Thursday
18 Oct 2018

വിജ്ഞാനത്തിന്റെ ഉറവിടം

By: Web Desk | Wednesday 23 August 2017 1:12 AM IST

യു വിക്രമന്‍:

കാര്യവിചാരം

പ്രപഞ്ചത്തെപ്പറ്റി അറിയുക അസാധ്യമാണെന്ന് വാദിച്ചിരുന്ന പ്രമാണത്തെയാണ് അജ്ഞേയവാദം എന്നു പറഞ്ഞുവന്നത്. ഗ്രീക്ക് ഭാഷയില്‍ അഗ്നോസ്റ്റോസ് എന്നാലര്‍ത്ഥം അജ്ഞാതം, അറിയാനാവാത്തത് എന്നാണ്. എല്ലാവിധ വിജ്ഞാനത്തിന്റേയും ഉറവിടം സംവേദനങ്ങളാണെന്ന് പറയുന്ന അജ്ഞേയവാദികളുടെ യുക്തിവാദം ഏതാണ്ടിപ്രകാരമാണ്: ”നമ്മുടെ സംവേദനങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് അനുരോധമായിട്ടുള്ളതാണെങ്കില്‍ നമ്മുടെ ജ്ഞാനം സത്യമായിരിക്കും. എന്നാല്‍ സംവേദനങ്ങള്‍ അവയ്ക്കു പുറത്തുള്ള വസ്തുക്കളില്‍ നിന്ന് വിഭിന്നമായിരിക്കുന്നിടത്തോളം നമ്മുടെ ജ്ഞാനം അസത്യമായിരിക്കും.” പക്ഷേ, ഒരു വസ്തുവിനെക്കുറിച്ചുള്ള നമ്മുടെ അനുഭൂതികളെ ഈ വസ്തുവുമായിത്തന്നെ താരതമ്യപ്പെടുത്താനാവുമോ?
ഇംഗ്ലീഷ് തത്വചിന്തകനായ ഡേവിഡ് ഹ്യൂമിന് ഇതേക്കുറിച്ച് പറയാനുള്ളത് ഇപ്രകാരമായിരുന്നു: ”മനസിനെ സംബന്ധിച്ചിടത്തോളം അനുഭൂതികളല്ലാതെ മറ്റൊന്നും നിലവിലില്ല. വസ്തുക്കളുമായുള്ള അവയുടെ അന്വയങ്ങളെപ്പറ്റി മനസിന് ഒരു അനുഭവമുണ്ടാകാനും വഴിയില്ല.”
ആ സ്ഥിതിക്ക് നമുക്ക് നമ്മുടെ അനുഭൂതികളെ ഒന്നുമായും താരതമ്യപ്പെടുത്താനാവില്ല. അവ യാഥാര്‍ത്ഥ്യത്തിന് അനുരോധമാണോ എന്ന് പരിശോധിച്ചറിയാന്‍ നമ്മുടെ മുന്നില്‍ യാതൊരു മാര്‍ഗവുമില്ല. അതുകൊണ്ട് അവ വസ്തുക്കളുടെ ശരിയായ പ്രതിഫലനങ്ങളാണോ അല്ലയോ എന്ന് പറയാനും നമുക്ക് നിവൃത്തിയില്ല. നാം ഗ്രഹിക്കുന്നമാതിരിയുള്ള ഗുണങ്ങളോടുകൂടിയ ബാഹ്യവസ്തുക്കള്‍ ഉണ്ടായെന്നുവരാം. അങ്ങനെയാതൊന്നും വാസ്തവത്തില്‍ ഇല്ലെന്നും വരുന്നു. അജ്ഞേയവാദികളുടെ അഭിപ്രായത്തില്‍ മനുഷ്യനെക്കൊണ്ട് പരിഹരിക്കാനാവാത്ത ഒരു പ്രശ്‌നമാണിത്.
