Wednesday
23 Jan 2019

റാം റഹീമിന്റെ വസ്ത്രങ്ങളും ഷൂസും മോഷണം പോയി

By: Web Desk | Monday 2 October 2017 11:04 AM IST

ചണ്ഡീഗഡ്: ഗുർമീത് റാം റഹീമിന്റെ വസ്ത്രങ്ങളും ഷൂസും മോഷ്ടിക്കപ്പെട്ടു. റാം റഹീമിന്റെ ദോബോഡ ഗ്രാമത്തിലുള്ള ദേര സച്ച സൗധയുടെ നാമചർച്ച ഘറിലാണ് മോഷണം നടന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ആശ്രമത്തിൽ തമ്പടിച്ചാണ് സംഘം മോഷണം നടത്തിയത്. റാം റഹിം മാനഭംഗ കേസിൽ ആഗസ്ത് 25 നു ജയിലിലായതിനു ശേഷം ഇയാളുടെ അനുയായികൾ ആശ്രമം ഉപേക്ഷിച്ചു പോയിരുന്നു.

ആശ്രമത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ ഗുർമീതിന്റെ അറസ്റ്റിനെ തുടർന്ന് അവിടത്തെ ജോലി വിട്ടുവെങ്കിലും എന്നും വൈകുന്നേരങ്ങളിൽ ആശ്രമ പരിസരത്തു വരാറുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ ആശ്രമത്തിലെത്തിയ സെക്യൂരിറ്റി ജീവനക്കാരൻ ജനാലകളുടെ ചില്ലുകൾ  തകർന്നതായി കണ്ടെത്തി. തുടർ  പരിശോധനയിൽ ആശ്രമത്തിലെ പല വസ്തുക്കളും നഷ്ടപ്പെട്ടതായി മനസിലാക്കി.

ഗുർമീതിന്റെ വസ്ത്രവും ഷൂസും കൂടാതെ ഒരു ഇൻവെർട്ടർ, രണ്ടു ബാറ്ററികൾ, ഒരു കമ്പ്യൂട്ടർ മോണിറ്റർ, നാല് സി സി ടി വി ക്യാമറകൾ, ആംപ്ലിഫൈർ തുടങ്ങിയവയാണ് മോഷണം പോയ മറ്റു വസ്തുക്കൾ. തന്റെ അനുയായികൾക്ക് ഗുർമീതിനെ പ്രതീകാത്മകമായി പ്രാർഥിക്കാൻ വേണ്ടി സൂക്ഷിച്ചിരുന്നതായിരുന്നു വസ്ത്രങ്ങളും ഷൂസും.

റോത്തക് മേഖലയിലുള്ള എല്ലാ ആശ്രമങ്ങളും പൊലീസ് സീൽ വച്ചിരുന്നതായി റോത്തക് റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ നവദീപ് അറിയിച്ചു. എന്നാൽ ഇപ്പോൾ മോഷണം നടന്ന ആശ്രമം മാത്രം പൊലീസ് സീൽ ചെയ്തിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളോ കൂടിച്ചേരലുകളോ ദേരയിൽ ഇനി പാടില്ല എന്ന നിർദേശം എല്ലാ അനുയായികൾക്കും പൊലീസ് നൽകിയിരുന്നു.