Sunday
21 Jan 2018

നോട്ട് നിരോധനവും ജിഎസ്ടിയും; പ്രതിസന്ധി ഒഴിയാതെ ടൂറിസം മേഖല

By: Web Desk | Wednesday 8 November 2017 1:45 AM IST

ടി കെ അനില്‍കുമാര്‍

ആലപ്പുഴ: ഒരു വര്‍ഷമായ നോട്ട് നിരോധനവും ജി എസ് ടിയും മൂലം പ്രതിസന്ധി ഒഴിയാതെ ടൂറിസം മേഖല. നോട്ട് നിരോധനം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി ഇന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ കനത്ത തിരിച്ചടിയാണ് ഹൗസ് ബോട്ട് മേഖലയിലടക്കം ഈ പരിഷ്‌ക്കാരം ഉണ്ടാക്കിയത്. 18 ശതമാനം മുതല്‍ 28 ശതമാനം വരെ നികുതിയാണ് ഹൗസ് ബോട്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍പ് ഹൗസ് ബോട്ടുകള്‍ക്ക് കോമ്പൗണ്ടിംഗ് നികുതിയാണ് ഈടാക്കിയിരുന്നത്. ചരക്ക് സേവന നികുതി ഏറ്റവും കൂടുതല്‍ തിരിച്ചടിയായത് ടൂറിസം മേഖലയ്ക്കാണ്. ഹൗസ് ബോട്ടുകള്‍ കൂടാതെ ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ടൂറിസം ഹെറിട്ടേജ് സെന്ററുകള്‍ എന്നിവയ്ക്കും തിരിച്ചടിയായി.
കേരളത്തിന്റെ വികസനത്തില്‍ വാണിജ്യ വ്യവസായ മേഖലകളെപ്പോലെ തന്നെ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ടൂറിസം വികസനം. കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌ക്കാരങ്ങള്‍ മൂലം പത്ത് ശതമാനം പോലും ലാഭമില്ലാത്ത മേഖലയായി മാറി ഹൗസ് ബോട്ട് വ്യവസായം. ഒറ്റ മുറിയുള്ള ഒരു ഹൗസ് ബോട്ടിന് ശരാശരി ആയിരം രൂപവരെയാണ് മാസത്തില്‍ നികുതിയായി ഈടാക്കിയിരുന്നത്. ജി എസ് ടി വന്നതോടെ ഓരോ യാത്രയിലും 18 മുതല്‍ 28 ശതമാനം വരെ നികുതി നല്‍കേണ്ട അവസ്ഥയായി. ജിഎസ്ടിയില്‍ വലിയ ഹോട്ടലുകളിലെ നികുതി 14 ശതമാനത്തില്‍ നിന്നും 18 ശതമാനമായി ഉയര്‍ന്നു. എ സി ഹോട്ടലുകളുടെ നികുതി 14.5 ശതമാനത്തില്‍ നിന്നും 28 ശതമാനമായി ഉയര്‍ന്നു. ഇത്രയും നികുതി ഒരിക്കലും നല്‍കാന്‍ കഴിയില്ലെന്നും തങ്ങളെ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വിഭാഗത്തില്‍പ്പെടുത്തണമെന്നുമാണ് ഹൗസ് ബോട്ട് ഉടമകളുടെ ആവശ്യം. ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വിഭാഗത്തിന് അഞ്ച് ശതമാനം മാത്രമാണ് ചരക്ക് സേവന നികുതിയായി കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍, ലൈസന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, മെയിന്റനന്‍സ് തുടങ്ങിയ ഇനങ്ങളില്‍ ലക്ഷങ്ങളാണ് ഓരോ ഹൗസ് ബോട്ടിനും ചെലവാകുന്നത്.
നോട്ട് നിരോധനം മൂലം കഴിഞ്ഞ നവംബറില്‍ ആലപ്പുഴയിലെ ഹൗസ്‌ബോട്ടുകളില്‍ 40 ശതമാനം ബുക്കിംഗുകളാണ് റദ്ദ് ചെയ്തത്. കൂടാതെ കായല്‍ സഞ്ചാരത്തിനായി എത്തിയ 90 ശതമാനം പേരും തിരികെ മടങ്ങി. അക്കൗണ്ടില്‍ പണം ഉണ്ടെങ്കിലും എടിഎമ്മോ ബാങ്കുകളോ ഇല്ലാത്തതിനാല്‍ എടുക്കാന്‍ കഴിയാത്തതാണ് പ്രധാന പ്രതിസന്ധി. ഭക്ഷണം കഴിക്കാന്‍ പോലും സഞ്ചാരികള്‍ ഏറെ ബുദ്ധിമുട്ടി. 500 ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ മാത്രമുള്ള സഞ്ചാരികളെ സ്വീകരിക്കാന്‍ ഹൗസ് ബോട്ട് ജീവനക്കാരും തയ്യാറായില്ല. യു എസ് എ, ഫ്രാന്‍സ്, ജര്‍മ്മനി, അറബ് രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ സഞ്ചാരികളും വരുന്നത്. ഇവരുടെ എണ്ണത്തില്‍ വന്‍കുറവാണ് ദൃശ്യമാകുന്നത്. ശ്രീലങ്ക, സിംഗപ്പൂര്‍, ഗോവ തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കാണ് സഞ്ചാരികള്‍ ഇപ്പോള്‍ കൂടുതലായും പോകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ മദ്യനയമാണ് കേരളത്തിലെ ടൂറിസം മേഖലയ്ക്ക് മറ്റൊരു തിരിച്ചടിയായത്. കേന്ദ്രസര്‍ക്കാരിന്റെ നോട്ടുകളുടെ നിരോധനം ഹോംസ്റ്റേകളുടേയും റിസോര്‍ട്ടുകളുടേയും പ്രവര്‍ത്തനത്തെയും ഗുരുതരമായി ബാധിച്ചു.

Related News