Monday
23 Jul 2018

അഴിമതി കുറയ്ക്കാൻ കഴിഞ്ഞതാണ് ജി എസ് ടിയുടെ ഏറ്റവും വലിയ നേട്ടം: ജസ്റ്റിസ് എബ്രഹാം മാത്യു

By: Web Desk | Friday 6 July 2018 7:59 PM IST

 ജി എസ് ടി ഒന്നാം വാർഷികാഘോഷങ്ങൾ ജസ്റ്റിസ് കെ എബ്രഹാം മാത്യു ഉദ്‌ഘാടനം ചെയ്യുന്നു. കെ ആർ ഉദയ് ഭാസ്കർ, പ്രയാഗ മാർട്ടിൻ, പ്രണബ് കുമാർ ദാസ്, പുല്ലേല നാഗേശ്വര റാവു എന്നിവർ സമീപം
കൊച്ചി: ഇന്ത്യയിൽ നിയമനിർമാണം ഏറെ ശ്രമകരമായ ദൗത്യമാണെന്ന് ഹൈക്കോടതി ജഡ്ജി ജ.കെ. എബ്രഹാം മാത്യു. രാജ്യത്തെ രാഷ്ട്രീയസാമൂഹ്യ മതപരമായ സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. സെൻട്രൽ ടാക്സ് ആൻഡ് സെൻട്രൽ എക്സൈസ് സംഘടിപ്പിച്ച ജി എസ് ടി ഒന്നാം വാർഷികാഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി എസ് ടി നിലവിൽ വരുന്നതിന് മുൻപ് രാജ്യത്ത് ഇരുപതോളം വ്യവസ്‌ഥകളുണ്ടായിരുന്നു. അതിനാൽ തന്നെ നികുതി രംഗത്ത് ഏകീകൃത നിയമം നടപ്പാക്കുന്നത് പ്രായോഗികമായിരുന്നില്ല. ജിഎസ് ടിയെ കുറിച്ച് കേന്ദ്രസർക്കാർ ആലോചിക്കാൻ തുടങ്ങിയിട്ട് തന്നെ വർഷങ്ങളായി. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് ജി എസ് ടി നടപ്പാക്കാൻ സാധിച്ചത്. ഏകീകൃത നിയമം വരുന്നത് എപ്പോഴും നല്ലതാണ്. ഇന്ത്യ ഒറ്റ രാജ്യമായി നിലകൊള്ളുമ്പോൾ പലതരം നികുതിയേക്കാൾ നല്ലത് ഏകീകൃത നികുതി തന്നെയാണ്. ഇരുപതോളം വ്യവസ്‌ഥകൾ ഒറ്റ നിയമത്തിന് കീഴിൽ കൊണ്ട് വന്ന് നടപ്പാക്കുകയെന്നത് ഏറെ ശ്രമകരമാണ്. ജി എസ് ടിയെ കുറിച്ച് ഓരോരുത്തർക്കുമോരോ കാഴ്ചപ്പാടായിരുന്നു. ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാറ്റത്തിന് വിധേയരാകാൻ പൊതുവെ നാം മടി കാണിക്കുന്നവരാണെന്നും ജ. എബ്രഹാം മാത്യു പറഞ്ഞു. ഉപഭോക്താക്കൾ ഏറെ പ്രതീക്ഷയോടെയാണ് ജി എസ് ടിയെ കണ്ടത്. എന്നാൽ ചില ആശയക്കുഴപ്പങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. ഒറ്റ നിയമം ആകുമ്പോൾ ആഡംബരത്തിൻറെ നിർവചനം വ്യക്തികൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും.  നികുതി നൽകാൻ പൊതുവെ മടികാണിക്കുന്നവരാണ് ഏറെയും. എന്നാൽ നാം നൽകുന്ന നികുതിയാണ് രാജ്യത്തിൻറെ വരുമാനം എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഇന്ത്യ ഒരു രാജ്യം എന്ന നിലയിൽ ഏകീകൃത നിയമം നടപ്പാക്കാൻ കഴിഞ്ഞത് നേട്ടം തന്നെയാണ്. അഴിമതി കുറയ്ക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് ജി എസ് ടിയുടെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
നടി പ്രയാഗ മാർട്ടിൻ മുഖ്യാതിഥിയായിരുന്നു. സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ചീഫ് കമ്മീഷണർ പുല്ലേല നാഗേശ്വര റാവു അധ്യക്ഷത വഹിച്ചു. കൊച്ചി കമ്മീഷണർ കെ. ആർ ഉദയ് ഭാസ്കർ, ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ പ്രണബ് കുമാർ ദാസ്, ഓഡിറ്റ് വിഭാഗം കമ്മീഷണർ മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കമ്മീഷണർ അശ്വിൻ ജോൺ ജോർജ് എന്നിവർ പങ്കെടുത്തു. മികച്ച സേവനം നൽകിയ നാൽപ്പതോളം ഉദ്യോഗസ്‌ഥർക്ക്‌ ബഹുമതിപത്രം സമ്മാനിച്ചു. ജി എസ് ടിയെ അടിസ്‌ഥാനമാക്കി മായാജാലപ്രകടനവും നടന്നു.