Sunday
19 Nov 2017

ജിഎസ്ടി: പണപ്പെരുപ്പവും അസമത്വവും സൃഷ്ടിക്കും

By: Web Desk | Saturday 17 June 2017 4:55 AM IST

പ്രത്യേക ലേഖകൻ
നവ ഉദാരവൽക്കരണ സാമ്പത്തിക സാഹചര്യത്തിൽ സർക്കാരുകൾ കൈക്കൊള്ളുന്ന കോർപ്പറേറ്റ്‌ അനുകൂല നിലപാടുകൾ എപ്പോഴും പണപ്പെരുപ്പം വർധിപ്പിക്കുന്നതായിരിക്കും. അതോടൊപ്പം തന്നെ പാവപ്പെട്ട ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക്‌ വിരുദ്ധവുമായിരിക്കും ഇത്തരത്തിലുള്ള തീരുമാനങ്ങൾ. ഇന്നുവരെയുള്ള അനുഭവങ്ങൾ പ്രകാരം നരേന്ദ്രമോഡി സർക്കാർ ആവിഷ്ക്കരിച്ച മറ്റു പരിഷ്ക്കാരങ്ങളെപ്പോലെതന്നെ ചരക്കുസേവന നികുതിയും തികച്ചും വിവേചനം സൃഷ്ടിക്കുന്നതായിരിക്കും. കൂടാതെ നികുതി വിവിധ സംസ്ഥാനങ്ങൾക്ക്‌ വിതരണം ചെയ്യുന്നതിലും ക്രമക്കേടുകളും കാലതാമസവും ഉണ്ടാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്ത്‌ ജിഎസ്ടി നടപ്പാക്കാനുള്ള തീരുമാനം നിലവിലുള്ള ഫെഡറൽ സംവിധാനത്തിന്‌ ഒരു ഭീഷണിയാവുകതന്നെ ചെയ്യും.
നികുതി ചോർച്ച ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ജിഎസ്ടി ആദ്യം നടപ്പാക്കിയത്‌ ഫ്രാൻസാണ്‌. അതിനുശേഷം 140 രാജ്യങ്ങൾ ജിഎസ്ടി നടപ്പാക്കി. ബ്രസീൽ, കാനഡ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ദ്വയ ജിഎസ്ടിയാണ്‌ നടപ്പാക്കിയത്‌. കനേഡിയൻ മാതൃകയിലുള്ള ജിഎസ്ടിയാണ്‌ ഇന്ത്യ നടപ്പാക്കുന്നത്‌.
2015-ൽ മലേഷ്യയിൽ നടപ്പാക്കിയ ജിഎസ്ടി പണപ്പെരുപ്പനിരക്ക്‌ വർധിപ്പിച്ചു. 1994-ൽ സിംഗപ്പൂരിലും ഇതേ അനുഭവമാണ്‌ ഉണ്ടായത്‌. ഇന്ത്യയെപ്പോലുള്ള ഒരു വലിയ രാജ്യത്ത്‌ ജിഎസ്ടി നടപ്പാക്കുമ്പോൾ കൂടുതൽ സങ്കീർണമായ പ്രശ്നങ്ങളായിരിക്കും ഉണ്ടാകുന്നത്‌. അതുകൊണ്ടുതന്നെ നിലവിലുള്ള നികുതി സംവിധാനത്തിൽ നിന്നും ജിഎസ്ടിയിലേയ്ക്ക്‌ മാറുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ഏറെയാണ്‌. കൂടാതെ ജിഎസ്ടി നടപ്പാക്കുമ്പോളുണ്ടാകുന്ന പ്രശ്നങ്ങളെ സംബന്ധിച്ച്‌ വിവിധ ജനവിഭാഗങ്ങൾ ഇതിനകം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്‌.
‘ഒരു രാജ്യം ഒരു നികുതി’ എന്നതാണ്‌ ജിഎസ്ടിയിലൂടെ ലക്ഷ്യമിടുന്നത്‌. അതായത്‌ വിവിധയിനങ്ങളിലുള്ള പരോക്ഷ നികുതികളെ ഒരു കുടക്കീഴിലെത്തിച്ച്‌ രാജ്യത്തെ വ്യവസായങ്ങളെ ആഗോളനിലവാരത്തിലെത്തിക്കുകയാണ്‌ ലക്ഷ്യം. കാര്യക്ഷമമായ നികുതിപിരിവ്‌, അഴിമതി കുറയ്ക്കുക, സംസ്ഥാനാന്തര ചരക്കുഗതാഗതം സുഗമമാക്കുക എന്നിവയാണ്‌ ജിഎസ്ടിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്‌.
