Tuesday
24 Oct 2017

ജിഎസ് ടിയിലെ അപാകത; ഫ്‌ളോര്‍ മില്ലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

By: Web Desk | Wednesday 20 September 2017 7:19 PM IST

മുംബൈ: ചരക്കു സേവന നികുതി  (ജിഎസ് ടി) യിലെ അപാകതകളും ദുര്‍ഗ്രാഹ്യതകളും കാരണം രാജ്യത്ത് ഫ്‌ളോര്‍ മില്ലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്ന രണ്ടായിരത്തില്‍ 1400 മില്ലുകളും ഭീഷണിയിലാണ്. മില്ലുകളില്‍ നിന്ന് പൊടിച്ചു നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് ആദ്യം നികുതി ചുമത്തിയിരുന്നില്ല. രജിസ്റ്റര്‍ ചെയ്തതാണെങ്കിലും പ്രത്യേക ട്രേഡ് മാര്‍ക്ക് ഇല്ലാത്തവയ്ക്കും നികുതിയുണ്ടായിരുന്നില്ല. ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്കു മാത്രമാണ് ആദ്യഘട്ടത്തില്‍ നികുതി പ്രഖ്യാപിച്ചിരുന്നത്.  എന്നാല്‍ പിന്നീട് മൂന്ന് തവണയായി ഇക്കാര്യത്തില്‍ വരുത്തിയ ഭേദഗതിയും നടപടിക്രമങ്ങളുമാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്.

മെയ് 15 ന് മുമ്പ് രജിസ്റ്റര്‍ ചെയ്ത ബ്രാന്‍ഡുകളാണെങ്കില്‍ അവയ്ക്ക് അഞ്ചു ശതമാനം നികുതി ഈടാക്കേണ്ടതാണെന്ന് സെപ്റ്റംബര്‍ ഒന്നിന് ചരക്കു സേവന നികുതി കൗണ്‍സിലിന്റെ വിശദീകരണം പുറത്തുവന്നു. സമീപകാലത്ത് രജിസ്റ്റര്‍ ചെയ്യുന്നവയ്ക്കും അതേ നിരക്കില്‍ തന്നെ നികുതി നിശ്ചയിച്ചു. പുതിയ പകര്‍പ്പവകാശ നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളും നികുതി അടയ്ക്കാന്‍ ബാധ്യസ്ഥമാണെന്ന് പിന്നീട് കൗണ്‍സില്‍ വിശദീകരണം പുതുക്കി. ഇതോടെ ആശയക്കുഴപ്പം വര്‍ധിച്ചു.

ജിഎസ് ടി  നടപ്പിലാക്കിയ ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ടായിരിക്കുമെന്ന നിലപാട് ആശയക്കുഴപ്പവും നികുതി എങ്ങനെ പിരിച്ചെടുക്കുമെന്നതില്‍ അവ്യക്തതയും സൃഷ്ടിച്ചു. നേരത്തേ വിറ്റുപോയ സാധനങ്ങള്‍ക്ക് പിന്നീട് നികുതി ആരില്‍ നിന്നാണ് ഈടാക്കുകയെന്നതും പ്രശ്‌നമായി. ഫ്‌ളോര്‍ മില്ലുകള്‍ ഇതിന്റെ ഫലമായി ഭീമമായ തുക സ്വന്തമായി കണ്ടെത്തേണ്ട സ്ഥിതിയിലാണ്.

രാജ്യത്ത് 2000 മില്ലുകളുള്ളതില്‍ 1400 ഓളം ഫ്‌ളോര്‍ മില്ലുകള്‍ ഗോതമ്പ് പൊടിക്കുകയും വില്‍ക്കുകയും ചെയ്യുന്നവയാണ്. ഇതില്‍ 600 ഓളം മാത്രമാണ് രജിസ്റ്റേര്‍ഡ് ട്രേഡ് മാര്‍ക്കില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത്. ബാക്കിയുള്ളവയെല്ലാം ഗോതമ്പ് ഉള്‍പ്പെടെ പൊടിച്ചു നല്‍കുകയോ വില്‍ക്കുകയോ ചെയ്യുന്നവയാണ്. അവര്‍ മുന്‍കാല പ്രാബല്യത്തോടെ നികുതി അടയ്ക്കണമെന്ന നിര്‍ദ്ദേശവും നികുതി ഘടനയിലെ അവ്യക്തതകളും ആശയക്കുഴപ്പങ്ങളും കാരണം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണെന്ന് നോര്‍ത്ത് കര്‍ണാടക റോളര്‍ ഫ്‌ളോര്‍ മില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.