മനുഷ്യന്റെ അറിവിന്റെ ഏക ഉറവിടം സംവേദനങ്ങളാണെന്ന് ഹ്യൂമിന്റെ മുന്‍ഗാമിയായിരുന്ന ആത്മനിഷ്ഠ ആശയവാദി ജോര്‍ജ്ജ് ബര്‍ക്കിലിയും വിശ്വസിച്ചിരുന്നു. പക്ഷേ, എല്ലാ ബാഹ്യവസ്തുക്കളും സംവേദനങ്ങളുടെ സമാഹാരങ്ങള്‍ മാത്രമാണെന്ന് പറയുന്ന അതേ അവസരത്തില്‍ തന്നെ സംവേദനത്തില്‍ നിന്ന് സ്വതന്ത്രമായ അസ്തിത്വമുള്ള ഈശ്വരന്റെ നിലനില്‍പ്പ് അദ്ദേഹം അംഗീകരിച്ചിരുന്നു. സംവേദനത്തിന്റെ ഉറവിടം ഈശ്വരനാണ്. ഈ അഭിപ്രായത്തില്‍ ബര്‍ക്കിലിയുടെ അഭിപ്രായത്തിന് നിരന്തരത്വമുണ്ടായിരുന്നില്ല. എന്നു മാത്രമല്ല, സംവേദനത്തിന്റെ ഉറവിടം (ഈശ്വരന്‍) സംവേദനത്തില്‍ നിന്ന് സ്വതന്ത്രമായി നിലനില്‍ക്കുന്നുവെന്നു പറയുമ്പോള്‍ അദ്ദേഹം തന്റെ തന്നെ അഭിപ്രായത്തെ ഖണ്ഡിക്കുകയുമായിരുന്നു. ഹ്യൂം സ്വയം ഒരു ആശയവാദി ആയിരുന്നെങ്കിലും ബര്‍ക്കിലിയില്‍ നിന്ന് വ്യത്യസ്തമായി ഈശ്വരന്റെ നിലനില്‍പ്പ് നിഷേധിച്ചുകൊണ്ട് വിജ്ഞാനത്തിന്റെ ഏക ഉറവിടം സംവേദനങ്ങള്‍ മാത്രമാണെന്ന ആശയം അദ്ദേഹം നിരന്തരം മുറുകെപ്പിടിച്ചു.
ഹ്യൂമിന്റെ അജ്ഞേയവാദത്തിന്റെ ഈയൊരു വശംചില ശാസ്ത്രജ്ഞര്‍ക്ക് നന്നേ ഇഷ്ടപ്പെട്ടിരുന്നു. എന്തെന്നാല്‍ അത് വൈദികവിദ്യയ്‌ക്കെതിരായിരുന്നു. എങ്കിലും അജ്ഞേയവാദം ശാസ്ത്രത്തിനെതിരാണെന്ന് അവരില്‍ കൂടുതല്‍ ആശയവ്യക്തതയുള്ളവര്‍ മനസിലാക്കി; കാരണം യാഥാര്‍ത്ഥ്യം കണ്ടെത്തുകയെന്നതാണ് ശാസ്ത്രത്തിന്റെ പ്രധാന ഉദ്ദേശ്യം. എന്നാല്‍ വസ്തുനിഷ്ഠമായ ലോകത്തെ അറിയുന്നതിനുള്ള സാധ്യതയെത്തന്നെ നിഷേധിക്കുന്നതിലേയ്ക്കാണ് നിരന്തരമായ അജ്ഞേയവാദം നമ്മെക്കൊണ്ടെത്തിക്കുന്നത്.
ബാഹ്യലോകത്തെപ്പറ്റിയുള്ള നമ്മുടെ വിജ്ഞാനത്തിന്റെ ഉറവിടം സംവേദനങ്ങളാണെന്നതില്‍ സംശയമില്ലെന്ന് സാധാരണ അനുഭവം – വ്യക്തിപരമായാലും പൊതുവിലുള്ളതായാലും – നമ്മോട് പറയുന്നു. നിത്യജീവിതത്തില്‍ നിന്നോ പരീക്ഷണ ശാസ്ത്രത്തില്‍ നിന്നോ നാം പഠിക്കുന്ന മിക്ക സംഗതികളും സംവേദനങ്ങളുടെ അടിസ്ഥാനത്തിലുള്ളതുതന്നെയാണ്. ഈ അഭിപ്രായത്തില്‍ ഭൗതികവാദികള്‍ക്കും അജ്ഞേയവാദികള്‍ക്കും യോജിപ്പുണ്ട്. സംജ്ഞാനത്തില്‍, ജ്ഞാനഗോചരതയില്‍, സംവേദനങ്ങള്‍ക്കുള്ള പങ്കിന്റെ, അവയുടെ ഉറവിടത്തിന്റെ, പ്രശ്‌നം വരുമ്പോഴാണ് അവര്‍ക്ക് അഭിപ്രായ വ്യത്യാസം തുടങ്ങുന്നത്.