ഇന്ത്യയിൽ നിന്നും വ്യത്യസ്തമായി 16 മുതൽ 20 ശതമാനം വരെയാണ്‌ മറ്റ്‌ രാജ്യങ്ങളിൽ ജിഎസ്ടി ഈടാക്കുന്നത്‌. 1994-ൽ സിംഗപ്പൂരിൽ ജിഎസ്ടി നടപ്പാക്കിയപ്പോൾ കുറഞ്ഞ നികുതി 3 ശതമാനമായിരുന്നു. പിന്നീടത്‌ 9 ശതമാനമായി ഉയർത്തി. കോർപ്പറേറ്റുകളുടെയും വ്യക്തികളുടെയും ആദായനികുതി സിംഗപ്പൂർ കുറച്ചു. ജിഎസ്ടി ചില മേഖലകളിൽ കാര്യക്ഷമമായി നടപ്പാക്കുമ്പോഴും വരുമാനം കുറഞ്ഞ തൊഴിലാളികളെയും പെൻഷൻകാരെയും സംബന്ധിച്ചിടത്തോളവും ഇത്‌ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതാണ്‌.
ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളെ ഒരേ സ്ലാബിലാണ്‌ ഇന്ത്യയിൽ ജിഎസ്ടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്‌. 20 ശതമാനത്തിൽ താഴെ വരുമാനമുള്ള സ്ഥാപനങ്ങളെപ്പോലും ഒഴിവാക്കിയിട്ടില്ല. വൻകിട കോർപ്പറേറ്റുകളെ സംബന്ധിച്ചിടത്തോളം നിലവിലുള്ള നികുതി സംവിധാനത്തിൽ നിന്ന്‌ മാറി ജിഎസ്ടി നടപ്പാക്കുന്നതിനുള്ള സൗകര്യങ്ങളും വിഭവ നിക്ഷേപങ്ങളും വേണ്ടുവോളം ഉണ്ട്‌. എന്നാൽ ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊക്കെ നടപ്പാക്കാൻ വളരെ പരിമിതമായ വിഭവസ്രോതസുകൾ മാത്രമാണുള്ളത്‌.
ജിഎസ്ടി നടപ്പാക്കിയതുമായി ബന്ധപ്പെട്ട്‌ ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളും അവിടത്തെ തൊഴിലാളികളും മലേഷ്യൻ സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവന്നു. മലേഷ്യയിൽ ജിഎസ്ടിയുമായി ബന്ധപ്പെട്ട വളരെ ലളിതമായ നടപടിക്രമങ്ങൾ മാത്രമാണുള്ളത്‌. എന്നിട്ടുപോലും കോലാലംപൂരിൽ കഴിഞ്ഞ മാസങ്ങളിൽ ശക്തമായ പ്രക്ഷോഭങ്ങൾ ഉണ്ടായി. ചെറുകിട വ്യവസായത്തെ സംരക്ഷിക്കുന്ന നിലപാടുകളാണ്‌ മറ്റ്‌ ജിഎസ്ടി നടപ്പാക്കിയ രാജ്യങ്ങൾ സ്വീകരിച്ചത്‌. എന്നാൽ ഇന്ത്യയിൽ ഇത്തരത്തിലുള്ള ഇളവുകളൊന്നുംതന്നെ ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക്‌ നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ ചെറുകിട-ഇടത്തരം സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ജിഎസ്ടി ഒരു വെല്ലുവിളിയാണ്‌.
