Friday
25 May 2018

കൗമാര കലയെ ചിലമ്പണിയിക്കാന്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍

By: Web Desk | Thursday 28 December 2017 10:35 PM IST

തൃശൂര്‍: മുളങ്കുട്ടകളും ബാംബു ബാഡ്ജും മുതല്‍ പേപ്പര്‍പേനയും സമ്മാനവും വരെ ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് കലോത്സവമെത്തുന്നു. തൃശൂരിന്റെ ഹൃദയമായ തേക്കിന്‍കാട് ആയിരം വോളണ്ടിയര്‍മാരെ വച്ച് ജനുവരി 4 ന് വൃത്തിയാക്കിക്കൊണ്ട് കലോത്സവത്തിന്റെ പച്ചപ്പിനും ശുചിത്വത്തിനും തുടക്കമിടും. ഗ്രീന്‍ ആന്റ് ക്ലീന്‍ ആശയപ്രചരണത്തിനായി ഫ്‌ളാഷ്‌മോബും തെരുവുനാടകവുമൊരുക്കും. പൂര്‍ണമായും മുള കൊണ്ട് നിര്‍മ്മിക്കുന്ന ബാംബു വീട് മറ്റൊരു പ്രത്യേകതയാകും.
മാലിന്യങ്ങള്‍ ശേഖരിക്കാന്‍ മുളങ്കുട്ടകളാണ് വിവിധയിടങ്ങളില്‍ സ്ഥാപിക്കുക. തേക്കിന്‍കാടിന്റെ വിവിധ ഭാഗങ്ങളില്‍ ചെറിയ കുടിലുകളൊരുക്കി ബോധവല്‍ക്കരണം നടത്തും. പ്ലാസ്റ്റിക് കവറുകള്‍ കലോത്സവ വേദിയിലേക്ക് പ്രവേശിപ്പിക്കില്ല. പകരം തുണിസഞ്ചി നല്‍കും.
പ്രോഗ്രാം കമ്മിറ്റിക്കുവേണ്ടി അധ്യാപകരും കുട്ടികളും ചേര്‍ന്ന് കടലാസു പേനകള്‍ തയ്യാറാക്കി നല്‍കും. തൃശൂര്‍ ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങളിലെ കുട്ടികളും അധ്യാപകരും ചേര്‍ന്നാണ് പേനകള്‍ തയ്യാറാക്കുന്നത്. ജനുവരി രണ്ടിന് തൃശൂര്‍ ഗവ. മോഡല്‍ ഗേള്‍സ് സ്‌കൂളില്‍ 500 ഓളം പേനകള്‍ ഇവര്‍ തയ്യാറാക്കും. രാവിലെ 10 ന് നിര്‍മ്മാണം ആരംഭിക്കും. പേനകള്‍ 12 മണിയോടെ പ്രോഗ്രാം കമ്മിറ്റിക്കുവേണ്ടി ചെയര്‍മാന്‍ മുരളി പെരുനെല്ലി എം എല്‍ എയും കണ്‍വീനര്‍ ടി വി മദനമോഹനനും ചേര്‍ന്ന് ഏറ്റുവാങ്ങും.
കടലാസ് പേന നിര്‍മ്മാണത്തിന് തൃശൂര്‍ ഡി ഇ ഒ കെ ജി മോഹനന്‍, എ ഇ ഒ എം ആര്‍ ജയശ്രീ, ബെന്നി സി ജേക്കബ്, ടി എസ് രവീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
പ്ലാസ്റ്റിക് മാലിന്യവസ്തുക്കള്‍ ഗ്രീന്‍ വളണ്ടിയേഴ്‌സിന് കൈമാറുന്നവര്‍ക്ക് സമ്മാന കൂപ്പണുകളുമുണ്ട്. ബോധവല്‍ക്കരണത്തിന്റെ ഭാഗമായും സമ്മാനകൂപ്പണുകള്‍ നല്‍കും. ഇവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് സമ്മാനം നല്‍കുമെന്നും ഗ്രീന്‍ പ്രോട്ടോകോള്‍ കമ്മിറ്റി അറിയിച്ചു. വോളണ്ടിയേഴ്‌സ് ധരിക്കുക ബാംബു ബാഡ്ജായിരിക്കും. മുന്‍ എം എല്‍എ ടി എന്‍ പ്രതാപനാണ് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍.