Thursday
18 Jan 2018

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബര്‍ 9നും 14നും

By: Web Desk | Wednesday 25 October 2017 11:09 PM IST

ന്യൂഡല്‍ഹി: ഭരണകക്ഷിയായ ബിജെപിക്കെതിരെ പ്രതിപക്ഷം സര്‍വസന്നാഹങ്ങളോടെ പടയ്‌ക്കൊരുങ്ങുന്ന ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി ഡിസംബര്‍ 9നും 14നും നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനമിറക്കി.
ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കാനിടയുള്ള തെരഞ്ഞെടുപ്പ് ഫലം ഡിസംബര്‍ 18ന് പുറത്തുവരും. അന്നുതന്നെയാണ് നവംബര്‍ 9ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശിന്റെയും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും ഇത് ഗുജറാത്ത് സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധകമാണെന്നും ഹിമാചല്‍ പ്രദേശിന്റെ ഫലം ഗുജറാത്ത് തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനാണ് രണ്ടും ഒരു ദിവസം എണ്ണുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ കെ ജോതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ നവംബര്‍ 14ന് ഗസറ്റ് വിജ്ഞാപനത്തോടെ ആരംഭിക്കും. അന്ന് മുതല്‍ ഒന്നാംഘട്ടത്തിലേയ്ക്കു സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചുതുടങ്ങും. ആകെയുള്ള 182-ല്‍ 89 മണ്ഡലങ്ങളില്‍ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കും. 19 ജില്ലകളിലെ മണ്ഡലങ്ങള്‍ ഇതില്‍ ഉള്‍പ്പെടും.
രണ്ടാംഘട്ട ഗസറ്റ് വിജ്ഞാപനം നവംബര്‍ 20ന് പുറപ്പെടുവിക്കും. ബാക്കി 14 ജില്ലകളിലെ 93 മണ്ഡലങ്ങളിലേയ്ക്കാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്.
വിവിപാറ്റ് (വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ട്രെയില്‍ ഓഡിറ്റ്) സംവിധാനം ഉപയോഗിച്ച് 182 മണ്ഡലത്തിലെയും വോട്ടര്‍മാര്‍ക്ക് തങ്ങള്‍ ആര്‍ക്കാണ് വോട്ടുചെയ്തതെന്ന് കാണാനാകും.

Related News