Sunday
24 Sep 2017

വിധിയെ തോല്‍പ്പിച്ച് നേട്ടങ്ങള്‍ സ്വന്തമാക്കി നിഷാന്ത്

By: സുനില്‍ കെ കുമാരന്‍ | Monday 11 September 2017 9:45 AM IST

നെടുങ്കണ്ടം: നിശ്ചയ ദാര്‍ഢ്യം കൊണ്ട് വിധിയെയും കീഴടക്കി മുന്നേറുകയാണ് തൂക്കുപാലം സ്വദേശി നിഷാന്ത്. 2014 ല്‍ ജോലിക്കിടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് തൂക്കുപാലം പുത്തരികണ്ടം സ്വദേശി നിഷാന്തിന്റെ അരയ്ക്ക് കീഴ്‌പ്പോട്ട് തളര്‍ന്നുപോയിരുന്നു.എന്നാല്‍ വിധിയെ പഴിക്കാതെ മുന്നേറിയ ഈ ചെറുപ്പക്കാരന്‍ ചിത്രകാരനെന്ന നിലയില്‍ പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു.പെന്‍സില്‍ ഡ്രോയിംഗിലൂടെ ജീവന്‍ തുടിക്കുന്ന 350 ഓളം ചിത്രങ്ങളാണ് ഈ മുപ്പതുകാരന്‍ ഇതുവരെ വരച്ചിട്ടുള്ളത്.
സ്വന്തം നാടിന്റെ എംഎല്‍എയും മന്ത്രിയുമായ എം എം മണി, സിനിമാ താരങ്ങളായ മോഹന്‍ലാല്‍, മമ്മുട്ടി, മഞ്ജുവാര്യര്‍, ജഗതീ ശ്രീകുമാര്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, പ്രേക്ഷക ശ്രദ്ധനേടിയ ബാഹുബലിയെന്ന സിനിമയിലെ കഥാപാത്രമായ റാണി ദേവസേന എന്നിങ്ങനെ അനന്തമായി നീളുന്നതാണ് ഈ ചെറുപ്പക്കാരന്റെ ചിത്രശേഖരം. ചെറുപ്പം മുതലേ ചിത്രകലയില്‍ വളരെ താല്‍പര്യമുണ്ടായിരുന്നെങ്കിലും വീട്ടിലെ സാമ്പത്തിക പരാധീനതമൂലം തന്റെ ചിത്രകലയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ നിഷാന്തിന് സാധിച്ചിരുന്നില്ല. കുടുംബത്തെ മുന്നോട്ട് നയിക്കുവാനായി സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം പലയിടങ്ങളിലായി പെയിന്റിംഗ് ജോലിയ്ക്കായി പോകേണ്ടിയും വന്നു.പെയിന്റിംഗ് തൊഴിലാളിയായിരുന്ന നിഷാന്ത് മൂന്നര വര്‍ഷം മുമ്പ് ജോലിക്കിടെ കുമളിയില്‍ വെച്ച് നാലു നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണതിനെ തുടര്‍ന്നാണ് കിടപ്പിലാകുന്നത്. വീഴ്ച്ചയില്‍ നട്ടെല്ലിന് ക്ഷതം ഏല്‍ക്കുകയും അരയ്ക്ക് കീഴ്‌പോട്ട് തളര്‍ന്ന് പോകുകയുമായിരുന്നു.
അപകടം നടന്നതോടെ നിര്‍ധന കുടുംബത്തിന്റെ വരുമാന മാര്‍ഗം കൂടിയാണ് ഇല്ലാതായത്. കൂലിപ്പണിക്കാരനായ പിതാവ് അച്ചന്‍കുഞ്ഞിന്റെ വരുമാനത്തിലാണ് ഇപ്പോള്‍ ഈ കുടുംബത്തിന്റെ നിത്യ ചെലവുകളും നിഷാന്തിന്റെ ചികിത്സയും മുന്നോട്ട് കൊണ്ടുപോകുന്നത്. ഇന്ദിരയാണ് നിഷാന്തിന്റെ അമ്മ.ചികിത്സക്കായി ഇതുവരെ പത്ത് ലക്ഷത്തിലധികം രൂപ ഈ നിര്‍ധന കുടുംബം ചിലവാക്കി കഴിഞ്ഞു.വര്‍ഷങ്ങളായി തുടരുന്ന ചികിത്സയെ തുടര്‍ന്ന് വാക്കറിന്റെ സഹായത്തോടെ ചെറിയ രീതിയില്‍ നടക്കാവുന്ന അവസ്ഥയിലേക്ക് നിഷാന്ത് എത്തിയെങ്കിലും തുടര്‍ ചികിത്സക്കും മരുന്നിനുമായി ഇനിയും വലിയ തുകയാണ് കണ്ടെത്തേണ്ടത്. നിസാരമെങ്കിലും ഇപ്പോഴും തന്റെ ചിത്രങ്ങള്‍ വിറ്റു കിട്ടുന്ന തുകയിലൂടെ തന്നാലാവുന്നവിധം നിഷാന്ത് കുടുംബത്തെ സഹായിക്കുന്നുണ്ട്.