാണ് മനേക. “അധികാരസ്ഥാനത്തുള്ള പുരുഷന്മാർ പലപ്പോഴും ഇങ്ങനെ ചെയ്യുന്നു. മാധ്യമങ്ങളിൽ, രാഷ്ട്രീയത്തിൽ, ഉന്നത കമ്പനികളിൽ ഒക്കെ ഇതുണ്ട്. ഇപ്പോൾ സ്ത്രീകൾ തുറന്നു പറഞ്ഞു തുടങ്ങി. നമ്മൾ അത് ഗൗരവത്തിൽ എടുക്കണം,” അവർ പറഞ്ഞു.  എന്നാൽ തന്റെ സഹമന്ത്രിയെക്കുറിച്ചു ഇതുവരെ വിദേശ മന്ത്രി സുഷമ സ്വരാജ് പ്രതികരിച്ചിട്ടില്ല.

Related News