Thursday
22 Nov 2018

ജിഎസ്ടി: നൂറുകണക്കിന് ചെറുകിട വ്യവസായ സംരംഭങ്ങള്‍ അടച്ചുപൂട്ടുന്നു

By: Web Desk | Friday 7 September 2018 12:04 AM IST

ന്യൂഡല്‍ഹി: ധൃതി പിടിച്ച് നടപ്പിലാക്കിയ ചരക്കുസേവന നികുതി (ജിഎസ്ടി) ഘടനയുടെ അശാസ്ത്രീയതും ദുര്‍ഗ്രാഹ്യതയും കാരണം രാജ്യത്ത് ആയിരക്കണക്കിന് ചെറുകിട വ്യവസായ സംരംഭങ്ങള്‍ അടച്ചുപൂട്ടി. നെയ്ത്ത് നഗരമെന്നറിയപ്പെടുന്ന പാനിപ്പത്ത് നഗരത്തില്‍ മാത്രം മൂവായിരത്തിലധികം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ പ്രവര്‍ത്തനം ചുരുക്കുകയോ ചെയ്യേണ്ടി വന്നുവെന്നാണ് ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നത്.
അശാസ്ത്രീയവും ദുര്‍ഗ്രാഹ്യവുമായ ചരക്കു സേവന നികുതി നടപടിക്രമങ്ങളില്‍ വലഞ്ഞ് പ്രവര്‍ത്തനം ഉപേക്ഷിക്കുകയോ ചുരുക്കുകയോ ചെയ്യേണ്ടി വന്നുവെന്ന് പാനിപ്പത്തില്‍ പഠനം നടത്തിയ റോയിട്ടര്‍ വാര്‍ത്താസംഘം വെളിപ്പെടുത്തുന്നു. ലഘൂകരിക്കാനും പല തരത്തിലുള്ള നികുതികള്‍ ഏകീകരിക്കാനുമാണ് ജിഎസ്ടി നടപ്പിലാക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ സുതാര്യതയില്ലായ്മയും ആശയക്കുഴപ്പവും കാരണം നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാനാവുന്നില്ലെന്നും അതുകാരണം ഉല്‍പാദനവും വ്യാപാരവും ഗണ്യമായി കുറഞ്ഞുവെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. പത്തു ലക്ഷത്തിലധികം രൂപ മാസവരുമാനമുണ്ടായിരുന്ന തിലക് രാജ് ബാത്‌ല എന്ന വ്യാപാരിക്ക് ഇപ്പോള്‍ രണ്ടര ലക്ഷത്തിന്റെ വ്യാപാരം പോലും നടക്കുന്നില്ല. ‘ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുണ്ടെങ്കിലും ദുര്‍ഗ്രാഹ്യമായ നികുതി ഘടനയനുസരിച്ച് വ്യാപാരം നടത്താനാകുന്നില്ല. അക്ഷരാഭ്യാസമില്ലാത്ത ഉപഭോക്താക്കളും വിതരണക്കാരും സങ്കീര്‍ണമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നികുതി നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പറയുന്നത് അസാധ്യമാണ്’ ബാത്‌ല പറയുന്നു.
രാജ്യത്ത് ചരക്കു സേവന നികുതി നടപ്പിലാക്കിയതുവഴി സമ്പദ്ഘടനയുടെ 32 ശതമാനം കൈകാര്യം ചെയ്യുന്ന 6.3 കോടി ചെറുകിട സംരംഭങ്ങള്‍ പ്രതിസന്ധിയിലായെന്ന് എഐടിയുസി നടത്തിയ സര്‍വേയില്‍ നേരത്തേ കണ്ടെത്തിയിരുന്നു. 11.1 കോടി പേര്‍ ആശ്രയിക്കുന്ന ഈ മേഖലയില്‍ വ്യാപാരത്തില്‍ 20 ശതമാനത്തിന്റെ കുറവുണ്ടായെന്നും സര്‍വേയില്‍ വ്യക്തമാകുകയുണ്ടായി. വസ്ത്ര നിര്‍മാണം, ആഭരണ മേഖല, തുകല്‍ – കരകൗശല വ്യാപാരം, ചെറുകിട യന്ത്ര നിര്‍മാണം എന്നിങ്ങനെ എല്ലാ മേഖലകളിലും പ്രതിസന്ധി ബാധിച്ചു.
മുംബൈ ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി എന്ന സ്ഥാപനത്തിന്റെ കണക്കനുസരിച്ച് 50 ലക്ഷം പേര്‍ക്കെങ്കിലും ഈ രംഗത്ത് കഴിഞ്ഞ വര്‍ഷം തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ട്. പല ഉല്‍പ്പന്നങ്ങള്‍ക്കും വിലക്കയറ്റമുണ്ടായെന്നും ഇത് വ്യാപാരക്കുറവിന് കാരണമായെന്നും വ്യാപാരികളും പറയുന്നുണ്ട്.

Related News