Wednesday
21 Nov 2018

ഭാര്യ അടക്കം അഞ്ച് പേരെ വെടിവച്ചു കൊന്നശേഷം അക്രമി സ്വയം നിറയൊഴിച്ച്‌ മരിച്ചു

By: Web Desk | Thursday 13 September 2018 1:05 PM IST

കാലിഫോര്‍ണിയ:  അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ അഞ്ച് പേരെ വെടിവച്ചു കൊന്നശേഷം അക്രമി സ്വയം നിറയൊഴിച്ച്‌ മരിച്ചു. തന്റെ ഭാര്യ അടക്കമുള്ള അഞ്ചുപേരെയാണ് അക്രമി വകവരുത്തിയത്. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല.

കാലിഫോര്‍ണിയയിലെ ബക്കേര്‍സ് ഫീല്‍ഡിലെ ട്രക്ക്ഷിപ്പ് കമ്പനിയില്‍ ബുധനാഴ്ച വൈകിട്ടാണ്  സംഭവമെന്ന് കെര്‍നാ കൗണ്ടി ഷെരിഫ് ഡോണി യങ്ങ്ബ്ലഡ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആദ്യം  അവിടെ ഉണ്ടായിരുന്ന ഒരാളുടെ നേരെ നിറയൊഴിച്ച  അക്രമി പിന്നീട് ഭാര്യയ്ക്ക് നേരെ നിറയൊഴിച്ചു. അവിടേക്കു ഓടിയെത്തിയ ഒരാളെയും വകവരുത്തി. അതിനുശേഷം അടുത്ത ഒരു  വീട്ടിലെത്തിയ അക്രമി അവിടെ ഉണ്ടായിരുന്ന രണ്ടുപേരെയും വെടിവെച്ചുകൊന്നുവെന്ന് പോലീസ് പറഞ്ഞു.ഒരു കാർ  തട്ടിയെടുക്കാൻ ശ്രമിച്ചു ,അതിലുണ്ടായിരുന്ന അമ്മയും കുഞ്ഞും ഭാഗ്യത്തിന് രക്ഷപ്പെട്ടു. ഉദ്യോഗസ്ഥർ വളഞ്ഞതോടെ സ്വയം നിറയൊഴിക്കുകയായിരുന്നു.

സംഭവത്തെ കുറിച്ച്‌ പോലീസ് അന്വേഷണം നടത്തി വരികയാണ്. അക്രമിക്ക് ഭീകരബന്ധം ഇല്ലെന്നാണ് പോലീസ് നല്‍കുന്ന സൂചന. ഇയാള്‍ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെടുത്തു. എന്നാല്‍ ഇയാളെ കൊലയ്ക്ക് പ്രേരിപ്പിച്ചത് എന്താണെന്ന കാര്യം വ്യക്തമല്ല.