നികുതി പിരിക്കുന്നതോടൊപ്പം കൂടുതലായി പിരിച്ച നികുതി നിശ്ചിത സമയത്തുതന്നെ തിരിച്ചുകൊടുക്കാൻ കഴിയുന്നവിധത്തിലാണ്‌ മലേഷ്യയിൽ ജിഎസ്ടി നടപ്പാക്കിയത്‌. ഇതിന്‌ ഉതകുന്നവിധത്തിലുള്ള സാങ്കേതികവിദ്യയും അടിസ്ഥാന സൗകര്യങ്ങളും സ്ഥാപിച്ചില്ലെങ്കിൽ നികുതിപ്പണം തിരികെ നൽകുന്ന പ്രക്രിയയിൽ കാലതാമസം നേരിടും. ഇതിന്റെ ഭാഗമായി വിതരണശൃംഖലയിൽ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യും. ഇപ്പോഴത്തെ ചട്ടങ്ങൾ പ്രകാരം വിതരണക്കാരൻ ജിഎസ്ടി റിട്ടേൺ ഫയൽചെയ്യുമ്പോൾ മാത്രമാണ്‌ എത്രമാത്രം നികുതി ശേഖരിച്ചു എന്ന വിവരം ലഭ്യമാകുന്നത്‌. വിതരണക്കാരൻ റിട്ടേൺ ഫയൽചെയ്യുന്നതിന്‌ വരുത്തുന്ന കാലതാമസം പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കും. ഈ സാഹചര്യത്തിൽ വ്യവസായ സ്ഥാപനങ്ങൾക്ക്‌ കൂടുതൽ പ്രവർത്തനമൂലധനം കണ്ടത്തേണ്ടതായിട്ടുണ്ട്‌. കൂടാതെ നികുതിപ്പണം തിരികെ നൽകുന്നതിലുണ്ടാകുന്ന കാലതാമസം നിയമപ്രശ്നങ്ങളിലേയ്ക്കും വഴിതെളിക്കും. ഈ സാഹചര്യത്തിൽ സംഘടിത വിതരണ ശൃംഖലയെ ഒഴിവാക്കിയുള്ള പ്രവർത്തനങ്ങളിലേയ്ക്കും ഇവ വഴിവയ്ക്കും.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം സേവനങ്ങൾക്കായി ഈടാക്കുന്ന നികുതി വളരെ പ്രധാനപ്പെട്ടതാണ്‌. നിലവിലുള്ള 15 ശതമാനം സേവനനികുതി ജിഎസ്ടി നടപ്പാക്കുമ്പോൾ 18 ശതമാനമായി ഉയരും. ഇത്‌ പണപ്പെരുപ്പം വർധിപ്പിക്കുമെന്നാണ്‌ വിദഗ്ധർ വിലയിരുത്തുന്നത്‌. ഏറ്റവും ഉയർന്ന നികുതി നിരക്കായ 28 ശതമാനത്തിൽ കുറച്ച്‌ വിഭാഗങ്ങൾ മാത്രമേ ഉൾപ്പെടുത്തൂവെന്നായിരുന്നു നേരത്തെ വ്യക്തമാക്കിയിരുന്നത്‌. എന്നാൽ ഇനിയും ഇതിൽ വ്യക്തത ഉണ്ടായിട്ടില്ല. സിംഗപ്പൂർ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ മൂന്ന്‌ സ്ലാബുകളിലായാണ്‌ നികുതി നിശ്ചയിച്ചിട്ടുള്ളത്‌. അതുകൊണ്ടാണ്‌ ഇത്‌ കാര്യക്ഷമമായി നടപ്പാക്കാൻ കഴിയുന്നത്‌. ഇന്ത്യയിൽ 5 സ്ലാബുകളായാണ്‌ നികുതി ഏർപ്പെടുത്താനുള്ള തീരുമാനം. കൂടാതെ വിവിധ സെസ്സുകളും നൽകണം. മുൻസിപ്പാലിറ്റി നികുതിനിരക്കുകളും അതിന്റെ വർഗീകരണവും അഴിമതിയിലേയ്ക്ക്‌ നയിക്കും. ജിഎസ്ടി നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ഉത്തേജനത്തിന്റെ പരിധികളെല്ലാം കഴിഞ്ഞായിരിക്കും ഈ അഴിമതിയുടെ തോത്‌.