സംവേദനങ്ങള്‍ ചുറ്റുപാടുകളെക്കുറിച്ച് മസ്തിഷ്‌കത്തിന് സംസൂചനകള്‍ എത്തിക്കുകയും ആ സംസൂചനകളെ കാച്ചിക്കുറുക്കിയെടുക്കുകയും ചെയ്യുന്നുവെന്നാണ് ഭൗതികവാദികളുടെ പക്ഷം. ഭൗതികലോകമേ ഇല്ലെന്നു പറയുന്ന അജ്ഞേയവാദികള്‍ അക്കാരണത്താല്‍ തന്നെ സംജ്ഞാനത്തിനുള്ള സാധ്യതയെ നിഷേധിക്കുന്നു. അതുകൊണ്ടും സംഗതികള്‍ അവസാനിക്കുന്നില്ല. എല്ലാ അറിവിനേയും ഇന്ദ്രിയാനുഭൂതികളായി ചുരുക്കുന്ന അജ്ഞേയവാദികള്‍ക്ക് വിശദീകരിക്കാനാവാത്ത ഒരു സംഗതിയാണ്, സംവേദനങ്ങളും ഇന്ദ്രിയാനുഭൂതികളുമായി ചുരുക്കാനാവാത്ത ചില ആശയങ്ങളും ധാരണകളും മനുഷ്യന്റെ ബോധത്തില്‍, പ്രത്യേകിച്ചും ശാസ്ത്രീയ വിജ്ഞാനസമ്പ്രദായത്തില്‍ ഉടലെടുക്കുന്നതെങ്ങനെയാണെന്നത്.
പരീക്ഷണ പ്രകൃതിശാസ്ത്രങ്ങളും ഗണിതശാസ്ത്രവും സത്വരമായ പുരോഗതി കൈവരിച്ചിരുന്ന ഒരു കാലഘട്ടത്തിലാണ് അജ്ഞേയവാദം സ്വതന്ത്രമായ ഒരു പ്രവണതയായി രൂപംകൊണ്ടത്. ഗണിതശാസ്ത്ര അപഗ്രഥനത്തിന്റേയും ഉന്നത ബീജഗണിതത്തിന്റേയും മറ്റും ഉയര്‍ന്നതോതിലുള്ള വികാസവും ഇതിന്റെ ആവിര്‍ഭാവവും ഒപ്പമായിരുന്നു. അനന്തം, ഫലനം, അനന്തസൂക്ഷ്മം, എന്‍-സ്‌പേസ് വെക്ടര്‍ തുടങ്ങി ഈ ഗണിതശാസ്ത്രശാഖകളില്‍ ഉപയോഗിച്ചുവരുന്ന ചില ധാരണകള്‍ സംവേദനങ്ങളില്‍ നിന്ന് രൂപീകരിക്കാനോ സംവേദനങ്ങളാക്കി അവയെ ചുരുക്കാനോ സാധ്യമല്ല എന്നുവരികിലും പ്രായോഗികവും സൈദ്ധാന്തികവുമായ പ്രാധാന്യമുള്ളതും സംശയലേശം കൂടാതെ തെളിയിക്കപ്പെട്ടിട്ടുള്ളതുമായ ശാസ്ത്രീയ യാഥാര്‍ത്ഥ്യങ്ങളാണ് അവ. ആധുനികശാസ്ത്രത്തില്‍ പ്രചുരപ്രചാരത്തില്‍ വന്നുകഴിഞ്ഞിട്ടുള്ള പലേ അടിസ്ഥാന ധാരണകളും വിശദീകരിക്കാന്‍ കഴിയാതെപോയ അജ്ഞേയവാദത്തിന്റെ കുറവുകളുടെ നേര്‍ക്ക് വിരല്‍ചൂണ്ടുന്നതായിരുന്നു ഈ വസ്തുത.
