Friday
25 May 2018

ഗ്രാമീണ ഗവേഷക സംഗമം 2018ന് എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വര്‍ണ്ണാഭമായ തുടക്കം

By: Web Desk | Monday 14 May 2018 5:28 PM IST

കല്‍പറ്റ: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്രാമീണ ഗവേഷക സംഗമം 2018ന് എം എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തില്‍ വര്‍ണ്ണാഭമായ തുടക്കമായി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഗ്രാമീണ ഗവേഷക സംഗമം ഉദ്ഘാടനം ചെയ്തു. രാഷ്ട്ര വികസനം ഗ്രാമ വികസനത്തിലൂടെ എന്ന മഹാത്മാഗാന്ധിയുടെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനാണ് കേരള സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.

സാങ്കേതിക വിജ്ഞാനം വ്യാപിപ്പിക്കാനും പുതിയ തലമുറക്കായി ബന്ധിപ്പിക്കാനും മുന്നിട്ടിറങ്ങേണ്ടതുണ്ട്. സാങ്കേതിക വിദ്യയിലെ പുത്തന്‍ അറിവുകള്‍ സാധാരണ കര്‍ഷകരിലെത്തിക്കാനും സമൂഹത്തിന്റെ സമഗ്ര വികസനത്തിന് ഉപയോഗപ്രദമാക്കുവാനും ഗ്രാമീണ ഗവേഷക സംഗമത്തിലൂടെ കഴിയണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അറിവിനെ അനുഭവമായി വര്‍ദ്ധിപ്പിക്കാനും വികസനത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്താനും അതുപോലെതന്നെ വികസനത്തിന്റെ വേഗം വര്‍ദ്ധിപ്പിക്കാനും  പുതിയ വിജ്ഞാനാധിഷ്ഠിത നേട്ടങ്ങളെ ശാക്തീകരിച്ച് പാവപ്പെട്ടവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ കൂട്ടായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയത്തിലെ സാമൂഹിക കാര്‍ഷിക ജൈവവൈവിധ്യ കേന്ദ്രത്തെ കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 2018 ഗ്രാമീണ ഗവേഷക സംഗമം പ്രൊസീഡിംഗ്‌സ് എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം ചെയര്‍ പേഴ്‌സണ്‍ പ്രൊഫസര്‍ മധുര സ്വാമിനാഥന് നല്‍കിക്കൊണ്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.കേരള തുറമുഖം മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ റിം2018 എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമങ്ങളെ ഉദ്ധരിക്കാന്‍ ഗവേഷണ നിരീക്ഷണങ്ങള്‍ കര്‍ഷകരിലെത്തിക്കേണ്ടതും, മനുഷ്യര്‍ക്ക് ഹാനികരമായ കീടനാശിനി തളിച്ച പച്ചക്കറികള്‍ ഉപേക്ഷിച്ച് നമ്മുടെ നാട്ടില്‍ത്തന്നെ ജൈവപച്ചക്കറി ഉല്‍പ്പാദിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ കല്‍പറ്റ നിയോജക മണ്ഡലം എം.എല്‍.എ. സി.കെ. ശശീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ചീഫ് സയന്റിസ്റ്റ് ഡോ. അജിത്ത് പ്രഭു എന്താണ് ഗ്രാമീണ ഗവേഷക സംഗമം എന്ന് അവതരിപ്പിച്ചു.എം.എസ്. സ്വാമിനാഥന്‍ ഗവേഷണ നിലയം ചെയര്‍പേഴസണ്‍ ഡോ. മധുര സ്വാമിനാഥന്‍ മുഖ്യപ്രഭാഷണവും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.സുരേഷ് ദാസ് പ്രത്യേക പ്രഭാഷണവും നടത്തി. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, റിം2018 അഡൈ്വസറി കമ്മറ്റി ചെയര്‍മാന്‍ ഡോ. ആര്‍.വി.ജി. മേനോന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ സനിത ജഗദീഷ്, എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയം സ്റ്റിയറിംഗ് കമ്മറ്റി ചെയര്‍മാന്‍ പ്രൊഫസര്‍ എം.കെ. പ്രസാദ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍ സ്വാഗതവും എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയം ഡയറക്ടര്‍ ഡോ. വി. ബാലകൃഷ്ണന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.