Monday
23 Apr 2018

കാട്ടുകോഴി അഥവാ ചാരക്കാട്ടുകോഴി

By: Web Desk | Tuesday 17 April 2018 6:54 PM IST

 

(Grey Jungle fowl) ശാസ്ത്രീയ നാമംGallus Sonnerati  

രാജേഷ് രാജേന്ദ്രന്‍                                                                                               (kittus4kerala@gmail.com-9446374599)

കേരളത്തിലെ കാടുകളോട് ചേര്‍ന്നുള്ള പ്രദേശത്ത് കാണപ്പെടുന്ന കോഴിവര്‍ഗത്തിലുള്ള പക്ഷിയാണ് കാട്ടുകോഴി അഥവാ ചാരക്കാട്ടുകോഴി. സാധാരണ നാട്ടിലെ കോഴികളുടെ വലിപ്പമാണിവയ്ക്ക്. പൂവന് അരിവാളിന്റെ ആകൃതിയിലുള്ള കറുത്ത അങ്കവാലുണ്ട്. ഇരുണ്ട ചാരനിറത്തോട് കൂടിയ തൂവല്‍പ്പൂടയാണ്. ഇവയുടെ മുകള്‍ഭാഗത്ത് വെള്ളയും മഞ്ഞയും കലര്‍ന്ന പുള്ളികളും പാടുകളുമുണ്ടാകും. പിടക്കോഴിയാകട്ടെ ഇരുണ്ട തവിട്ടുനിറത്തോട് കൂടിയതുമാണ്. നെഞ്ചും വയറിന്റെ ഭാഗത്തും വാലിന്റെ അറ്റത്തും കറുപ്പ് നിറം പ്രകടമാണ്. മാറത്തും വയറിലും ഇടയ്ക്കിടെ വെള്ളവരകളും കാണാവുന്നതാണ്. മരങ്ങള്‍ ഇടവിട്ടുവളരുന്ന കുന്നിന്റെ താഴ്‌വരകള്‍, മുളംകാടുകള്‍, വനങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ സാധാരണയായി ഒറ്റയ്‌ക്കോ ഇണയായിട്ടോ കാണപ്പെടുന്നു. മുള പൂക്കുന്ന വേളകളില്‍ കാട്ടുകോഴികള്‍ കൂട്ടത്തോടെ ഭക്ഷണത്തിനായി എത്തുന്നു. കാട്ടുകോഴികള്‍ കഴിവതും വേഗം മനുഷ്യദൃഷ്ടിയില്‍ നിന്നും മറഞ്ഞിരിക്കാനാണ് ഇഷ്ടപ്പെടുന്നത്. പ്രധാനമായും ധാന്യങ്ങളാണ് ഇവയുടെ ഇഷ്ടാഹാരം. എന്നാലും പഴങ്ങള്‍, കീടങ്ങള്‍, പുഴുക്കള്‍ മുതലായവയും ഇവ ആഹാരമാക്കാറുണ്ട്. കാട്ടുകോഴികള്‍ ഒരിണയെ മാത്രമെ സ്വീകരിക്കുന്നുള്ളു എന്നു പറയപ്പെടുന്നുണ്ടെങ്കിലും ഇതിന് തെളിവായി രേഖകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. വളര്‍ത്തുകോഴികളെ പോലെ മങ്ങിയ മഞ്ഞനിറത്തിലുള്ള മുട്ടകളാണിടുന്നത്. സാധാരണയായി നാലു മുതല്‍ എട്ടുവരെ മുട്ടകള്‍ വരെയുണ്ടാകും. ചില നേരങ്ങളില്‍ ഇവ ഒരു പ്രത്യകതരം ശബ്ദം പുറപ്പെടുവിക്കാറുണ്ട്. ഫെബ്രുവരി മുതല്‍ മെയ് വരെയാണ് പ്രജനനകാലം. പിടക്കോഴിമാത്രമാണ് അടയിരിക്കുന്നത്. 18 മുതല്‍ 21 ദിവസത്തിനുള്ളില്‍ മുട്ടകള്‍ വിരിയുന്നു.