തത്വചിന്താപരമായ യുക്തിവാദം വിജ്ഞാനസിദ്ധാന്തത്തിന്റെ വികാസത്തെ ഒട്ടധികം സ്വാധീനിക്കുകയുണ്ടായി. സംജ്ഞാനത്തിന്റെ പരമമായ ലക്ഷ്യത്തിലെത്താന്‍ നിയമങ്ങളോടൊപ്പം വസ്തുക്കളുടെ അടിസ്ഥാന ഗുണങ്ങളും ബന്ധങ്ങളും കണ്ടുപിടിക്കാന്‍, യുക്തികൊണ്ടു മാത്രമേ തര്‍ക്കശാസ്ത്രപ്രകാരമുള്ള വാദപ്രതിവാദംകൊണ്ടു മാത്രമേ സാധിക്കൂ എന്ന് ഇന്ദ്രിയാനുഭൂതികള്‍ക്ക് ദ്വിതീയത കല്‍പ്പിച്ചുകൊണ്ട് യുക്തിവാദികള്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഓരോ വാദപ്രതിവാദത്തിനും ഒരു തുടക്കം, ഒരു ആരംഭബിന്ദു ഉണ്ടായിരിക്കണം.
പ്രപഞ്ചത്തേയോ അതിന്റെ ഓരോരോ ഭാഗങ്ങളേയോ സംബന്ധിച്ച ചില ആധാരവാക്യങ്ങള്‍ അഥവാ ‘സ്വയം പ്രമാണങ്ങള്‍’ അഥവാ ‘തത്വങ്ങള്‍’ ആയിരിക്കണം ഇപ്രകാരമുള്ള തുടക്കം ഇട്ടുകൊടുക്കേണ്ടത്. പക്ഷേ ഇവതന്നെ എവിടെ നിന്നാണ് പൊട്ടിവിടരുക? തത്വങ്ങളില്‍ നിന്ന് ക്രമേണയായി സര്‍വസാധ്യതയുള്ള വിജ്ഞാനം അനുമാനിച്ചെടുക്കാന്‍ നമ്മെ സഹായിക്കുന്ന തര്‍ക്കശാസ്ത്ര നിയമങ്ങളും ചട്ടങ്ങളും തന്നെ എവിടെ നിന്നാണ് പൊട്ടിവിടരുക?
ദിവ്യശക്തിയില്‍ നിന്ന് തത്വചിന്തകര്‍ക്കും ശാസ്ത്രജ്ഞര്‍ക്കും അത് ലഭിക്കുമെന്നാണ് ആസ്തികയുക്തിവാദികള്‍ വിശ്വസിച്ചിരുന്നത്. നേരെമറിച്ച്, തത്വങ്ങളും സ്വയം പ്രമാണങ്ങളും നിയമങ്ങളും മറ്റും കണ്ടുപിടിക്കാന്‍ ചിന്തകര്‍ക്ക് കഴിഞ്ഞേയ്ക്കുമെന്നായിരുന്നു നാസ്തികരുടെ പക്ഷം. മനസിന്റെ പരിശീലനം മുഖേന ചിന്തകര്‍ക്ക് ഭൂതോദയത്തിലൂടെ ആവശ്യമായ എല്ലാ പ്രാരംഭ തീര്‍പ്പുകളും മുന്‍കൂട്ടി സങ്കല്‍പ്പിക്കാന്‍ കഴിയുമെന്നും ഈ തീര്‍പ്പുകള്‍ വ്യക്തവും നിര്‍വചിത്വവും തര്‍ക്കമറ്റതുമായിരിക്കുമെന്നും അവര്‍ വാദിച്ചു. മനുഷ്യന്റെ യുക്തിബോധത്തിനാണ് ഏറ്റവും ഉയര്‍ന്ന പ്രമാണിക സ്ഥാനം. അതിന്റെ സൃഷ്ടികളായ ധാരണകളിലും സിദ്ധാന്തങ്ങളിലും അത് യാതൊരു അയുക്തിയും കാണുന്നില്ലെങ്കില്‍ അവയുടെ സാധ്യതയ്ക്ക് പിന്നെ മറ്റ് തെളിവുകളൊന്നും തേടിപ്പോകേണ്ടതില്ല.

Related News