Saturday
20 Jan 2018

ജിഎസ് ടി നിയമവശങ്ങള്‍ മനസ്സിലാക്കണം

By: Web Desk | Wednesday 4 October 2017 6:12 PM IST

ജിഎസ് ടി നിയമവശങ്ങള്‍ വ്യാപാരികള്‍ കൃത്യമായി മനസ്സിലാക്കാത്തതാണ് വിലവര്‍ധനവിന് കാരണം
കോഴിക്കോട്: ചരക്കു സേവന നികുതി(ജി എസ് ടി)യുമായി ബന്ധപ്പെട്ട് ഉദാസീന നിലപാടെടുക്കുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജി എസ് ടി കമ്മീഷണറേറ്റ്  സൂപ്രണ്ട്  ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ മാസം പ്രാബല്യത്തില്‍ വന്ന ആന്റി പ്രോഫിറ്ററിംഗ് നിയമം ഉള്‍പ്പെടെയുള്ള ചരക്കു സേവന നികുതിയുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ കര്‍ശനമായി സ്വീകരിക്കും. ജിഎസ് ടിയുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ വ്യാപാരികള്‍ കൃത്യമായി മനസ്സിലാക്കാത്തതാണ് വിലവര്‍ധനവിന് കാരണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.  സെന്‍ട്രല്‍  ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്റ് കസ്റ്റംസ് ട്രെയിനിംഗ് സെല്ലും കാലിക്കറ്റ് പ്രസ്‌ക്ലബും  സംയുക്തമായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് നിലവിലുണ്ടായിരുന്ന എക്‌സൈസ് ഡ്യൂട്ടി ഉള്‍പ്പെടെയുള്ളവ പുതിയ നികുതി സംവിധാനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വസ്തുത മനസ്സിലാക്കാതെയാണ് പല വ്യാപാരികളും കച്ചവടം നടത്തുന്നത്. നികുതി ലാഭം സര്‍ക്കാരിന് കൈമാറാത്ത വ്യാപാരികള്‍ക്കെതിരേയും നടപടി സ്വീകരിക്കും. ജി എസ് ടിയുമായി ബന്ധപ്പെട്ട സ്റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യാത്ത വ്യാപാരികളുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജി എസ് ടി യുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്ന വിഷമങ്ങള്‍ ആറു മാസം കൊണ്ട് പരിഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.  വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ ജി എസ് ടി രജിസ്‌ട്രേഷന്‍ നമ്പര്‍ ഫ്രെയിം ചെയ്ത് പ്രദര്‍ശിപ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നുണ്ട്. 20 ലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളാണ് ജി എസ് ടി പരിധിയില്‍ വരുന്നത്. ബില്ലില്ലാതെ സാധനങ്ങള്‍ വാങ്ങുന്ന ശീലം ജനങ്ങള്‍ ഒഴിവാക്കണം. പെട്രോളിയം ഉല്‍പന്നങ്ങളെ ചരക്കുസേവന നികുതിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനമെടുക്കേണ്ടത് ജി എസ് ടി കൗണ്‍സിലാണ്. ഇത് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി മാറ്റി വെച്ചിരിക്കുകയാണ്. അധികം വൈകാതെ ഇത് സാധ്യമാകും. ജി എസ് ടിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും cbec.gov.in എന്ന സൈറ്റില്‍ ലഭ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസ്‌ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍ അധ്യക്ഷനായ ചടങ്ങില്‍ ട്രെയിനിംഗ് സെല്‍ സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്തില്‍ ആമുഖ പ്രഭാഷണം നടത്തി. പ്രസ്‌ക്ലബ് സെക്രട്ടറി എന്‍. രാജേഷ്, ജോ. സെക്രട്ടറി കെ സി റിയാസ് സംബന്ധിച്ചു.
Related News