Monday
23 Jul 2018

പുതുവര്‍ഷത്തിലും ഗള്‍ഫില്‍ ശമ്പളവര്‍ധനവില്ല

By: Web Desk | Friday 29 December 2017 10:14 PM IST

കെ രംഗനാഥ്

ദുബായ്: വാറ്റ് അടക്കമുള്ള നികുതിപ്പെരുമഴയ്ക്കും ആനുകൂല്യങ്ങള്‍ റദ്ദാക്കുന്നതിനുമിടയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്തവര്‍ഷം ശമ്പളവര്‍ധനവുണ്ടാകില്ലെന്ന് സൂചന.
ജീവിതച്ചെലവുകളില്‍ പുതുവത്സരത്തില്‍ 15 ശതമാനത്തോളം വര്‍ധനവുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്ക്. എന്നാല്‍ അതിനനുസരിച്ച് എല്ലാ മേഖലകളിലും സന്തുലിതമായ വേതനവര്‍ധനവ് ഉണ്ടാകാതെവരുമ്പോള്‍ പതിനായിരക്കണക്കിന് പ്രവാസികള്‍ കുടുംബങ്ങളെ നാട്ടിലേയ്ക്ക് അയക്കാന്‍ നിര്‍ബന്ധിതരാവും. ഇതിന് മുന്നോടിയായി കുട്ടികളുടെ പഠനം നാട്ടിലാക്കാന്‍ ടി സി വാങ്ങുന്ന തിരക്കിലാണ് പ്രവാസി രക്ഷകര്‍ത്താക്കള്‍. രണ്ട് വര്‍ഷം മുമ്പ് എണ്ണവില കുത്തനെ ഇടിഞ്ഞപ്പോള്‍ ജീവിതച്ചെലവുമായി പൊരുത്തപ്പെടാനാവാതെ യുഎഇയില്‍ നിന്നുമാത്രം 5 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ഇവരില്‍ 35,000 പേര്‍ തൊഴില്‍ നഷ്ടപ്പെട്ടവരായിരുന്നുവെന്നായിരുന്നു ഇന്ത്യന്‍ എംബസിയുടെ കണക്ക്.
പ്രവാസികളില്‍ 60 ശതമാനത്തിലേറെ വരുന്ന നിര്‍മാണതൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, കുടുംബ ഡ്രൈവര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, കൃഷിപ്പണിക്കാര്‍, ഒട്ടകങ്ങളെയും ആടുമാടുകളെയും മേയ്ക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പിരിച്ചുവിടല്‍ കാര്യമായുണ്ടായിട്ടില്ല. എന്നാല്‍ ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ്, ഔഷധിനിര്‍മാണശാലകള്‍, ഗതാഗതം തുടങ്ങിയ മേഖലകളില്‍ കഴിഞ്ഞവര്‍ഷം 3.6 ശതമാനം നാമമാത്രമായ വേതനവര്‍ധവുണ്ടായത് സാധാരണ പ്രവാസികള്‍ക്ക് ആശ്വാസകരവുമായിരുന്നില്ല.
വേതനവര്‍ധനവുണ്ടാകാത്തതിനാല്‍ സാധാരണ തൊഴിലാളികള്‍ക്ക് പുറമെ വാറ്റ് ഉള്‍പ്പെടെയുള്ള നികുതിവിദഗ്ധര്‍, ബാങ്കിങ്, ഇന്ധനമേഖലകള്‍, റിയല്‍ എസ്റ്റേറ്റ് രംഗം, വന്‍കിട ബിസിനസ് സ്ഥാപനങ്ങള്‍, ചില്ലറവ്യാപാരമേഖല എന്നിവിടങ്ങളില്‍ കൂടുതല്‍ പ്രവാസികള്‍ക്ക് തൊഴില്‍ സാധ്യത വര്‍ധിക്കുമെന്നാണ് ആഗോള വേതനകാര്യവിദഗ്ധനായ റോബര്‍ട്ട് മോസ്‌ലിയുടെ പ്രവചനം. എന്നാല്‍ അത്യാധുനിക സാങ്കേതികവിദ്യ ഈ രംഗങ്ങളില്‍ കൂടുതലായി കൊണ്ടുവരുന്നതോടെ വിദഗ്ധ തൊഴിലാളികളുടെ എണ്ണത്തില്‍ കുറവുവരുത്താമെന്നാണ് പല മേഖലകളിലേയും വിദഗ്ധരുടെ വിലയിരുത്തല്‍. അങ്ങനെവരുമ്പോള്‍ ആകര്‍ഷകമായ വേതനത്തോടും സേവനവ്യവസ്ഥകളോടെയും കൂടുതല്‍ പ്രൊഫഷണലുകളെ നിയമിക്കാനാവും. ഇവര്‍ക്കും മറ്റുചില വിഭാഗങ്ങള്‍ക്കും അടുത്തവര്‍ഷം വേതനത്തില്‍ 3.6 ശതമാനം വര്‍ധനവും വരുത്താനാവുമെന്നാണ് മൈക്കല്‍ പേജ് മിഡില്‍ ഈസ്റ്റിന്റെ മേധാവി ലെയ്ത്ത് റാംസേയുടെ വിലയിരുത്തല്‍. വിദഗ്ധരെല്ലാം തങ്ങളുടെ നിഗമനങ്ങള്‍ക്ക് പരിമിതി കല്‍പ്പിക്കുന്നുവെങ്കിലും നവവത്സരത്തില്‍ പെയ്തിറങ്ങാന്‍ പോകുന്ന ഗള്‍ഫിലെ ദുരിതപ്പെരുമഴയില്‍ പ്രവാസികള്‍ മുങ്ങാന്‍ പോകുന്നതിനെക്കുറിച്ചുമാത്രം വാചാലമായ മൗനമാണ് പാലിക്കുന്നതെന്നതും കൗതുകകരം.