Tuesday
16 Oct 2018

മലമുഴക്കി വേഴാമ്പലിന്‍റെ ഏറ്റവും വലിയ ശില്പം രാമക്കല്‍മേട്ടില്‍

By: Web Desk | Wednesday 16 May 2018 8:50 PM IST

രാമക്കല്‍മേട്ടിലെ കുറവന്‍കുറത്തി പ്രതിമക്ക് സമീപം ഒരുങ്ങുന്ന മലമുഴക്കി വേഴാമ്പലിന്റെ ശില്‍പ്പം
സുനില്‍ കെ കുമാരന്‍

നെടുങ്കണ്ടം: രാമക്കല്‍മേട് വിനോദ സഞ്ചാരകേന്ദ്രത്തില്‍ കുറവന്‍കുറത്തി പ്രതിമയ്ക്ക് സമീപം കേരളത്തിന്റെ ഔദ്യോഗിക പക്ഷിയായ മലമുഴക്കി വേഴാമ്പലിന്റെ ഏറ്റവും വലിയ ശില്പം രാമക്കല്‍മേട്ടില്‍ ഒരുങ്ങി. ഇടുക്കിയുടെ കാര്‍ഷിക സംസ്‌ക്കാരിക പൈതൃകത്തിന്റെ പ്രതീകമായ കുറവന്‍ കുറത്തി ശില്പത്തോട് ചേര്‍ന്നാണ് പുതിയശില്പം ഒരുക്കിയിരിക്കുന്നത്. ശില്പം എന്നതിനേക്കാള്‍ ഉപരി വാച്ച് ടവറായാണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. 30 ലക്ഷം രൂപ മുടക്കിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വാച്ച് ടവറിന്റെ 34 അടി ഉയരമുള്ള ശില്പത്തിന്റെ ഏകദേശം 22 അടി ഭാഗത്ത് സഞ്ചാരികള്‍ക്ക് വിദൂര കാഴ്ചകള്‍ കാണാനും
സൗകര്യമുണ്ട്. ഇവിടെ നിന്നും രാമക്കല്ലിന്റെയും തമിഴ്‌നാടന്‍ കാര്‍ഷിക ഗ്രാമങ്ങളുടേയും സഹ്യന്റെ പച്ചപ്പുമെല്ലാം കൂടുതല്‍ വ്യക്തമായ കാഴ്ച ലഭിക്കും. ഒപ്പം രാമക്കല്‍മേട്ടിലെ കാറ്റും ശക്തമായി ലഭിക്കും.

മണ്ണില്‍ നിന്നും വേരറ്റു തുടങ്ങുന്ന പടുകൂറ്റന്‍ വൃക്ഷം. വൃക്ഷത്തിന് മുകളില്‍ ഒരു വൃക്ഷ തൈയും കടിച്ച് പിടിച്ച് വിഹായുസിലേയ്ക്ക് പറന്നുയരാന്‍ ശ്രമിയ്ക്കുന്ന വേഴാമ്പല്‍, വരും തലമുറയ്ക്കായി പഴങ്ങള്‍ കൊക്കില്‍ ശേഖരിയ്ക്കുന്നതു പോലെ നാളെയുടെ പ്രകൃതിയ്ക്കായി ഒരു മരതൈ ചുണ്ടില്‍ കരുതിയിരിക്കുന്നു. ഇത്തരത്തിലാണ് മലമുലമുഴക്കി വേഴാമ്പലിനെ
ശില്പി കെ ആര്‍ ഹരിലാല്‍ 34 അടി ഉയരത്തില്‍ കൊത്തിയെടുത്തിരിക്കുന്നത്. രണ്ടാം ഘട്ടമായി വാച്ച് ടവറിലേയ്ക്ക് കയറുന്ന ഭാഗത്ത് ഇടുക്കിയുടെ കാര്‍ഷിക സംസ്‌കാരത്തിന്റെ പ്രതീകങ്ങളായ ചുവര്‍ ചിത്രങ്ങള്‍ ഒരുക്കാനും ആലോചനയുണ്ടെന്ന് ശില്പി കെ.ആര്‍ ഹരിലാല്‍ പറയുന്നു. ഇടുക്കിയുടെ തുടുപ്പുകള്‍ നേരിട്ടറിഞ്ഞ ചിത്രകാരനാണ് ശില്പിയായ ഹരിലാല്‍. ചിത്രകലാ അധ്യാപകനായി ഇടുക്കിയിലെ വിവിധ സ്‌കൂളുകളിലാണ് ഇദ്ദേഹം സേവനം
അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇടുക്കി വാഴത്തോപ്പിലാണ് താമസം.

മല മുഴക്കി വേഴാമ്പലിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ രാമക്കല്‍മേടിന്റെ വികസനത്തിനായി പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തായവുന്നതോടെ ടൂറിസം മേഖലയില്‍ രാമക്കല്‍മേട് ഒരുപടി മുന്നിലെത്തും. രാമക്കല്‍മേടും ആമകല്ലും കാറ്റാടിപാടങ്ങളും എല്ലാം കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നവയാണ്. നിര്‍മ്മാണം പൂര്‍ത്തികരിച്ച മലമുഴക്കി വേഴാമ്പല്‍ ശില്‍പ്പത്തിന്റെ ഉദ്ഘാടനം 20ന് രാവിലെ 10ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് അദ്ധ്യക്ഷത വഹിക്കും. ഒരു കോടി 38 ലക്ഷം രൂപയുടെ വികസന പദ്ധതികള്‍, അനര്‍ട്ടിന്റെ നേത്യത്വത്തിലുള്ള ആറ് കോടി രൂപയുടെ സോളാര്‍പാനല്‍ പദ്ധതിയുടെ ഉദ്ഘാടനവും ഇതേ ദിവസം നടക്കും.