ജിഎസ്ടി നടപ്പാക്കാൻ കേവലം ഇനി രണ്ടാഴ്ച മാത്രമാണ്‌ ബാക്കിയുള്ളത്‌. ഈ മാസം 11-ന്‌ ചേർന്ന ജിഎസ്ടി കൗൺസിലിൽ 66 ഇനങ്ങളുടെ നികുതിയിൽ വ്യക്തതവരുത്തി. ഇൻസുലിൻ, അച്ചാറുകൾ, അഗർബത്തികൾ, പ്രിന്ററുകൾ, സ്കൂൾ ബാഗുകൾ എന്നിവയുടെ നികുതിയും ഈ 66 ഇനങ്ങളിൽ ഉൾപ്പെടുത്തി കുറച്ചു. 133 ഇനങ്ങളുടെ നികുതിനിരക്ക്‌ നിശ്ചയിക്കുന്നതാണ്‌ കൗൺസിലിന്റെ പരിഗണനയ്ക്കെത്തിയത്‌. ടെലികോം സേവനങ്ങൾ, മാർബിൾ, ഗ്രാനൈറ്റ്‌, കണ്ണട എന്നിവയുടെ നികുതി ഇനിയും തീരുമാനിച്ചിട്ടില്ല. 5 സ്ലാബുകളിലായാണ്‌ നികുതി ഉൾപ്പെടുത്തിയിട്ടുള്ളത്‌. 0, 5, 12, 18, 28 ശതമാനങ്ങളാണ്‌ ഈ സ്ലാബുകൾ. ജൂൺ 18-ന്‌ വീണ്ടും കൗൺസിൽ ചേർന്ന്‌ ലോട്ടറി, ചരക്കുഗതാഗതവുമായി ബന്ധപ്പെട്ട ഇ-വേബിൽ എന്നിവ സംബന്ധിച്ച തീരുമാനമെടുക്കും.
ആറ്‌ സംസ്ഥാനങ്ങൾ ഇനിയും ജിഎസ്ടി ബിൽ സംസ്ഥാന അസംബ്ലികളിൽ അവതരിപ്പിച്ച്‌ പാസാക്കേണ്ടതായിട്ടുണ്ട്‌. ജിഎസ്ടി നടപ്പാക്കുമ്പോൾ നിർബന്ധമായും നടത്തേണ്ട ഓഡിറ്റ്‌ സംവിധാനങ്ങൾ സംബന്ധിച്ചും വ്യക്തതവരുത്തണം. ഇപ്പോഴുള്ള ചട്ടങ്ങൾ പ്രകാരം കൂടുതൽ സമയവും ചെലവും വേണ്ടിവരുമെന്നാണ്‌ വിദഗ്ധർ വിലയിരുത്തുന്നത്‌. രണ്ട്‌ കോടിയിലധികം വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളുടെ കണക്കുകൾ, ചാർട്ടേർഡ്‌ അക്കൗണ്ടന്റോ കോസ്റ്റ്‌ അക്കൗണ്ടന്റോ പരിശോധിക്കണം. ഇതിൽ എന്തെങ്കിലും പിഴവുകൾ കണ്ടെത്തിയാൽ അത്‌ സംബന്ധിച്ച വിശദീകരണവും ഓഡിറ്റ്‌ രേഖകളോടൊപ്പം നൽകണം. ഓരോ വർഷവും ഒരു കമ്പനി സെക്രട്ടറിയോ ചാർട്ടേർഡ്‌ അക്കൗണ്ടന്റോ സ്വതന്ത്രമായ ഓഡിറ്റ്‌ നടത്തണമെന്ന്‌ പുതിയ നിയമം നിഷ്കർഷിക്കുന്നു. ജിഎസ്ടി റിപ്പോർട്ടുമായി ബന്ധപ്പെട്ട കണക്കുകൾ സാധൂകരിക്കുന്ന ഒരു പ്രക്രിയയായി ഓഡിറ്റിങ്‌ മാറും. കൂടാതെ ഓഡിറ്റ്‌ റിപ്പോർട്ട്‌ നൽകേണ്ട പ്രക്രിയ വളരെ സങ്കീർണമാണ്‌. ഇത്‌ കമ്പനികൾക്ക്‌ കൂടുതൽ ജോലിയും ചെലവും വരുത്തിവയ്ക്കുമെന്നും വിദഗ്ധർ പറയുന്നു. കൂടാതെ കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളും തങ്ങളുടേതായ ആശങ്ക ഉയർത്തിയിട്ടുണ്ട്‌. കാർഷികോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന സ്ഥാപനങ്ങൾക്ക്‌ വാണിജ്യമന്ത്രാലയം കൂടുതൽ ഇൻസെന്റീവുകൾ നൽകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഈ ഇളവുകൾ വിദേശ കച്ചവടനയം പുനരവലോകനം ചെയ്യുമ്പോൾ പ്രഖ്യാപിക്കുമെന്നുമാണ്‌ പ്രതീക്ഷ. ഇത്‌ ഉണ്ടായില്ലെങ്കിൽ ജിഎസ്ടി നടപ്പാക്കുന്നതോടെ കയറ്റുമതി മേഖലയും കൂടുതൽ പ്രതിസന്ധിയിലാകും.