Friday
20 Jul 2018

ഹരിത ട്രൈബ്യൂണല്‍ മരണവക്ത്രത്തില്‍

By: Web Desk | Sunday 10 December 2017 11:05 PM IST

  • തീര്‍പ്പാക്കാനുള്ളത് ആയിരക്കണക്കിന് കേസുകള്‍

  • ചിറകരിയുന്നത് കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍

പി ആര്‍ റിസിയ

കൊച്ചി: ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചിറകരിഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ മൂലം രാജ്യത്ത് ഹരിത ട്രൈബ്യൂണല്‍ കോടതികള്‍ നിശ്ചലമാകുന്നു. പരിസ്ഥിതി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ആരംഭിച്ച ഹരിത ട്രൈബ്യൂണല്‍ കോടതികളിലായി ആയിരക്കണക്കിന് കേസുകളാണ് തീര്‍പ്പാക്കാനുള്ളത്. നിലവില്‍ ലക്ഷക്കണക്കിന് മറ്റ് കേസുകള്‍ കെട്ടികിടക്കുന്ന രാജ്യത്ത് ഹരിത ട്രൈബ്യൂണല്‍ കൂടി നിശ്ചലമായാല്‍ ഈ കേസുകളും സാധാരണ കോടതികളിലേക്ക് മാറ്റപ്പെടും. അതോടെ വേണ്ടത്ര പരിഗണന കേസുകള്‍ക്ക് ലഭിക്കില്ലെന്ന സ്ഥിതിവരും. പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കോര്‍പ്പറേറ്റ് താല്‍പര്യങ്ങളെ സംരക്ഷിക്കാനായി ഹരിത ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വ്വം നിശ്ചലമാക്കുകയാണെന്ന ആക്ഷേപം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകളുടെ വേഗത്തിലുള്ള നടത്തിപ്പിനായി 2010ലാണ് ഡല്‍ഹി ആസ്ഥാനമാക്കി ഹരിത ട്രൈബ്യൂണല്‍ ആരംഭിച്ചത്. ഹൈക്കോടതികളുടെ അധികാരമാണ് ഹരിത ട്രൈബ്യൂണലുകള്‍ക്ക് ഉണ്ടായിരുന്നത്. ഭോപാല്‍, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മൂന്ന് ഉപകേന്ദ്രങ്ങളും ഹരിത ട്രൈബ്യൂണലിന്റെ കീഴില്‍ ആരംഭിച്ചു. ഇതില്‍ കല്‍ക്കത്ത, ഭോപാല്‍ ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം നേരത്തെ അവസാനിപ്പിച്ചിരുന്നു. ശേഷിച്ച ചെന്നൈയിലെ കോടതികൂടി കഴിഞ്ഞ മാസം പൂട്ടിയതോടെ ഹരിത ട്രൈബ്യുണലിന്റെ പ്രവര്‍ത്തനം ഡല്‍ഹിയില്‍ മാത്രമായി ഒതുങ്ങി. ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്ത്രര്‍ കുമാര്‍ ഈ മാസം വിരമിക്കുന്നതോടെ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിശ്ചലമാകും.
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ട്രൈബ്യൂണലിലേക്ക് ഒരു ജഡ്ജിയെ പോലും നിയമിച്ചിട്ടില്ല. അതിനിടെയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇനി ഹൈക്കോടതിയിലേയോ, സുപ്രിംകോടതിയിലേയോ റിട്ട. ജഡ്ജിമാരുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കി ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്റെയും അംഗങ്ങളുടെയും ജുഡീഷ്യല്‍ അധികാരങ്ങളും ആനുകൂല്യങ്ങളും എടുത്തുകളഞ്ഞ് കേന്ദ്രസര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. ഒരു ഹരിത ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് 20 ജഡ്ജിമാരുടെ സേവനമാണ് ആവശ്യമായുള്ളത്. കോടതിക്ക് പ്രവര്‍ത്തിക്കുവാനുള്ള സാഹചര്യം കേന്ദ്രസര്‍ക്കാര്‍ ഒരുക്കി നല്‍കാത്തതുകൊണ്ടാണ് മറ്റ് കേന്ദ്രങ്ങളിലെ കോടതികളും പൂട്ടിയത്. ചെന്നൈ ട്രൈബ്യൂണലിന് കീഴില്‍ കൊച്ചിയിലും ഹരിത ട്രൈബ്യൂണലിന് 2016ല്‍ ബഞ്ച് അനുവദിച്ചെങ്കിലും ഏറെ നാള്‍ പ്രവര്‍ത്തിക്കാനായില്ല. മൂന്നാര്‍ വിഷയമുള്‍പ്പെടെ നിരവധി കേസുകളാണ് കൊച്ചിയില്‍ പരിഗണിക്കാനിരുന്നത്. എന്നാല്‍, ഒരു കേസില്‍ പോലും വിധി പുറപ്പെടുവിക്കാന്‍ കൊച്ചിയില്‍ സ്ഥാപിച്ച ഹരിത ട്രൈബ്യൂണല്‍ ബഞ്ചിന് സാധിച്ചില്ല.
കൊച്ചിയിലെ ബെഞ്ച് പൂട്ടിയതോടെ ഈ കേസുകളെല്ലാം ചെന്നൈയിലേക്കാണ് മാറ്റിയത്. പരിസ്ഥിതി സംരക്ഷകര്‍ക്കും മറ്റ് കക്ഷികള്‍ക്കും കേസിന്റെ ആവശ്യത്തിനായി ചെന്നൈവരെ പോകേണ്ടിവരുന്നത് പലപ്പോഴും വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയിലെ ബെഞ്ചുംപൂട്ടിയത്. ഡല്‍ഹിയിലെ പരിസ്ഥിതി മലിനീകരണം, വനനശീകരണം തുടങ്ങി രാജ്യത്തെ സുപ്രധാനമായ നിരവധി കേസുകളാണ് ഹരിത ട്രൈബ്യൂണലിന്റെ വിധിക്കായി കാത്തിരിക്കുന്നത്.

Related News