Tuesday
19 Sep 2017

മനസുവച്ചാല്‍ മുട്ടോളം മുടി

By: Web Desk | Monday 14 August 2017 1:17 PM IST

കേരളത്തിന്റെ സ്ത്രീ സൗന്ദര്യപരിഗണനയില്‍ മുന്നിട്ട് നില്‍ക്കുന്നതാണ് നീണ്ടു വളര്‍ന്ന് മുട്ടോളം കിടക്കുന്ന മുടി, . അമ്മമാരുണ്ടാക്കുന്ന കാച്ചിയ വെളിച്ചെണ്ണ മുടിയ്ക്ക് ആരോഗ്യം മാത്രമല്ല, തലയ്ക്ക് ഉണര്‍വ്വ് നല്‍കുന്നതിലും മികച്ചതാണ്. കാച്ചിയ എണ്ണ പലവിധത്തിലുണ്ട്. മാസങ്ങളോളമെടുത്ത് ഊറി വരുന്ന എണ്ണകളും മണിക്കൂറുകള്‍ക്കുള്ളില്‍ തയ്യാറാക്കാനാകുന്ന എണ്ണകളുമുണ്ട്.

പണ്ടുകാലത്ത് അമ്മമാർക്ക് ജോലിക്ക് പോകേണ്ട ആവശ്യമില്ലാത്തതുകൊണ്ട് അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും എണ്ണകാച്ചാമായിരുന്നു. ജോലിയും തിരക്കുമുള്ളവര്‍ക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ചെറിയ ഒരു കൂട്ട് ഇതാ.

 

ആവശ്യമുള്ള സാധനങ്ങള്‍

ചെറിയ ഉള്ളി അഞ്ച്

കയ്യോന്നി അഥവാ കൈതോന്നി മൂന്ന് ചെടി വേരോടെ

മൈലാഞ്ചി ഒരു പിടി

ചെമ്പരത്തിമൊട്ട് അഞ്ച്

കറിവേപ്പില ഒരു പിടി

ഇതില്‍ ഓരോന്നിനും അതിന്റേതായ പ്രാധാന്യമുണ്ട്. കറിവേപ്പില മുടിയ്ക്ക് നല്ല കറുപ്പ് നിറം നല്‍കുന്നു. ചെമ്പരത്തിമൊട്ട് കണ്ടീഷണറാണ്. തലയ്ക്ക് നല്ല തണുപ്പ് നല്‍കുന്ന ചെറിയ ഉള്ളി, മുടി വളരുന്നതിനുള്ള നല്ല പോഷകമാണ്. മൈലാഞ്ചിയില, മുടി പൊഴിയാതിരിക്കാനും മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്. ഇതില്‍ ഏറ്റവും പ്രധാനം വേണ്ട ചേരുവയാണ് കൈയോന്നി. മുടിയ്ക്ക് നീളവും ആരോഗ്യവും വെക്കുന്നതിന് കൈയ്യോന്നിയോളം സഹായിക്കുന്ന മറ്റൊരു ഔഷധസസ്യവുമില്ല.

നിശ്ചിത അളവിലെടുത്തിരിക്കുന്ന ഈ ചേരുവകള്‍ നന്നായി അരച്ച് വെളിച്ചെണ്ണയില്‍ മൂപ്പിക്കുക. ഈ പേസ്റ്റ് പൊടിയുന്ന പരുവത്തിലായിരിക്കണം മൂപ്പിക്കേണ്ടത്. ഊറ്റിയെടുത്ത് തണുപ്പിച്ച് ഉപയോഗിക്കാം. എണ്ണ ഊറ്റിയെടുത്ത് ബാക്കി വരുന്ന മട്ട് കളയണ്ട. അതും തലയില്‍ തേച്ച് പിടിപ്പിക്കാം.

താരന്‍ മാറുകയും ഒരു മാസത്തിനുള്ളില്‍ മുടി പനങ്കുലപോലെ വളരുകയും ചെയ്യും.
അസഹനീമായ മുടി കൊഴിച്ചില്‍ ഉള്ളവര്‍ക്ക് കൈയ്യോന്നിയ്ക്ക് പകരം കറ്റാര്‍വാഴ ഉപയോഗിച്ച് ഈ എണ്ണ തയ്യാറാക്കാം. ബാക്കിയെല്ലാ ഔഷധ കൂട്ടും, നിര്‍മ്മാണ രീതിയും ഒരുപോലെ തന്നെയാണ് .