Thursday
18 Jan 2018

ജയിച്ചൂ, പക്ഷേ തോറ്റു

By: Web Desk | Saturday 23 December 2017 12:26 AM IST

വി പി ഉണ്ണികൃഷ്ണന്‍

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം നരേന്ദ്രമോഡിയും ബിജെപിയും ആഘോഷിക്കുന്നുണ്ട്. വികസന രാഷ്ട്രീയത്തിന്റെ അംഗീകാരമെന്നാണ് മോഡിയുടെയും അനുയായികളുടെയും പ്രഖ്യാപനങ്ങളും പ്രസ്താവനകളും.
ആഘോഷങ്ങള്‍ക്കും ആരവങ്ങള്‍ക്കും തെല്ലും അര്‍ഥമില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലസൂചിക നല്‍കുന്ന സന്ദേശം. നിയമസഭാ പട്ടികയില്‍ നൂറ് പോലും എത്താതെ 99-ല്‍ ഒതുങ്ങി നരേന്ദ്രമോഡിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍. 22 വര്‍ഷം അധികാരത്തില്‍ തുടര്‍ന്ന ബിജെപി പാടേ തകര്‍ന്നടിഞ്ഞു. വോട്ടിങ് ശതമാനവും ഗണ്യമായി കുറഞ്ഞു. 36 റാലികളില്‍ നരേന്ദ്രമോഡി പ്രസംഗിച്ചു. പലയിടങ്ങളിലും കസേരകള്‍ ഒഴിഞ്ഞുകിടന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആള്‍ക്കൂട്ടമില്ലാത്തയിടങ്ങളില്‍ പ്രച്ഛന്നവേഷധാരിയായി മോഡി അവതരിച്ചു. പക്ഷേ ജനപിന്തുണയുണ്ടായില്ല.
ഒരു വികസനവും വളര്‍ച്ചയും ഗുജറാത്തില്‍ ഉണ്ടായില്ലെന്ന വിളംബരമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി. വാക്‌ധോരണിയല്ല വികസനം. വികസന മന്ത്രം കേവല പ്രഹസനമായിരുന്നു ആ കേവല പ്രഹസനത്തെ ഗുജറാത്തിലെ ജനത തിരിച്ചറിഞ്ഞു. വികസന കപടവാദത്തെ അവര്‍ കയ്യോടെ തള്ളിക്കളഞ്ഞു. നരേന്ദ്രമോഡിയുടെ ബിജെപിക്കുണ്ടായ പ്രഹരം ഈ തിരിച്ചറിവിന്റെ ഭാഗം കൂടിയായിരുന്നു.
2002-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി രണ്ട് മാസത്തിനുള്ളില്‍ വംശഹത്യാ പരീക്ഷണം നടത്തിയ വ്യക്തിയാണ് നരേന്ദ്രമോഡി. ഒരു മതത്തില്‍ പിറന്നുപോയതിന്റെ പേരില്‍ 2000-ലേറെ മനുഷ്യരെ കൊല ചെയ്തു. ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞിനെ പോലും കഷ്ണങ്ങളായി അരിഞ്ഞ് അഗ്നിയിലേയ്ക്ക് വലിച്ചെറിഞ്ഞു. പതിനായിരങ്ങള്‍ പ്രാണഭയത്താല്‍ സര്‍വസ്വവും ഉപേക്ഷിച്ച് പലായനം ചെയ്തു. ഈ വംശഹത്യാപരീക്ഷണവും വേട്ടയാടലും നടപ്പാക്കുന്ന നരേന്ദ്രമോഡി അന്ന് പ്രഖ്യാപിച്ചത്.; ഗുജറാത്ത് ഒരു പരീക്ഷണശാല മാത്രം. ഇന്ത്യയില്‍ എവിടെയും ഇത് ആവര്‍ത്തിക്കപ്പെടും എന്നാണ്. വിജയ് നായകനായി അഭിനയിച്ച മെര്‍സലിന്റെയും പത്മാവതി എന്ന ഹിന്ദി ചലച്ചിത്രത്തിന്റെയും പേരില്‍ സംഘകുടുംബം ഉയര്‍ത്തുന്ന വാദഗതികള്‍ ഫാസിസ്റ്റ് പ്രവണതയുടെ ദൃഷ്ടാന്തങ്ങളാണ്.
ഗുജറാത്തില്‍ മഹാകവി കബീറിന്റെയും രാഷ്ട്രപിതാവ് ഗാന്ധിജിയുടെയും മണ്ണില്‍ ജനത നല്‍കിയ തിരിച്ചടി വര്‍ഗീയ ഫാസിസത്തിനെതിരായ പ്രതികരണമാണ്. അത് തിരിച്ചറിയാന്‍ മോഡിമാര്‍ക്കാവട്ടെ. ജയിച്ചു, എങ്കിലും തെരഞ്ഞെടുപ്പ് ഫലം തോല്‍വിയുടെ ഫലകം ഉയര്‍ത്തിപ്പിടിക്കുന്നു.