Saturday
16 Dec 2017

ഗുജറാത്തില്‍ പ്രചാരണ കൊടുങ്കാറ്റ്, ആദ്യഘട്ടത്തിനു നാളെ കലാശക്കൊട്ട്

By: Web Desk | Wednesday 6 December 2017 8:59 PM IST

ഗാന്ധിനഗര്‍: ഓഖി ചുഴലിക്കാറ്റ് ദുര്‍ബലമായ സ്ഥാനത്തേക്ക് വീശിയടിച്ച് തെരഞ്ഞെടുപ്പ് കാറ്റ് അന്തിമഘട്ടത്തിലേക്ക്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ നാളെ പരസ്യപ്രചാരണം സമാപിക്കും. ഒരുദിനം നിശബ്ദ പ്രചാരണത്തിന് ശേഷം ശനിയാഴ്ച പോളിങ് ബൂത്തിലേക്ക് നീങ്ങും.
2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനലെന്ന വിശേഷണമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ളത്. ലോക്‌നീതി-സിഎസ്ഡിഎസ്-എബിപി ന്യൂസ് നടത്തിയ അഭിപ്രായ സര്‍വെ ഫലങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് ഭരണം പിടിക്കാമെന്ന പ്രതീക്ഷയിലാണ്. കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും നടത്തുക എന്നാണ് ഏറ്റവും പുതിയ അഭിപ്രായ സര്‍വെകള്‍ വ്യക്തമാക്കുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും ഭാവി നിര്‍ണയിക്കുന്നതുകൂടിയായിരിക്കും തെരഞ്ഞെടുപ്പ്.
ദേശീയ നേതാക്കളെല്ലാം ഗുജറാത്തില്‍ താവളമടിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് മൂന്ന് റാലികളില്‍ പങ്കെടുത്തു. ധാന്‍ധുക, ദഹോദ്, നേത്രംഗ് എന്നിവടങ്ങളിലായിരുന്നു മോഡിയുടെ പ്രചാരണം. അരുണ്‍ ജെയ്റ്റ്‌ലിയടക്കം മുതിര്‍ന്ന നേതാക്കളെല്ലാം പ്രചാരണരംഗത്തുണ്ട്. കോണ്‍ഗ്രസിനായി രാഹുല്‍ ഗാന്ധിയുടെ പ്രചാരണം തുടരുകയാണ്. ബിഎസ്പി നേതാവ് മായാവതി, എസ്പി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവരും സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുപിടിക്കാനെത്തിയിരുന്നു.
ജാതി രാഷ്ട്രീയത്തിലധിഷ്ഠിതമാണ് ഇത്തവണയും തെരഞ്ഞെടുപ്പെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കോണ്‍ഗ്രസും ബിജെപിയും ഒരേ തന്ത്രമാണ് പയറ്റുന്നത്. ഗുജറാത്ത് മോഡല്‍ എന്ന പേരിലുള്ള വികസനം ബിജെപി ഇത്തവണ പ്രചാരണത്തില്‍ അധികം ഉപയോഗിച്ചിട്ടില്ല. ഹിന്ദുത്വം, കശ്മീര്‍, അയോധ്യ തുടങ്ങിയ പാര്‍ട്ടിയുടെ അടിസ്ഥാന വിഷയങ്ങള്‍ തന്നെയാണ് ഇത്തവണയും ബിജെപിയുടെ പ്രധാന ആയുധങ്ങള്‍. എന്നാല്‍ ഗ്രാമീണ മേഖലകളില്‍ വികസനവും വിലക്കയറ്റവും നോട്ട് നിരോധനവുമാണ് ചര്‍ച്ചയായത്. രാജ്‌കോട്ട്, സൂററ്റ് ഉള്‍പ്പെടെയുള്ള വ്യവസായ നഗരങ്ങളില്‍ ജിഎസ്ടി കാരണമുള്ള നഷ്ടം ബിജെപിക്ക് തിരിച്ചടിയായി.

 

Related News