Monday
22 Oct 2018

ഗുജറാത്ത് ഒന്നാംഘട്ടം വോട്ടെടുപ്പ് നാളെ

By: Web Desk | Thursday 7 December 2017 10:55 PM IST

അഹമ്മദാബാദ്: രണ്ടു ദശകത്തിനിടെ ഗുജറാത്ത് സംസ്ഥാനം കണ്ട ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊടിയിറങ്ങി.് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒന്നാം ഘട്ട പ്രചാരണം അവസാനിച്ചു. വോട്ടെടുപ്പ് നാളെ നടക്കും.
ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം ആധിപത്യം പുലര്‍ത്തിയിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. വിഭാഗീയത വളര്‍ത്തി ഹിന്ദു വോട്ടുകള്‍ ഒന്നിച്ചുനിര്‍ത്തുക എന്നതായിരുന്നു ഇത്തവണയും ബിജെപിയുടെ ലക്ഷ്യം. ഗുജറാത്ത് മോഡല്‍ വികസനം ഇത്തവണ ലക്ഷ്യം കാണില്ലെന്ന തിരിച്ചറിവാണ് ബിജെപിയെ വര്‍ഗീയതയെന്ന അടിസ്ഥാന പ്രചാരണായുധത്തിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരാക്കിയത്.
രോഹിംഗ്യന്‍ വിഷയം, രാഹുല്‍ ഗാന്ധിക്കെതിരായ മോഡിയുടെ ഔറംഗസേബ് പ്രയോഗം, രാഹുലിന്റെ മതം, ക്ഷേത്രദര്‍ശനം എന്നിവ വിവാദമാക്കല്‍, മുഖ്യമന്ത്രി വിജയ് രൂപാനിയുടെ ലത്തീഫ് രാജ് പ്രയോഗം എന്നിവയെല്ലാം രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രദര്‍ശനം അടക്കമുള്ളവയിലൂടെ മൃദുഹിന്ദുത്വം പയറ്റിയാണ് കോണ്‍ഗ്രസ് ഇതിനെ മറികടക്കാന്‍ ശ്രമിക്കുന്നത്. 2002 ലെ ഗുജറാത്ത് കലാപം കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കല്‍പോലും പ്രചാരണത്തില്‍ പരാമര്‍ശിച്ചിട്ടുമില്ല. 22 വര്‍ഷത്തെ ബിജെപി ഭരണത്തിന് അറുതിവരുത്താമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് ഇത്തവണ കോണ്‍ഗ്രസ്.
സമുദായ നേതാക്കളായ ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കോര്‍, ജിഗ്നേഷ് മേവാനി തുടങ്ങിയവരെ ഒപ്പം നിര്‍ത്താനായതിലൂടെയാണ് ജാതിരാഷ്ട്രീയം പ്രധാനപങ്ക് വഹിക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് കളംപിടിക്കാനാത്. ആദിവാസി നേതാവായ ഛോട്ടുഭായി വാസവയും കോണ്‍ഗ്രസിനോട് അടുപ്പം കാണിക്കുന്നുണ്ട്.
ആകെ 182 അംഗങ്ങളുള്ള ഗുജറാത്ത് നിയമസഭയിലെ 89 സീറ്റിലേയ്ക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് ഉള്‍പ്പെടുന്ന മേഖലകളാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. ആദ്യ ഘട്ടത്തില്‍ 977 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയും ആദ്യ ഘട്ട സ്ഥാനാര്‍ഥികളില്‍ ഉള്‍പെടുന്നു. സൗരാഷ്ട്ര, കച്ച് പ്രദേശങ്ങളിലെ 58 സീറ്റില്‍ 2012 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 35 സീറ്റും കോണ്‍ഗ്രസ്സിന് 20 സീറ്റും ലഭിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമാണ് ഇരുപാര്‍ട്ടികളുടെയും പ്രചാരണം നയിച്ചത്. നരേന്ദ്രമോഡി സംസ്ഥാനത്ത് 14 റാലികളെ അഭിസംബോധന ചെയ്തു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സംസ്ഥാനത്ത് ദിവസങ്ങളോളം ചെലവിട്ട് പ്രചാരണത്തിന് നേതൃത്വം നല്‍കി.
അതേസമയം ബിജെപി ഭരണം നിലനിര്‍ത്തുമെന്ന പ്രവചിച്ച് ടൈസ് നൗ-വിഎംആര്‍ സര്‍വ്വേ ഫലം പുറത്തുവിട്ടു. ബിജെപി 111 സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നാണ് സര്‍വ്വേ പറയുന്നത്. നവംബര്‍ 23നും 30നും ഇടയില്‍ 684 ബൂത്തുകളില്‍ 6000പേരെ അഭിമുഖം നടത്തിയാണ് പ്രവചനം തയ്യാറാക്കിയത്.
കോണ്‍ഗ്രസിന് കഴിഞ്ഞ തവണത്തെക്കാള്‍ ഏഴ് സീറ്റുകള്‍ കൂടുതല്‍ ലഭിക്കും. കോണ്‍ഗ്രസിന് 68 സീറ്റുകള്‍ കിട്ടുമെന്നുമാണ് പ്രവചനം. ഇന്ത്യാ ടിവി-വിഎംആര്‍ സര്‍വേയും ബിജെപിക്ക് വിജയം പ്രവചിക്കുന്നു. ബിജെപിക്ക് 106-116 സീറ്റുകളും കോണ്‍ഗ്രസിന് 63-73 സീറ്റുകളുമാണ് ഇവര്‍ കണക്കാക്കുന്നത്.
പുതിയ രണ്ട് സര്‍വേകളും സംസ്ഥാനത്തില്‍ കോണ്‍ഗ്രസിന് മുന്നേറ്റം ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കില്ലെന്ന് പ്രവചിക്കുന്നു.
കഴിഞ്ഞദിവസം പുറത്തുവന്ന ലോക്‌നീതി-സിഎസ്ഡിഎസ്-എബിപി ന്യൂസ് സര്‍വേ ഒപ്പത്തിനൊപ്പം പോരാട്ടമാണ് പ്രവചിച്ചിരുന്നത്. ഓഗസ്റ്റില്‍ നടത്തിയ സര്‍വ്വേ പ്രകാരം 59 ശതമാനം വോട്ടുകള്‍ ബിജെപി നേടുമെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍ പുതിയ സര്‍വേയില്‍ 43 ആയി കുറയുകയായിരുന്നു.
രണ്ടു ഘട്ടങ്ങളിലായി ഡിസംബര്‍ 9, 14 തിയതികളിലാണ് തെരഞ്ഞെടുപ്പു നടക്കുക. ഡിസംബര്‍ 18 നാണ് വോട്ടെണ്ണല്‍.

Related News